Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightസാഹിത്യ അക്കാദമി...

സാഹിത്യ അക്കാദമി പുസ്തകങ്ങളിൽ `രണ്ടാം പിണറായി' സർക്കാറി​െൻറ പരസ്യം നൽകിയത് വിവാദത്തിൽ

text_fields
bookmark_border
Kerala Sahitya Akademi books
cancel

കേരള സാഹിത്യ അക്കാദമി പുസ്തകങ്ങളിൽ `രണ്ടാം പിണറായി' സർക്കാറിന്റെ പരസ്യം നൽകിയത് വിവാദത്തിൽ. `കൈകൾ കോർത്ത് കരുത്തോടെ രണ്ടാം പിണറായി സർക്കാർ വാർഷികം' എന്നാണ് അക്കാദമി പുതുതായി ഇറക്കിയ 30 പുസ്‍തകങ്ങളു​ടെ കവറിലുള്ള പരസ്യവാചകം. ഈ നീക്കത്തിനെതിരെ എഴുത്തുകാരിൽ നിന്നും വ്യാപക വിമർശനമാണുയരുന്നത്. ഇടതുപക്ഷ എഴുത്തുകാർ എന്നറിയപ്പെടുന്നവരുൾപ്പെടെ പ്രതിഷേധിക്കുന്നുണ്ട്. ഇത്തരം കേന്ദ്രസർക്കാറിന് കേരള മാതൃക കാണിച്ചുകൊടുക്കലായി തീരുമെന്നാണ് പൊതുവായി ഉയരുന്ന ആക്ഷേപം. ഇതിനിടെ, എംബ്ലം ചേര്‍ത്തതിന്റെ സമ്പൂര്‍ണ ഉത്തരവാദിത്തം സെക്രട്ടറിയെന്ന നിലയില്‍ എനിക്കാണെന്ന് പറഞ്ഞുകൊണ്ട് പ്രഫ. സി.പി. അബൂബക്കർ രംഗത്തെത്തി. ഏതെങ്കിലും ഗ്രന്ഥകര്‍ത്താവിനെയോ കവിയെയോ അവഹേളിക്കാനുള്ള ശ്രമമല്ല ഉണ്ടായത്. അവരാരും അങ്ങനെ സൂചിപ്പിച്ചിട്ടില്ല. ഇക്കാര്യത്തിൽ അവർക്ക് എന്തെങ്കിലും പ്രയാസം നേരിട്ടുവെങ്കിൽ അവരോട് ഞാൻ ഖേദം അറിയിക്കുന്നു. പ്രത്യേകപദ്ധതിയില്‍ അവരുടെ ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്തതെന്ന് ഫേസ് ബുക്ക് കുറിപ്പിൽ സി.പി. അബൂബക്കർ പറയുന്നു.

കുറിപ്പിന്റെ പൂർണരൂപം: പുസ്തകങ്ങളില്‍ എംബ്ലം ചേര്‍ത്തതുസംബന്ധിച്ച്.

ഇടതുപക്ഷജനാധിപത്യമുന്നണിയുടെ രണ്ടാമത്തെ സര്‍ക്കാറിന്റെ രണ്ടുവര്‍ഷം പൂര്‍ത്തിയാവുന്നതിന്റെ ഭാഗമായുള്ള നൂറുദിനകർമ്മപരിപാടിയിൽ വിവിധസാംസ്‌കാരികസ്ഥാപനങ്ങള്‍ ഓരോരോ പ്രവര്‍ത്തനപരിപാടികള്‍ ഏറ്റെടുത്തു. കുറെ സെമിനാറുകളും 500 പുസ്തകത്തിന്റെ ഡിജിറ്റൈസേഷനും 30 പുസ്തകങ്ങളുടെ പ്രസാധനവുമാണ് കേരള സാഹിത്യ അക്കാദമി ഏറ്റെടുത്തത്. ഈ പരിപാടികള്‍ മിക്കവയും പൂര്‍ണ്ണമായി നടപ്പാക്കാന്‍ അക്കാദമിക്ക് സാധിച്ചു.

പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ അവയില്‍ പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തെ സംബന്ധിച്ച എംബ്ലം കവറിൽ ഒരുവശത്ത് ചേര്‍ക്കുകയുണ്ടായി. പ്രത്യേകമായ ഒരു പരിപാടിയുടെ ഭാഗമായി പ്രസിദ്ധീകരിച്ചപുസ്തകങ്ങളെന്ന് വേറിട്ടുകാണിക്കണമെന്ന ലക്ഷ്യത്തിലാണ് എംബ്ലം വെച്ചത്. അന്നു തയ്യാറായിക്കൊണ്ടിരുന്ന മുപ്പതുപുസ്തകങ്ങള്‍ ഈ പട്ടികയിലുള്‍പ്പെടുത്തുകയാണ് ചെയ്തത്. അവയുടെ വളരെ കുറച്ച് കോപ്പികൾ മാത്രമാണ് പ്രിന്റ് ചെയ്തിരുന്നത്. എംബ്ലം വെക്കണമെന്ന് ഞാനാണ് നിര്‍ദ്ദേശം നല്‍കിയത്. ഡിജിറ്റൈസേഷനും പുസ്തകങ്ങളുടെ പ്രകാശനപരിപാടിയും ബഹുമാനപ്പെട്ട തൃശ്ശൂര്‍ എം എല്‍ എ ശ്രീ പി ബാലചന്ദ്രനാണ് ഉല്‍ഘാടനം ചെയ്തത്.

എംബ്ലം വെക്കുന്നതിനെപ്പറ്റി അക്കാദമിയില്‍ ഏതെങ്കിലും തരത്തിലുള്ള ചര്‍ച്ചയോ തര്‍ക്കമോ നടന്നിരുന്നില്ല. ഒരു സാധാരണ ഭരണനടപടിയെന്നനിലയിലാണ് അതു ചെയ്തത്. ചിലസുഹൃത്തുക്കള്‍ ഒരു മഹാപാതകമെന്ന നിലയില്‍ സോഷ്യല്‍മീഡിയയില്‍ ഇതുചര്‍ച്ച ചെയ്യുന്നുണ്ട്. ചിലപ്രത്യേകസാഹചര്യങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളില്‍ ഇതുപോലുള്ള സവിശേഷ എംബ്ലങ്ങള്‍ പല പ്രസാധകരും ചേര്‍ക്കാറുണ്ട്. കേരള സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം സൂചിപ്പിക്കുന്ന എംബ്ലം ചേര്‍ക്കുന്നത് എങ്ങനെ മഹാപാതകമാവുന്നുവെന്ന് എനിക്ക് മനസ്സിലാവുന്നില്ല. രണ്ടുതവണ മുഖ്യമന്ത്രിയാവുന്ന ഒരാളുടെപേര് എങ്ങനെ അക്കാദമിക്ക് അസ്വീകാര്യമാവണമെന്നും എനിക്കറിയില്ല. എംബ്ലം ചേര്‍ത്തതിന്റെ സമ്പൂര്‍ണ്ണ ഉത്തരവാദിത്തം സെക്രട്ടറിയെന്ന നിലയില്‍ എനിക്കാണ്.

ഏതെങ്കിലും ഗ്രന്ഥകര്‍ത്താവിനെയോ കവിയെയോ അവഹേളിക്കാനുള്ള ശ്രമമല്ല ഉണ്ടായത്. അവരാരും അങ്ങനെ സൂചിപ്പിച്ചിട്ടില്ല. ഇക്കാര്യത്തിൽ അവർക്ക് എന്തെങ്കിലും പ്രയാസം നേരിട്ടുവെങ്കിൽ അവരോട് ഞാൻ ഖേദം അറിയിക്കുന്നു. പ്രത്യേകപദ്ധതിയില്‍ അവരുടെ ഗ്രന്ഥങ്ങള്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്തത്.

സെക്രട്ടറി ഫേസ് ബുക്ക് കുറിപ്പ് ​ഷെയർ ചെയ്തുകൊണ്ട് ഈ വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കുകയാണ് പ്രസിഡന്റ് കവി സച്ചിദാനന്ദൻ ചെയ്തത്. ആ കുറിപ്പിങ്ങനെ:

അക്കാദമിയുടെ 30 പുസ്തകങ്ങളിൽ സർ ക്കാർ emblem ചേർത്തതിനേക്കുറിച്ചുള്ള സെക്രട്ടറിയുടെ വിശദീകരണം താഴെ. ഇക്കാര്യം വേണമെങ്കിൽ തന്നെ പുസ്തകത്തിൻ്റെ രണ്ടാം പേജിൽ ചെറുതായി സൂചിപ്പിച്ചാൽ മതിയായിരുന്നു, അഥവാ റിലീസ് നടന്നപ്പോൾ പറയുക മാത്രം മതിയായിരുന്നു എന്നാണ് എൻ്റെ വിവേകം പറയുന്നത്. കുറച്ചു കോപ്പികളെ അച്ചടിച്ചിട്ടുള്ളൂ എന്നും ഇനിയുള്ളവയിൽ ഈ രീതി മാറ്റാൻ കഴിയും എന്നും മനസ്സിലാക്കുന്നു. സർക്കാരുകൾ വീഴാനും പുസ്തകങ്ങൾ നിൽക്കാനും ഉള്ളതായതിനാൽ ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ പുലർത്താൻ അക്കാദമിക്ക് ബാദ്ധ്യതയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Sahitya AkademiGovernment advertisement
News Summary - Government advertisement in Kerala Sahitya Akademi books in controversy
Next Story