ഹമാസ് നേതാവ് യഹ്‍യ സിൻവാറിന്റെ നോവൽ മലയാളത്തിൽ; പ്രകാശനം നാളെ
text_fieldsഫലസ്തീൻ വിമോചന പോരാട്ടത്തിന്റെ കഥ പറയുന്ന ഗസ്സയിലെ ഹമാസ് തലവൻ യഹ്‍യ സിൻവാർ രചിച്ച നോവൽ ‘അശ്ശൗകു വൽ ഖറൻഫുൽ’ ഇനി മലയാളത്തിൽ വായിക്കാം. ‘മുൾച്ചെടിയും കരയാമ്പൂവും’ എന്ന പേരിൽ എസ്.എം. സൈനുദ്ദീനാണ് നോവൽ മൊഴിമാറ്റം ചെയ്തത്.
ഫലസ്തീൻ ജനതയുടെ വേദനകളും പ്രതീക്ഷകളും നിറയുന്ന നോവലാണ് ‘അശ്ശൗകു വൽ ഖറൻഫുൽ’ (മുൾച്ചെടിയും കരയാമ്പൂവും). 1988-ൽ നീണ്ട 23 വർഷത്തോളം നാലു ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് ഇസ്രായേൽ തടവറയിൽ കഴിയവേയാണ് സിൻവാർ നോവലിന്റെ രചിച്ചത്.
ഫലസ്തീനിലെ മക്കൾ നഷ്ടപ്പെട്ടുപോയ വൃദ്ധരും, ഭർത്താവ് മരണപ്പെട്ടുപോയ സ്ത്രീകളും, അനാഥരാക്കപ്പെട്ട കുഞ്ഞുങ്ങളും, വീടും കൃഷിസ്ഥലവും നഷ്ടപ്പെട്ടവരും അനുഭവിക്കുന്ന ദുഃഖത്തിന്റെയും വേദനയുടെയും കണ്ണുനീരിന്റെയും രുചിയും ഉപ്പുമാണ് ഈ നോവൽ. തൻ്റെ ഓർമകളും ജനതയുടെ വേദനകളുടെയും പ്രതീക്ഷകളുടെയും കഥകളും കോർത്തിണക്കിയാണ് സിൻവാർ ഈ നോവൽ രചിച്ചത്.
1967-ലെ യുദ്ധത്തിൽ അറബ് സൈന്യത്തിനേറ്റ തിരിച്ചടി മുതൽ അൽഅഖ്സ ഇൻതിഫാദ പൊട്ടിപ്പുറപ്പെടുന്നത് വരെയുള്ള ഫലസ്തീൻ ജനതയുടെ ചരിത്രത്തിലെ മിക്ക സംഭവങ്ങളും ഇതിൽ അവതരിപ്പിക്കുന്നുണ്ട്. ഫലസ്തീനികളുടെ ചെറുത്തുനിൽപ്പിനെ ചേതോഹരമായി അവതരിപ്പിക്കുന്നു ഈ നോവൽ.
‘മുൾച്ചെടിയും കരയാമ്പൂവും’ നോവൽ പ്രകാശനം നാളെ വൈകീട്ട് 4.30ന് കോഴിക്കോട് ഹിറ സെന്ററിൽ നടക്കും. പി.കെ. പാറക്കടവ്, സി. ദാവൂദ്, അശ്റഫ് കീഴുപറമ്പ്, പി.കെ. നിയാസ്, ഡോ. കൂട്ടിൽ മുഹമ്മദലി, എസ്.എം. സൈനുദ്ദീൻ തുടങ്ങിയവർ പങ്കെടുക്കും. ഐ.പി.എച്ച് ബുക്ക്സ് ആണ് പ്രസാധകർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.