‘അടിമചരിത്രം’ പുസ്തകവുമായി മലയോരത്തെ കൂലിപ്പണിക്കാരൻ
text_fieldsമുക്കം: പോയകാലത്തിന്റെ നടപ്പുരീതികൾ വരുംകാലത്തോട് സംവദിക്കുന്ന ചരിത്രപുസ്തക നിർമിതിയിലാണ് മലയോരത്തെ സാധാരണ കൂലിപ്പണിക്കാരനായ ബാബു പുലപ്പാടി. അടിമചരിത്രം എന്ന തന്റെ പ്രഥമ ചരിത്രപുസ്തകം ഡിസംബർ 21ന് പ്രകാശനം ചെയ്യുമ്പോൾ തന്റെ നീണ്ടകാലത്തെ പരിശ്രമത്തിനാണ് അച്ചടിമഷി പുരളുന്നത്.
സാധാരണ ദലിത് കുടുംബത്തിൽ ജനിച്ചുവളർന്ന ബാബുവിന് ദാരിദ്ര്യവും കൂടപ്പിറപ്പായിരുന്നു. സ്കൂൾ പഠനകാലത്ത് വിശപ്പു മറക്കാനുള്ള ഉപാധിയായിരുന്നു മൈക്കോ മുക്കം ഓഫിസിലെത്തിയുള്ള വായന.
മണാശ്ശേരി ഗവ. യു.പി സ്കൂളിലെയും മുക്കം ഹൈസ്കൂളിലെയും പഠനത്തിനുശേഷം മണാശ്ശേരിയിലെ സ്വകാര്യ സമാന്തര കോളജിൽ പ്രീഡിഗ്രി പഠനത്തോടൊപ്പമാണ് ബാബുവിന്റെ വായനശീലം പിന്നെയും വികസിച്ചത്.
ചെറുകഥകളിൽനിന്നും നോവലുകളിൽനിന്നും വായന, ചരിത്രഗ്രന്ഥങ്ങളിലേക്കു തിരിഞ്ഞതും അക്കാലത്തുതന്നെ. പിന്നീട് കോഴിക്കോട്ടെ പബ്ലിക് ലൈബ്രറിയിലെ ചില്ലലമാരകളിൽ അധികമാരാലും ശ്രദ്ധിക്കപ്പെടാതെ വിശ്രമിച്ച ചരിത്ര ഗ്രന്ഥങ്ങളും ബാബുവിന്റെ വായനയിൽ ഇടംപിടിച്ചു.
ഏതാനും വർഷങ്ങൾക്കു മുമ്പ് ഉത്തരേന്ത്യയിൽനിന്നുള്ള മാധ്യമവാർത്തകളും താൻ ചെറുപ്പം മുതൽ അനുഭവിച്ചറിഞ്ഞ ജീവിതയാഥാർഥ്യങ്ങളുമാണ് ബാബുവിനെ അടിമകളുടെ ചരിത്രമെഴുതാൻ പ്രേരിപ്പിച്ചത്. പൊയ്കയിൽ അപ്പച്ചന്റെ കവിതാശകലവും പ്രേരണയായി.
കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന് അവതാരികയെഴുതിയത് കെ.ഇ.എൻ. കുഞ്ഞഹമ്മദാണ്. ബാബുവിന്റെ നീണ്ടനാളത്തെ പരിശ്രമം കടലാസിൽ അച്ചടിമഷി പുരണ്ട സന്തോഷത്തിലാണ് ഭാര്യയും രണ്ടു പെൺകുട്ടികളുമടങ്ങുന്ന കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.