മരണ വീട് - രണ്ടാം ദിവസം.... കവിത
text_fieldsമരിച്ച വീട്ടിൽ പോയിട്ടുണ്ടോ?
പരേതൻ മരിച്ച ദിവസമല്ല.
അന്ന് കനമില്ലാത്ത തsസ്സമായി മരിച്ചയാളെ കാണാൻ കുറെ പേരെത്തും. അവരുടെ തിങ്ങിനിറഞ്ഞ ഓർമകൾക്കിടയിൽ പെട്ട് പരേതന് ശ്വാസം മുട്ടും
എന്നാൽ, പിറ്റേന്ന് ആ വീട്ടിലൊന്ന് പോകണം
മൂലയിൽ അടുക്കി വെച്ച കുറെ കസേരകൾ കാണാം. മടക്കി വെച്ച താർ പായകൾ,
പേരക്കുട്ടികൾ മുറ്റത്ത് ഓടിക്കളിക്കുന്നുണ്ടാകും. കുറെ ചെരിപ്പുകൾ സ്ഥാനം തെറ്റി ചിതറിക്കിടക്കും.
ചൂടില്ലാത്ത ഒരു ഗ്ലാസ് ചായ നിങ്ങളെ സ്വീകരിച്ചിരുത്തും.
മകനെ കാണുമ്പോൾ കൈ പിടിച്ച് ഏറെപ്പേർ ചോദിച്ച അതേ ചോദ്യം നിങ്ങളും ആവർത്തിക്കും.
എത്ര വയസുണ്ടാർന്നു?
എല്ലാരോടും പകരം വെച്ച മറുപടി കൊണ്ട് മകൻ നിങ്ങൾക്ക് മുന്നിലും പരിച തീർക്കും.
ശേഷം നിങ്ങൾ പരേതനെ ഓർത്തെടുക്കും.മരിക്കാനുള്ള പ്രായമൊന്നും ആയില്ലെന്നേ.
മകൻ ഇടക്കുകയറും, എന്നാലും എല്ലാം പുള്ളി ഒറ്റക്കായിരുന്നു ചെയ്തിരുന്നത്. ഒട്ടും ബുദ്ധിമുട്ടാക്കിയില്ല.
ചായ കുടിച്ച് നിങ്ങൾ എഴുന്നേൽക്കാൻ തുടങ്ങുമ്പോഴേക്കും ഒരകന്ന ബന്ധു കടന്നു വരും.
പരേതനെ കുറിച്ച് രണ്ടു കാര്യങ്ങൾ പറഞ്ഞ ശേഷം സംഭാഷണം ബന്ധു നിർത്തും. മകൻ വന്ന് നിങ്ങളെ ഊണിന് ക്ഷണിക്കും. ഒരു നിലക്കും നിങ്ങൾ ഊണു കഴിക്കാൻ നിൽക്കില്ല
മരിച്ച വീട്ടിൽ രണ്ടാം ദിവസം പോകണം.
മകനെ കണ്ട് അവൻ്റെ കൈയിലൊന്ന് മുറുക്കി പിടിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.