'കള്ളങ്ങൾ നേരിട്ടു കേട്ടുപോയതുകൊണ്ട് ആ അറസ്റ്റുനീക്കത്തെ പിന്തുണക്കാൻ എനിക്കു കഴിയില്ല'
text_fieldsസിവിക് ചന്ദ്രനെതിരായ ലൈംഗികാതിക്രമ കേസിൽ തന്‍റെ നിലപാട് വ്യക്തമാക്കി എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ ഡോ. ജെ. ദേവിക. ലൈംഗികപീഡനക്കേസുകളിൽ സ്ത്രീയുടെ മൊഴിക്കാണ് മുൻതൂക്കമെന്നതിൽ സംശയമില്ല. പക്ഷേ, ആ മൊഴിയുടെ സ്ഥിരത പ്രശ്നമേയല്ല എന്നു പറയുന്നതിനോട് യോജിപ്പില്ല. ഈ പരാതി പലതവണ മാറിക്കഴിഞ്ഞു ഇതിനകം. ഇതോടൊപ്പം വന്ന മറ്റൊരു ആരോപണത്തിന്‍റെ ഒന്നിലധികം ഭേദങ്ങളെ പല പരാതികളായി എണ്ണിയിരിക്കുന്നതും വിചിത്രമായിത്തോന്നി -ജെ. ദേവിക പറഞ്ഞു.
ഈ പരാതിക്കാരിക്കൊപ്പം നിൽക്കുന്ന ഒരാൾ ഇക്കാര്യം ആദ്യം ചർച്ചചെയ്ത ഐ.സി.സിയെപ്പറ്റി കള്ളപ്രചാരണം ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നു. പരാതിയുടെ സ്ഥിരതയില്ലായ്മയെ മറച്ചുപിടിക്കാൻ ഇതിൽപ്പരം നല്ല വഴിയില്ല. ഈ കള്ളങ്ങൾ നേരിട്ടു കേട്ടുപോയതുകൊണ്ട്, സോറി, ഏലിയാമ്മ വിജയൻ മുതൽ ജോളി ചിറയത്തു വരെയുള്ള ഫെമിനിസ്റ്റുകൾ ഒപ്പുവച്ചാലും ആ അറസ്റ്റുനീക്കത്തെ പിന്തുണക്കാൻ എനിക്കു കഴിയില്ല -ജെ. ദേവിക ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
ജെ. ദേവികയുടെ കുറിപ്പ് പൂർണരൂപം...
ലൈംഗികപീഡനക്കേസുകളിൽ സ്ത്രീയുടെ മൊഴിക്കാണ് മുൻതൂക്കം, സംശയമില്ല. പക്ഷേ ആ മൊഴിയുടെ കൺസിസ്റ്റൻസി പ്രശ്നമേയല്ല എന്നു പറയുന്നതിനോട് യോജിപ്പില്ല. ഈ പരാതി പല തവണ മാറിക്കഴിഞ്ഞു ഇതിനകം. ഇതോടൊപ്പം വന്ന മറ്റൊരു ആരോപണത്തിൻറെ ഒന്നിലധികം ഭേദങ്ങളെ പല പരാതികളായി എണ്ണിയിരിക്കുന്നതും വിചിത്രമായിത്തോന്നി.
ഈ പരാതിക്കാരിയ്ക്കൊപ്പം നിൽക്കുന്ന ഒരാൾ ഇക്കാര്യം ആദ്യം ചർചചെയ്ത ഐ.സി.സിയെപ്പറ്റി കള്ളപ്രചരണം ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നു. പരാതിയുടെ സ്ഥിരതയില്ലായ്മയെ മറച്ചുപിടിക്കാൻ ഇതിൽപ്പരം നല്ല വഴിയില്ല. ഈ കള്ളങ്ങൾ നേരിട്ടു കേട്ടുപോയതുകൊണ്ട് സോറി, ഏലിയാമ്മാ വിജയൻ മുതൽ ജോളി ചിറയത്തു വരെയുള്ള ഫെമിനിസ്റ്റുകൾ ഒപ്പുവച്ചാലും ആ അറസ്റ്റുനീക്കത്തെ പിന്തുണയ്ക്കാൻ എനിക്കു കഴിയില്ല, സോറി.
അല്ല, എനിക്കിങ്ങനെയുള്ള അവസ്ഥകൾ പുത്തരിയല്ല. ഏഴോ എട്ടോ പേർ മാത്രം വാതുറന്ന സമരങ്ങളാണ് എൻറേതധികവും.
പൊലീസ് അന്വേഷണം അനിവാര്യമാണ്. കുറ്റാരോപിതൻ അപ്രത്യക്ഷനാകുമോ, അയാൾ സ്വാധീനം ചെലുത്തി നിയമസംവിധാനത്തെ വശപ്പെടുത്തുമോ, തുടങ്ങിയ കാര്യങ്ങൾ പൊലീസ് നോക്കും, തീർച്ചയാണ്. സി.പി.എം ഇയാളെ രക്ഷിക്കാൻ നോക്കാനിടയില്ല. ബി.ജെ.പിയോ കോൺഗ്രസ്സോ അയാൾക്കൊപ്പമില്ല. നാട്ടിലെ ഇരപിടിയൻ മുതലാളിമാരോ ട്രേഡ് യൂണിയനുകളോ സാംസ്കാരികസംഘടനകളോ അയാളെ രക്ഷിക്കാൻ നോക്കില്ല. ദിലീപിനെയോ വിജയ് ബാബുവിനെയോ പോലെ സിനിമാസംഘടനയോ ഫാൻസോ ഇൻസെൽ കൂട്ടങ്ങളോ ഇയാൾക്കു വേണ്ടി ആക്രോശിക്കാൻ വരില്ല. അതുകൊണ്ട് ഈ കേസിൽ പൊലീസിനെ അയാൾക്കെതിരെ സ്വാധീനിക്കാനുള്ള സാധ്യതയേ കാണുന്നുള്ളൂ. മറിച്ചല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.