മൂളി ഒരു മൂളി മാത്രമല്ല
text_fieldsകലഹവും കലാപവും ഇല്ലാതാക്കേണ്ട സർക്കാറുകൾ അതിന് േപ്രാത്സാഹനം നൽകുമ്പോൾ, അതിനെതിരെ പ്രതികരിക്കേണ്ടവർ, സർക്കാർ മൂളികളാവുമ്പോൾ, പഴയ മൂളി മോഡൽ ഗൃഹാതുരത്വത്തിന് ജീവിതത്തിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിയില്ല!
മുമ്പ് ഞങ്ങളുടെയൊക്കെ വീട്ടിൽ മൂളി എന്ന പേരിലൊരു പാത്രമുണ്ടായിരുന്നു. കൈയും കാലും മുഖവുമൊക്കെ കഴുകാൻ മൂളിയിൽനിന്നാണ് വെള്ളം എടുത്തിരുന്നത്. ചെറിയൊരു വായും വലിയൊരു വയറും അതിനേക്കാൾ വലിയ വാലും അതിനുണ്ടായിരുന്നു. മൂപ്പർ അരനൂറ്റാണ്ടിനും മുമ്പ് വലിയൊരു ശുജായിയെപ്പോലെയാണ് വീടുകളുടെ മുൻഭാഗത്ത്തന്നെ ഇരിപ്പുറപ്പിച്ചിരുന്നത്. ചിലയിടങ്ങളിൽ അതറിയപ്പെട്ടത് വാൽക്കിണ്ടി എന്നാണ്. വാൽക്കിണ്ണം എന്നൊരു വിളിപ്പേരും അന്നതിനുണ്ടായിരുന്നു എന്നാണ് ഓർമ. ആ ഓർമ തെറ്റായാലും ശരിയായാലും ഇന്നൊരു കുഴപ്പവുമില്ല. പലരൂപത്തിൽ അവതരിക്കാൻ കഴിവുള്ള കുഴൽവെള്ളത്തിന്റെ കടന്നുവരവോടെ വെള്ളം പിടിച്ചുവെക്കുന്ന മൂളിപോലുള്ള പല വീട്ടുപകരണങ്ങളും ഇപ്പോൾ ഇല്ലാതായി. പോയകാലത്തെക്കുറിച്ചോർത്ത് വല്ലാതെ വേദനിക്കുന്ന കാൽപനിക കവികൾപോലും ശ്രീ/ജ. മൂളിയെപ്പറ്റി കവിതയെഴുതിയതായി കണ്ടിട്ടില്ല. പക്ഷേ ഇന്ന് മൂളി എന്ന ചെറുകിടാവശ്യങ്ങൾക്ക് വെള്ളം നിറച്ച് വെക്കുന്ന ആ പ്രമാണിപാത്രം ഇല്ലെങ്കിലും, എന്തിനും ഏതിനും, വരുംവരായ്കകളെക്കുറിച്ച് ഒന്നുമേ ആലോചിക്കാതെ, അതേ സാർ, അതേ സാർ എന്ന് അധികാരത്തിൻ മുമ്പിൽ നിന്ന് മൂളുക മാത്രം ചെയ്യുന്ന മൂളിമനുഷ്യർ നമുക്കിടയിൽനിന്നും നമ്മൾപോലുമറിയാതെ ധാരാളമായി ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. മുമ്പത്തെ മൂളിയിൽനിന്നും, ഇവർക്കുള്ള വ്യത്യാസം പഴയ മൂളിക്കുള്ളതിനേക്കാൾ ഇവരുടെ വാലിന് നീളം വളരെ കൂടുതലാണെന്നുള്ളതാണ്. അതു
കൊണ്ടുതന്നെ ഈ മൂളിമനുഷ്യരെ മൂളാട്ടികൾ എന്നോ വാലാട്ടികൾ എന്നോ വിളിക്കാവുന്നതാണ്. എം.പി. നാരായണപ്പിള്ളയുടെ പരിണാമം എന്ന നോവലിലാണെന്ന് തോന്നുന്നു, നായ്ക്കളെക്കുറിച്ച് പറയുമ്പോൾ, അവ വാലാട്ടിക്കൊണ്ട് കടിക്കാറില്ലെന്ന് എഴുതിയത് ഓർക്കുന്നു. എന്നാൽ മൂളിമനുഷ്യർക്ക് ഇത്തരം മൃഗനൈതികതയൊന്നും ബാധകമല്ല. അവരെന്തും ചെയ്യും, എന്തും പറയും. കാരണമവർ മൂളിമനുഷ്യരാണ്!
ചിലപ്പോൾ മൂളർ കടന്നുവരുന്നത് ആരോഗ്യമുള്ളൊരു സമൂഹം എന്നും സ്വാഗതം ചെയ്യേണ്ട വിമർശനത്തിന്റെ കുപ്പായം ധരിച്ചുകൊണ്ടാവും. മറ്റു ചിലപ്പോൾ വഴിയിൽ വിലങ്ങനെ കിടക്കുന്ന കയറിൽ പാമ്പിനെ കണ്ടെത്തുന്ന പണ്ഡിതനാട്യക്കാരായാവും. ഇതിലൊന്നും ഇടപെടാത്ത ചിലർ ദീപസ്തംഭം മഹാശ്ചര്യം നമുക്കും കിട്ടണം പണം എന്നുപറഞ്ഞ് നിർത്താതെ, കൊടുക്കണം മറ്റവന്റെ മുതുകത്തൊരു കുത്ത് എന്ന് കരുതുന്നവരായിരിക്കും!
‘നാല് കോടിയോളമാണ് അഫ്ഗാൻ ജനസംഖ്യ; മൂന്നര കോടിയാണ് മലയാളികൾ. ഒന്നരലക്ഷത്തിൽ കൂടുതലാണ് താലിബാൻ ഭീകരർ. താലിബാൻ ഫാൻസ് അതിലും കൂടുതലില്ലേ കേരളത്തിൽ? സത്യമായിട്ടും പേടിയാവുന്നുണ്ട്. നിറതോക്കിനൊപ്പം കാണേണ്ടതല്ലേ ഈ വിശുദ്ധഗ്രന്ഥം’. കഴിഞ്ഞവർഷം ഫേസ്ബുക്കിൽ പ്രത്യക്ഷപ്പെട്ട ഏറെ മുഴക്കം സൃഷ്ടിച്ച മൂളലുകളിലൊന്നായിരുന്നു ഇത്. കേരളം ഭീകരവാദികളുടെ പറുദീസയാണെന്ന നവ ഫാഷിസ്റ്റ് പ്രചാരണത്തെയാണ്, അഫ്ഗാനിസ്താൻ–കേരള താരതമ്യത്തിലൂടെ, ഒന്ന് കൊഴുപ്പിച്ചെടുക്കാൻ മൂളർ–മനുഷ്യർ ശ്രമിച്ചത്. മൂളാലികളുടെ അത്തരം വിഷവിത്തൊന്നും ഈ പ്രബുദ്ധ കേരളത്തിൽ ഒരുനാളും മുളക്കില്ല എന്ന ജനായത്ത ശുഭാപ്തിവിശ്വാസത്തിന് പണ്ടത്തെപ്പോലെ ഇപ്പോളത്ര ശൗര്യമില്ല! വരാനിരിക്കുന്ന അപകടം മുൻകൂട്ടി അറിഞ്ഞ് മൃഗങ്ങൾ സ്ഥലംവിടുമ്പോൾ, മനുഷ്യരിൽ ഒരു വലിയവിഭാഗം മറ്റൊരു നിർവാഹവുമില്ലാത്തതുകൊണ്ട് കൂടിയാവാം, അധികാരത്തിൽ അള്ളിപ്പിടിച്ചിരിക്കും.
കഥാകൃത്തും പ്രഭാഷകനും സാംസ്കാരികവിമർശകനുമായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവിന്റെ വോട്ടവകാശം എന്ന കഥയുണ്ട്. വിചിത്രമായ ഒരു നിയമം ഇന്ത്യയിൽ നടപ്പിലാക്കപ്പെട്ടു. മൃഗങ്ങൾക്ക് കൂടി വോട്ടവകാശം. പിറ്റേന്ന് എല്ലാ മൃഗങ്ങളും കാട്ടിലേക്ക് പലായനംചെയ്തു. ഇതുകണ്ട് ഭയാക്രാന്തരായ പക്ഷികൾ പരസ്പരം പറഞ്ഞു. ഇവിടെ നിൽക്കുന്നത് ഒട്ടും സുരക്ഷിതമല്ല. നാളെ പക്ഷികൾക്കും വോട്ടവകാശം വന്നുകൂടെന്നില്ല. നാലു വോട്ടിന് എന്തുംചെയ്യാൻ മടിക്കില്ല അധികാരഭ്രാന്തരായ മനുഷ്യർ. പഴയൊരു ചൈനീസ് നാടോടിക്കഥയും ഇതോടൊപ്പം ഓർക്കാം. ഒരിക്കൽ കൺഫ്യൂഷിയസ് എന്ന തത്ത്വചിന്തകൻ കാട്ടിലൂടെ നടക്കുകയാണ്. കാടിന്റെ നടുവിലിരുന്ന് ഒരു മനുഷ്യൻ കരയുന്നു. എന്തിനാണ് കരയുന്നതെന്നു ചോദിച്ചു കൺഫ്യൂഷിയസ്. ഒപ്പമുണ്ടായിരുന്ന ഭാര്യയേയും കുഞ്ഞിനേയും പുലി പിടിച്ചു എന്നയാൾ പറഞ്ഞപ്പോൾ, നാട്ടിലേക്ക് പോകൂ, ഇവിടെയിരുന്നാൽ നിങ്ങളെ കൂടി പുലി പിടിക്കില്ലേ എന്ന് ചോദിച്ചു. ഇല്ല നാട്ടിൽ സർക്കാറുണ്ട്. ഞാനവിടേക്ക് പോവില്ല എന്നായിരുന്നു കണ്ണീരിനിടയിലും ഗദ്ഗദകണ്ഠനായി അയാൾ പറഞ്ഞത്.
കലഹവും കലാപവും ഇല്ലാതാക്കേണ്ട സർക്കാറുകൾ അതിന് േപ്രാത്സാഹനം നൽകുമ്പോൾ, അതിനെതിരെ പ്രതികരിക്കേണ്ടവർ, സർക്കാർ മൂളികളാവുമ്പോൾ, പഴയ മൂളി മോഡൽ ഗൃഹാതുരത്വത്തിന് ജീവിതത്തിൽ കാര്യമായി ഒന്നും ചെയ്യാൻ കഴിയില്ല! മുമ്പ് ഞങ്ങളുടെ പറമ്പിൽ ആന മേഞ്ഞിരുന്നു എന്നതിലല്ല, ഇപ്പോൾ ഒരു കോഴിപ്പൂടപോലും കാണാനില്ലല്ലോ എന്നതിലേക്കാണ് കാലം കണ്ണുതുറക്കേണ്ടത്. കേരളത്തിലും അപൂർവമായി അയോധ്യാ ഹോട്ടലും അപ്പേരിൽ നഗരികളും ഉണ്ടാവുന്നുണ്ടെങ്കിലും കൂടുതലും കാണുന്നത് അമ്മ, അമ്മാവൻ, ഇമ്മച്ചി, അളിയൻ, അന്ത്രുമാൻക്കാ, കണാരേട്ടൻ, േത്രസ്യാമ്മ ചേച്ചി എന്നിപ്രകാരമുള്ള പേരുകളുള്ള ഹോട്ടലുകളാണ്. ഹോട്ടലുകൾക്കിടയിൽ ബഹുസ്വരത ആഘോഷിക്കുന്ന ഗംഭീരമായ ഒരു പേര് വിപ്ലവംതന്നെയാണ് കേരളത്തിൽ സംഭവിച്ചതെന്ന് കാസർകോട് മുതൽ തിരുവനന്തപുരംവരെ യാത്രചെയ്യുമ്പോൾ മനസ്സിലാവും. എന്നാൽ ഇന്ത്യാ മഹാരാജ്യത്ത് ഫാഷിസ്റ്റ് മേൽക്കോയ്മയുള്ള പലസ്ഥലത്തും മനുഷ്യരുടെ പേരുകൾ മാത്രമല്ല ഹോട്ടൽ പേരുകളും പൊട്ടിത്തെറിക്കുന്ന പദാർഥങ്ങളായി തീർന്നുകൊണ്ടിരിക്കുകയാണ്. മുമ്പൊക്കെ വെജ്-നോൺവെജ് വിഭജനമാണ് ഉണ്ടായിരുന്നത്. കുറച്ച് കഴിഞ്ഞപ്പോൾ പ്യൂർവെജും, പ്യൂർപ്യൂർ വെജു വെജുമായി. എന്നാൽ ഏറെ കൗതുകകരമായി തോന്നിയത് ഇതുവരെ യാത്രയിലൊരിടത്തും പ്യുവർ നോൺവെജ് കട കണ്ടെത്താനായിട്ടില്ലെന്നതാണ്.
മാംസാഹാരം അതിൽതന്നെ അശുദ്ധമായതുകൊണ്ടാവുമോ എന്നറിയില്ല, അവ്വിധമൊരു പേര് മാംസമത്സ്യാഹാര കടകൾക്ക് ഇല്ലാത്തത്. അല്ലെങ്കിലും മാംസഭുക്കുകളെ പിശാചുക്കളാക്കിയ ഒരു മേൽക്കോയ്മാ സംസ്കാരത്തെ നാനാതരത്തിൽ അറിഞ്ഞും അറിയാതെയും മഹത്ത്വപ്പെടുത്തി കൊണ്ടാണല്ലോ നാം ജീവിക്കുന്നത്. ഉണ്ടപ്പൊരി ഉസ്മാൻക്കാന്റെ പീടികയിലായാലും, കണാരേട്ടന്റെയോ മത്തായി ചേട്ടന്റെയോ പീടികയിലായാലും ഉണ്ടപ്പൊരി ഉണ്ടപ്പൊരി തന്നെയായിരിക്കുമെന്ന നമ്മുടെ പ്രാഥമിക വിവേചനബോധത്തിനാണിപ്പോൾ പരിക്കേറ്റുകൊണ്ടിരിക്കുന്നത്. ഇതൊക്കെ നല്ലതിനാണെന്നാണ്, ഇപ്പേരിൽ മാത്രം അടിയേറ്റ് നിലവിളിക്കുന്ന മനുഷ്യർക്ക് നടുവിൽനിന്ന്, മൂളിമനുഷ്യർ പറയുന്നത്. കഷ്ടമല്ലെന്നല്ലാതെ മറ്റെന്ത് പറയും?
മൂളി എന്ന പഴയ വീട്ടുപകരണം ഇപ്പോൾ ഏറക്കുറെ മ്യൂസിയത്തിലെത്തപ്പെട്ടിരിക്കുന്നു. അതുപോലെയല്ല മൂളിമനുഷ്യരുടെ അവസ്ഥ! ഏകാകികളായ മനുഷ്യർ മരിക്കുമ്പോൾ, ലോകം അവരെ കണ്ടുപിടിക്കാൻ വേണ്ടിയാണ് ദൈവം ശരീരത്തിന് ദുർഗന്ധം വമിക്കാനുള്ള കഴിവ് നൽകിയിരിക്കുന്നത് എന്ന് ‘9 എം.എം ബരേറ്റ’ എന്ന നമ്മുടെ കാലത്തെ പ്രശസ്തമായ നോവലിൽ വിനോദ്കൃഷ്ണ എഴുതിയിട്ടുള്ളത് നൂറുശതമാനവും ശരിയാണ്. എന്നാൽ മൂളി–മനുഷ്യരുടെ ജീർണഗന്ധം തിരിച്ചറിയാൻ ആവിധം എളുപ്പമല്ല.
12 കൊല്ലം മുമ്പ് മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എസ്.വി. വേണുഗോപൻ നായർ സ്വന്തം ജീവിതാനുഭവത്തിന്റെ അസ്ഥിയിൽതൊട്ട് എഴുതിയ കുറിപ്പും, മൂളിയും തമ്മിൽ ഒരു ബന്ധവുമില്ല. സന്ദർഭം, തിരുവനന്തപുരത്തുനിന്ന് മഞ്ചേരി എൻ.എസ്.എസ് കോളജിൽ ട്രാൻസ്ഫറായ പ്രഫസർ കൂടിയായ കഥാകൃത്ത് എത്തിയപ്പോൾ മഞ്ചേരിയിലെ ഏതോ ഒരു മുസ്‍ലിം ഹോട്ടലിൽ കയറി നിർവാഹമില്ലാതെ ഭക്ഷണം കഴിച്ചു. അവിടെ വേറെ ഹോട്ടലൊന്നും കാണാത്തതിനാൽ! കഴിച്ച ഭക്ഷണമൊക്കെ അതേ ഹോട്ടലിന്റെ പിറകിൽപോയി ഛർദിക്കുകയുംചെയ്തു! കല്ല്, മുടി, ചത്ത പാറ്റ ഇത്യാദിയൊന്നും ഭക്ഷണത്തിൽ ഉണ്ടായിരുന്നതുകൊണ്ടല്ല, കഴിച്ചത് വെജ് ഭക്ഷണം തന്നെ! പക്ഷേ അവിടെ നോൺ വെജും ഉണ്ട്! എസ്.വി. വേണുഗോപൻ നായരെ കുറ്റപ്പെടുത്താനാവില്ല. ഓരോരുത്തരുടേയും വളർത്തൽ സാഹചര്യം, അഭിരുചി എന്നിവ പ്രധാനമാണ്. മറ്റെല്ലാ കാര്യത്തിലെന്നപോലെ ഭക്ഷണകാര്യത്തിലും ഇതൊക്കെ പരിഗണിക്കണം. അതുകൊണ്ട് ബീഫ് കഴിക്കാത്തവർ ഹിന്ദുക്കളല്ലെന്ന് സാക്ഷാൽ വിവേകാനന്ദ സ്വാമികൾ പറഞ്ഞാൽപോലും അത് തെറ്റാണ്. ഭക്ഷണത്തിലടക്കം തിരഞ്ഞെടുപ്പിനുള്ള വ്യക്തിയുടെ അവകാശം ആദരിക്കപ്പെടണം. മറ്റുള്ളവർക്ക് അവരുടെ അഭിപ്രായം ആശയങ്ങൾ എന്ന നിലയിൽ പറയുകയുമാവാം.
അപരവിദ്വേഷം എത്രമാത്രം കുറയുന്നുവോ അത്രകണ്ട് വ്യത്യസ്താഭിപ്രായങ്ങൾ കിടന്ന് തിളങ്ങും. ഇല്ലെങ്കിൽ ഉച്ചരിച്ച ഉടൻതന്നെ അത് ദുർഗന്ധം വമിപ്പിക്കും. ഒരപരവിദ്വേഷ കറയുമില്ലാതെ, എസ്.വി. വേണുഗോപൻ നായർ സംഗ്രഹിച്ചെഴുതിയതിങ്ങനെ; എത്ര തീവ്രമാണ് ഉള്ളിലെ ജാതി. സത്യത്തിൽ അപ്പോൾ കഴിച്ച ഭക്ഷണമല്ല, എത്രയോ കാലമായി തന്റെ ഉള്ളിലുള്ള ജാതിമേൽക്കോയ്മാ ബോധമാണ് താൻ ഛർദിക്കാനുള്ള കാരണമെന്ന് അദ്ദേഹത്തിന് ശരിയായി തന്നെ കണ്ടെത്താൻ കഴിഞ്ഞത് അദ്ദേഹത്തിനുള്ളിൽ മറുപുറം കടന്ന് കാണുന്ന ഒരു കഥാകൃത്ത് കൂടി ഉള്ളതുകൊണ്ടാവണം. 2012ലാണ് ഈ കുറിപ്പ് അദ്ദേഹം എഴുതിയതെന്നുള്ളത് മറക്കരുത്. ജാത്യാധികാരത്തിന് മുമ്പിൽ കീഴ്പ്പെടുമ്പോഴും -അതായത് ഛർദിക്കുമ്പോഴും- അതിന്റെ കാരണം ശരിയായി ഡയഗ്നോസ് ചെയ്യുന്ന മനുഷ്യർക്ക് ഒരിക്കലും മൂളി-മനുഷ്യർ ആവാനാവില്ല! ഇനി എസ്.വി. വേണുഗോപൻ നായരുടെ മഞ്ചേരി ഹോട്ടൽ ഛർദി അനുഭവത്തെ മറ്റൊരു രീതിയിൽകൂടി നോക്കിക്കാണാം. ഇവൻമാർക്കൊന്നും ഒരു വൃത്തിയുമില്ല. എന്നിട്ടും നായർസാർ എന്തിന് അവിടെപോയി. കുറ്റം അതോടെ ഹോട്ടലിനും അവിടെ പോയ എസ്.വി. വേണുഗോപൻ നായർക്കുമാവും! മുസ്‍ലിം ഹോട്ടലിൽനിന്നും ഭക്ഷണം കഴിച്ചിട്ടുള്ള തന്റെ പരിചയമില്ലായ്മ ഇനി ഹിന്ദു ഹോട്ടലിലായാലും മാംസമത്സ്യാദികൾക്കൊപ്പം പച്ചക്കറി ഭക്ഷണം കഴിക്കുമ്പോഴുള്ള പ്രയാസം, അതാണ് വേണുഗോപൻ നായർ അഭിമുഖീകരിച്ച യഥാർഥ പ്രശ്നം. അതാണ് എസ്.വി. വേണുഗോപൻ നായർ 2012 സെപ്റ്റംബർ ഇരുപത്തിമൂന്നിന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ഒരൊറ്റ വരിയിൽ ഒതുക്കിപ്പറഞ്ഞത്. കേരളത്തിലെന്ത് ജാതി എന്ന് ചോദിക്കുന്നവർക്ക് ഇത്രയെങ്കിലും സത്യസന്ധത മിനിമം ഉണ്ടാകേണ്ടതുണ്ട്.
ഉദയനിധി സ്റ്റാലിൻ തമിഴ്നാട്ടിലെ അവിടത്തെ പുരോഗമന കലാസാഹിത്യസംഘമായ മൂർപ്പോക്ക് എഴുത്താളർ സംഘത്തിന്റെ സമ്മേളനത്തിൽ ജാതിയെ ആഘോഷിക്കുന്ന പ്രവണതകളെ അതിരൂക്ഷമായി വിമർശിച്ചപ്പോൾ, ആ പ്രഭാഷണത്തിനെതിരെ പ്രത്യേകിച്ച് ഒരാഹ്വാനവുമില്ലാതെ, 262 പ്രമുഖർ ചീഫ് ജസ്റ്റിസിന് കത്തെഴുതി പ്രതിഷേധം അറിയിച്ചു. അക്കൂട്ടത്തിൽ 118 മുൻ കരസേന ഉദ്യോഗസ്ഥർക്കൊപ്പം 14 മുൻ ഹൈകോർട്ട് ജഡ്ജിമാരുമുണ്ടായിരുന്നു. 2002ൽ ഗുജറാത്ത് വംശഹത്യാകാലത്ത്, സ്വന്തം തൊഴിലിൽ ഉൾപ്പെട്ട ഒരു ജഡ്ജ് മുസ്‍ലിം പേരുള്ളതുകൊണ്ടു മാത്രം ഓടിരക്ഷപ്പെടേണ്ടിവന്ന അവസ്ഥയുണ്ടായി. ഒരൊപ്പിട്ട് അതിനെതിരെ ഐക്യം പ്രകടിപ്പിക്കാൻ അന്നിവരുടെ കൂട്ടത്തിൽ എത്രപേർ ഉണ്ടായിരുന്നു എന്ന് ഓർത്തുനോക്കിയിട്ടുണ്ടോ? ‘Yes, I am a traitor, if you are a Patriot’ എന്ന് പ്രശസ്ത കവി നാസിം ഹിക്മത്ത് മുമ്പെഴുതിയത് എത്ര ശരി! ചേനക്കാര്യത്തിലും ആനക്കാര്യമുണ്ട്! സുഹൃത്തുക്കളെ, മൂളിയിലും!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.