എന്റെ ഇടുക്കി: ഇനിയും പ്രതീക്ഷകളുണ്ട്....
text_fieldsനാടകരചയിതാവും സംവിധായകനുമായ ടി.എം. എബ്രഹാം ഇടുക്കിയെ കുറിച്ച് സംസാരിക്കുന്നു.. (കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും സംഗീത നാടക അക്കാദമി മുൻ വൈസ് ചെയർമാനുമാണ് എബ്രഹാം).
തൊടുപുഴക്കടുത്ത് നെയ്യശ്ശേരിയാണ് എന്റെ സ്വദേശം. നെയ്യശ്ശേരി ഉണിച്ചിക്കവലയിൽനിന്നാണ് എന്റെ തറവാട്ടുവീട്ടിലേക്ക് തിരിയുന്നത്. 21 വയസ്സുവരെ അവിടെയാണ് ജീവിച്ചത്. എഫ്.എ.സി.ടിയിൽ ജോലി കിട്ടിയതോടെ താമസം എറണാകുളത്തേക്ക് മാറ്റി. ഇപ്പോൾ ഇടപ്പള്ളിയിലാണ്. എങ്കിലും മാസത്തിലൊരിക്കൽ ഞാൻ ജന്മനാട്ടിൽ എത്താറുണ്ട്.
1970കളുടെ തുടക്കത്തിൽ ഒരിക്കൽ ഞാൻ എറണാകുളത്തുനിന്ന് നെയ്യശ്ശേരിയിലെ വീട്ടിലേക്ക് പോകുമ്പോൾ മൂവാറ്റുപുഴ-തൊടുപുഴ അതിർത്തിയിൽ ഒരു സമരം നടക്കുന്നു. വാഹനങ്ങളെല്ലാം തടഞ്ഞ് യാത്രക്കാരെ ഇറക്കിവിടുകയാണ്. അന്വേഷിച്ചപ്പോഴാണ് അത് ഇടുക്കി ജില്ല രൂപവത്കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള സമരമാണെന്ന് അറിഞ്ഞത്. പുതിയൊരു ജില്ലയെക്കുറിച്ച് ആദ്യം കേൾക്കുന്നത് അങ്ങനെയാണ്. ഇടുക്കി ജില്ല രൂപപ്പെടുത്തിയതിൽ ആദ്യ കലക്ടർ എന്ന നിലയിൽ ഡോ. ഡി. ബാബു പോളിന് വലിയ പങ്കുണ്ട്. ജില്ല ഉണ്ടായതോടെ ആ നാടിന്റെ ഭൂപ്രദേശങ്ങളും പ്രത്യേകിച്ച്, തൊടുപുഴയും പരിസരവും ഒരുപാട് വളർന്നു. എം.എൽ.എമാർ എന്ന നിലയിൽ പി.ജെ. ജോസഫും പി.ടി. തോമസുമെല്ലാം അതിനുവേണ്ടി പ്രവർത്തിച്ചവരാണ്. കേരളത്തിലെ മറ്റ് സ്ഥലങ്ങളിൽ കാണുന്നത്ര ഗതാഗതക്കുരുക്ക് ഇല്ല എന്നത് തൊടുപുഴയുടെ പ്രത്യേകതയാണ്. നിരവധി ബൈപാസുകൾ ഉള്ളതാകാം കാരണം.
എറണാകുളത്ത് പി.ടി. തോമസുമായുള്ള അടുപ്പമായിരുന്നു എന്റെ ഇടുക്കി ബന്ധം. ഇടക്കിടെ വിളിക്കും. എന്റെ എഴുപതാം പിറന്നാളിന് പൊന്നാടയും മൊമന്റോയുമായി കാണാൻ വന്നിരുന്നു. പ്രതീക്ഷിച്ചളതിലും വരെ വേഗത്തിലാണ് ഇടുക്കിയുടെ വളർച്ച. എന്നാൽ, അടിസ്ഥാന സൗകര്യം ഇനിയും മെച്ചപ്പെടേണ്ടതുണ്ട്. ഇടുക്കിയിൽ എല്ലായിടത്തൊന്നും പോകാൻ കഴിഞ്ഞിട്ടില്ല. മൂന്നാറും വട്ടവടയും കാന്തല്ലൂരുമെല്ലാം മനോഹര സ്ഥലങ്ങളാണ്. ജില്ലയിൽ കലാ-സാംസ്കാരിക പ്രവർത്തനങ്ങൾ ഉണ്ടെങ്കിലും അവാർഡ് പരിഗണനക്കൊന്നും ആരുടെയും പേരുകൾ കിട്ടാറില്ല എന്നത് സംഗീത നാടക അക്കാദമിയുടെ ഭാരവാഹിയായി ഇരുന്നപ്പോൾ ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്. ഈ കുറവ് നികത്തിയെടുക്കേണ്ടതുണ്ട്. സർക്കാർ പ്രഖ്യാപിച്ച സാംസ്കാരിക സമുച്ഛയം പോലുള്ള പദ്ധതികൾ യാഥാർഥ്യമാകുമ്പോൾ ഇടുക്കിയും ഈ മേഖലയിൽ സ്വയംപര്യാപ്തമാകുമെന്ന് കരുതാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.