ഇന്ത്യയിലെ ആദ്യത്തെ സാഹിത്യനഗരം: യുനെസ്കോക്ക് അപേക്ഷ നൽകി കോഴിക്കോട് കോർപറേഷൻ
text_fieldsകോഴിക്കോട്: ഇന്ത്യയിലെ ആദ്യത്തെ സാഹിത്യനഗരം എന്ന പദവി കോഴിക്കോടിന് ലഭ്യമാക്കാനുള്ള നടപടികൾ അവസാന ഘട്ടത്തിലേക്ക്. കോർപറേഷന്റെ ശ്രമങ്ങൾക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകിയതിന്റെ തുടർച്ചയായി വ്യാഴാഴ്ച യുനെസ്കോക്ക് ഇതിനായുള്ള അപേക്ഷ നൽകി. യുനെസ്കോക്ക് അപേക്ഷ നൽകാനുള്ള അവസാന തീയതി ജൂൺ 30 ആയിരുന്നു. സാഹിത്യനഗരത്തിനായി കോഴിക്കോട്, സംഗീതനഗരമായി ഗ്വാളിയോർ എന്നിവ മാറ്റാനുള്ള അപേക്ഷകളാണ് കേന്ദ്രസർക്കാർ അംഗീകരിച്ചത്. ഡൽഹിയിലെത്തിയ മേയർ ഡോ. ബീന ഫിലിപ്പിന്റെ നേതൃത്വത്തിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ, കേന്ദ്ര വിദ്യാഭ്യാസ സാംസ്കാരിക മന്ത്രാലയം, കേന്ദ്ര സാഹിത്യ അക്കാദമി പ്രതിനിധികൾ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിന്റെ തുടർച്ചയായാണ് നടപടികൾ. കോർപറേഷൻ നൽകിയ അപേക്ഷക്ക് കേന്ദ്രത്തിന്റെ ഇന്ത്യൻ നാഷനൽ കമീഷൻ ഫോർ കോഓപറേഷൻ വിത്ത് യുനെസ്കോയുടെ അംഗീകാരവും കിട്ടി.
കിലയുടെ സഹകരണത്തോടെയാണ് സാഹിത്യനഗര പദവിക്കായുള്ള ശ്രമങ്ങൾ നടത്തിയത്. സാഹിത്യനഗര ശൃംഖലയിലുള്ള പ്രാഗിൽനിന്നുള്ള ഗവേഷകവിദ്യാർഥി കഴിഞ്ഞ കൊല്ലം നഗരത്തിലെത്തി പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.
എൻ.ഐ.ടി, ഐ.ഐ.എം, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വായനശാലകൾ, പുസ്തക പ്രസാധകർ എന്നിവരെല്ലാം പദ്ധതിയുമായി സഹകരിക്കുന്നു. കോഴിക്കോട് 545 ലൈബ്രറികളും 62 പബ്ലിക് ലൈബ്രറികളുമുള്ള കാര്യം അപേക്ഷയിലെടുത്തുകാണിക്കുന്നു. കോഴിക്കോട്ടെ എഴുത്തുകാർ, സാഹിത്യ-സാംസ്കാരിക രംഗത്തുള്ള പ്രവർത്തനങ്ങൾ എന്നിവയെല്ലാം കണക്കിലെടുത്താണ് സാഹിത്യനഗരപദവി നൽകേണ്ടത്. സാഹിത്യനഗരം പദ്ധതിക്കായി കോർപറേഷൻ ബജറ്റിൽ ഒരു കോടി രൂപ നീക്കിവെച്ചിരുന്നു.
എഴുത്തുകാർക്ക് കോഴിക്കോടുവന്ന് താമസിച്ച് കൃതികൾ തർജമ ചെയ്യാനുള്ള സൗകര്യം, കുട്ടികളുടെ പാർലമെന്റ്, സാഹിത്യവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ കോർത്ത് ലിറ്റററി സർക്യൂട്ട്, സാഹിത്യ മ്യൂസിയം, തെരുവുകളിൽ വായനക്കുള്ള ഇടം എന്നിവയെല്ലാം സാഹിത്യനഗരം പദ്ധതിയുടെ ഭാഗമായി കോഴിക്കോട്ട് വരും. വെബ്സൈറ്റ് നിർമാണം, 2024ൽ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ, അന്തർദേശീയതലത്തിൽ സാഹിത്യകാരന്മാർക്ക് ഒത്തുചേരാനുള്ള സൗകര്യമൊരുക്കൽ തുടങ്ങിയവയെല്ലാം പദ്ധതിയിലുണ്ട്. വിദേശികൾക്ക് താമസിച്ച് വിവർത്തനം ചെയ്യാനും സാഹിത്യകാരന്മാരുമായി സഹകരിച്ച് പുതിയ കൃതികൾ തയാറാക്കാനും സംവിധാനമൊരുക്കും. കോഴിക്കോട് സാഹിത്യ മ്യൂസിയം, സാഹിത്യം ചർച്ച ചെയ്യാൻ കോഴിക്കോട്ടുണ്ടായിരുന്ന കോലായ സമ്പ്രദായത്തിന്റെ പുനരുദ്ധാരണം, ലൈബ്രറികളുടെ നവീകരണം എന്നിവയും ‘സാഹിത്യനഗര’ പദ്ധതിയുടെ ഭാഗമായുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.