Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightബഹുസ്വരതയുടെ ഈറ്റില്ലം

ബഹുസ്വരതയുടെ ഈറ്റില്ലം

text_fields
bookmark_border
ബഹുസ്വരതയുടെ ഈറ്റില്ലം
cancel

ഡോ. കെ.ടി. ജലീൽ എഴുതിയ ‘ഇന്തോനേഷ്യ ക്ഷേത്രസമൃദ്ധമായ മുസ്‍ലിം രാജ്യം’ എന്ന യാത്രാവിവരണ ഗ്രന്ഥത്തിന് നമ്മുടെ കാലത്ത് ഏറെ പ്രസക്തിയുണ്ട്. ബഹുസ്വരതയെ തകർക്കുന്ന, മതത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്ന, ചരിത്രം മാറ്റിയെഴുതുന്ന ഒരു രാജ്യത്തുനിന്ന് ഏറ്റവും കൂടുതൽ മുസ്‍ലിംകൾ അധിവസിക്കുന്ന, ഇന്തോനേഷ്യയുടെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് കെ.ടി. ജലീൽ.

ചരിത്രത്തെ മണ്ണിട്ട് മൂടാത്ത ഒരു നാടിന്റെ ചിത്രം മനോഹരമായി വരച്ചിടുന്നുണ്ട് ഗ്രന്ഥകാരൻ. ഹിന്ദു-മുസ്‍ലിം-ബൗദ്ധ-ക്രിസ്ത്യൻ ജനവിഭാഗങ്ങൾ തമ്മിലുള്ള ഐക്യത്തെക്കുറിച്ചും ഇന്തോനേഷ്യയിലെ നിഷ്കളങ്കമായ നാട്ടിൻപുറങ്ങളെക്കുറിച്ചും ഈ പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. സ്ത്രീ-പുരുഷ സമത്വം യാഥാർഥമാക്കിയ മുസ്‍ലിം ഭൂരിപക്ഷ ഏഷ്യൻ രാഷ്​ട്രമാണ് ഇന്തോനേഷ്യയെന്ന് ഗ്രന്ഥകാരൻ പറയുന്നു.

ബഡൂയി ഗ്രോത്രവർഗക്കാർ താമസിക്കുന്ന ഗ്രാമത്തിലൂടെ യാത്രചെയ്യുമ്പോൾ അന്തിക്കാട് പ്രദേശത്തിലൂടെയോ മലപ്പുറത്തെ ഒരു ഗ്രാമത്തിലൂടെയോ കടന്നുപോകുന്ന ഒരു പ്രതീതിയാണെന്ന് അദ്ദേഹം എഴുതുമ്പോൾ, മുമ്പ് എസ്.കെ. പൊറ്റെക്കാട്ടിന്റെ യാത്രാവിവരണത്തിലൂടെ പോകുന്ന അത്ര രസത്തോടെ നമുക്കത് വായിക്കാനാവുന്നു. ഉൾനാടുകളിൽ പോലുമുള്ള ശുചിത്വബോധം ചൂണ്ടിക്കാട്ടുന്നു. വിളവെടുപ്പിന്റെ നാളുകളും കാട്ടുവിഭവങ്ങൾ ഭരണാധികാരികൾക്ക് കൈമാറുന്ന ദിവസവും ബഡൂയികൾക്ക് മതേതര ഉത്സവ ദിനങ്ങളാണ് എന്നദ്ദേഹം എഴുതുന്നു.

ഇന്തോനേഷ്യയിലെ ക്ഷേത്രങ്ങളെക്കുറിച്ചും ഗ്രന്ഥകാരൻ വിവരിക്കുന്നുണ്ട്. ബാലി ദ്വീപിലെ വീടുകൾക്കും വാണിജ്യ സ്ഥാപനങ്ങളുടെ കെട്ടിങ്ങൾക്കും കോളേജുകൾക്കും മാർക്കറ്റിനും വരെ ഒരു ക്ഷേത്രഛായയുണ്ടെന്ന് ഗ്രന്ഥകാരൻ നിരീക്ഷിക്കുന്നു. അവിടുത്തെ എയർപോർട്ടിലെ ‘രാമായണ’ ഷോപ്പ് കണ്ട്, ബഹുസ്വരത നഷ്ടപ്പെടുന്ന സ്വന്തം രാജ്യത്തെയോർക്കുന്നു.

ദേഷ്യംപിടിക്കാൻ അറിയാത്ത ഒരു ജനതയാണ് ഇ​ന്തോനേഷ്യക്കാർ എന്നദ്ദേഹം നിരീക്ഷിക്കുന്നു. ‘‘ലോകത്ത് പാട്ടും നൃത്തവും നിത്യജീവിതത്തിന്റെ ഭാഗമാക്കിയ മുസ്‍ലിംകൾ ഇന്തോനേഷ്യക്കകാരെപ്പോലെ വേറെ ഉണ്ടോ എന്ന് സംശയമാണ്. ഈ നാട്ടുകാരുടെ ജീവിതം സന്തോഷദായകമായത് അതുകൊണ്ട് കൂടിയാണ്’’ -അദ്ദേഹം എഴുതുന്നു.

ലിറ്റിൽ ഇന്ത്യ എന്നറിയപ്പെടുന്ന മെഡാനിലെ തെരുവിനെക്കുറിച്ചും തോബ എന്ന അഗ്നിപർവത തടാകത്തെക്കുറിച്ചും പള്ളിക്കുള്ളിലിരുന്ന് വരെ മുഖസൗന്ദര്യം വരുത്തുന്ന ഇന്തോനേഷ്യൻ വനിതകളെക്കുറിച്ചുമെല്ലാം ഈ പുസ്തകത്തിൽ രസകരമായി വായിച്ചുപോകാം. തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ മസ്ജിദായ ജക്കാർത്തയിലെ ഇസ്തിഖ്‍ലാൽ മസ്ജിദിനെക്കുറിച്ചും വിവരിക്കുന്നുണ്ട്.

ഉബ്ഡുറൈസ് ഫീൽഡ്സ് സന്ദർശിച്ച് അവിടുത്തെ കൃഷീതികളെക്കുറിച്ചും ഗ്രന്ഥകാരൻ എഴുതുന്നുണ്ട്. ‘‘പരമ്പരാഗത ജീവിതരീതികളെ ഇന്തോനേഷ്യക്കാരെപ്പോലെ പിന്തുടരുന്ന അർധ നഗരവത്കൃത സമൂഹം ലോകത്ത് വേറെയുണ്ടാകുമോ എന്ന് സംശയമാണ്.’’ പതിറ്റാണ്ടുകൾക്കു മുമ്പ് പൊറ്റെക്കാട്ട് പറഞ്ഞതിൽനിന്ന് എടുത്തുപറയത്തക്ക ആചാര മാറ്റങ്ങളൊന്നും ബാലിക്കാർക്ക് സംഭവിച്ചിട്ടില്ല എന്ന് കെ.ടി. ജലീൽ.

ഇന്തോനേഷ്യയിൽ മിശ്രവിവാഹങ്ങൾ സാധാരണമാണെന്ന് ജലീൽ എഴുതുന്നു. മുസ്‍ലിം-ക്രിസ്ത്യൻ വിഭാഗത്തിൽ പെടുന്നവർ പരസ്പരം വിവാഹം കഴിക്കുന്നത് ‘ലൗജിഹാദോ’, ‘ലൗ കുരിശോ’ ഒന്നുമല്ലെന്ന് അദ്ദേഹം പറയുന്നു.

ഒരുപാട് ഇ​ന്തോനേഷ്യൻ വീടുകൾ സന്ദർശിച്ചതിനെക്കുറിച്ചും പറയുന്നുണ്ട്. ഒരു നാടിനെ മനസ്സിലാക്കാൻ ആ നാട്ടിലെ വീടുകളിലെ സന്ദർശനം ഉതകും എന്ന് നിരീക്ഷിക്കുന്നുണ്ട്. കൃഷിയെക്കുറിച്ച് പറയുമ്പോൾ ‘‘മണ്ണിന്റെ ഫലഭൂയിഷ്ടതകൊണ്ട് സമ്പന്നമാണ് ഇന്തോനേഷ്യ എന്നും എന്ത് വിത്തിട്ടാലും ഇവിടെ മുളക്കും; വർഗീയതയുടെയും പരസ്പര വിദ്വേഷത്തിന്റെയും വിത്തൊഴികെ’’ എന്നും എഴുതുന്നുണ്ട്.

രണ്ടാം ഭാഗത്ത് പ്രാചീന ഇന്തോനേഷ്യയുടെയും സെൻട്രൽ ജാവയുടെയും ഫ്രഞ്ച്-ബ്രിട്ടീഷ് ആഗമനത്തിന്റെയും പട്ടാള അട്ടിമറിയുടെയുമൊക്കെ ചരിത്രത്തെക്കുറിപ്പുകളാണ്. പലരുടെയും കണ്ണുതുറപ്പിക്കാൻ പര്യാപ്തമായ ‘ഇന്തോനേഷ്യ ക്ഷേത്രസമൃദ്ധമായ മുസ്‍ലിം രാജ്യം’ എന്ന പുസ്തകം പുതിയ അറിവുകൾ വായനക്കാർക്ക് നൽകുന്ന മനോഹരമായൊരു യാത്രാവിവരണ ഗ്രന്ഥമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indonesia is a Muslim country with many temples- book
News Summary - Indonesia is a Muslim country with many temples
Next Story