പെരുമാൾ മുരുകെൻറ കൃതി ബുക്കർ സമ്മാന പട്ടികയിൽ
text_fieldsഈ വർഷത്തെ അന്താരാഷ്ട്ര ബുക്കർ സമ്മാനത്തിനുള്ള പട്ടിക പ്രഖ്യാപിച്ചു. തമിഴ് നോവലിസ്റ്റ് പെരുമാൾ മുരുകന്റെ "പൈർ" (pyre) എന്ന നോവൽ പട്ടികയിൽ ഇടം നേടി. ആദ്യമായാണ് ബുക്കർ സമ്മാനത്തിനായി ഒരു തമിഴ് നോവൽ പരിഗണിക്കുന്നത്. 1980-കളിലെ തമിഴ്‌നാട്ടിലെ ഗ്രാമീണ പശ്ചാത്തലത്തിൽ, സാമൂഹിക വിവേചനത്തിനെതിരെയുള്ള യുവ പ്രണയത്തിന്റെ കഥയാണിത്. 2013-ൽ തമിഴിൽ പ്രസിദ്ധീകരിച്ച ഈ നോവൽ അനിരുദ്ധൻ വാസുദേവനാണ് ഇഗ്ലീഷിലേക്ക് വിവർത്തനം ചെയ്തത്.
ബുക്കർ സമ്മാന പട്ടികയിൽ ഇടം നേടിയതറിഞ്ഞ പെരുമാൾ മുരുകന്റെ പ്രതികരണമിങ്ങനെ: “ഈ വാർത്ത ഞാനറിഞ്ഞിട്ടേയുള്ളൂ. ഞാൻ വളരെ സന്തോഷവാനാണ്, ഇത് എന്റെ എഴുത്തിനുള്ള വലിയ സ്വീകാര്യതയാണ്. ദുരഭിമാനക്കൊലയാണ് "പൈർ" കൈകാര്യം ചെയ്യുന്നത്. ദുരഭിമാനക്കൊല നമ്മുടെ രാജ്യത്ത് വളരെ വലിയ വിഷയാണ്, ഈ അംഗീകാരത്തിന് ശേഷം കൂടുതൽ ആളുകൾ ഈ വിഷയത്തെക്കുറിച്ച് അറിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു ”
ഏതെങ്കിലും ഭാഷയിലെഴുതി ഇംഗ്ലിഷിലേക്ക് തർജമ ചെയ്യുകയും അത് ഇംഗ്ലണ്ടിലോ അയർലണ്ടിലോ പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന നോവലിനാണ് വർഷം തോറും ഇന്റർനാഷനൽ ബുക്കർ ലഭിക്കുന്നത്. കഴിഞ്ഞ വർഷം ഗീതാഞ്ജലി ശ്രീയുടെ ഹിന്ദിയിൽ നിന്ന് മൊഴിമാറ്റിയ നോവൽ ‘ടൂംബ് ഓഫ് സാന്റി’നായിരുന്നു ഈ അവാർഡ്.
50,000 ബ്രിട്ടിഷ് പൗണ്ട് (ഏകദേശം 50,083,55 രൂപ) ആണ് സമ്മാന തുക. നോവലിസ്റ്റിനും തർജമ നടത്തിയ ആൾക്കും തുല്യമായി തുക വീതിക്കും. മേയ് 23നാണ് വിജയിയെ പ്രഖ്യാപിക്കുക. ഈ വർഷത്തെ ബുക്കർ സമ്മാന പട്ടികയിൽ 13 പുസ്തകങ്ങളാണുള്ളത്. ഇവയിൽ 11 ഭാഷകളിൽ നിന്ന് വിവർത്തനം ചെയ്ത കൃതികളുണ്ട്. ലോകമെമ്പാടുമുള്ള 12 രാജ്യങ്ങളിൽ നിന്നുള്ള കൃതികൾ ഇവയിലുൾപ്പെടുന്നു.
തമിഴ്നാട് സേലം സ്വദേശിയായ പെരുമാൾ മുരുകൻ, സംഘ്പരിവാർ ശത്രുപക്ഷത്ത് നിർത്തിയ എഴുത്തുകാരനാണ്. ‘വൺ പാർട് വുമൺ ’ ഉൾപ്പെടെ പത്തു നോവലുകളും നിരവധി ചെറുകഥകളും കവിതകളും എഴുതിയ മുരുകന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.