കാലത്തിന്റെ പെരും പടവുകൾ
text_fieldsജീവിതമേൽപിച്ച പീഡാനുഭവങ്ങളിൽ നിസ്സഹായരാവുന്നവരുടെ സങ്കീർത്തനമാണ് പെരുമ്പടവത്തിന്റെ കഥാപ്രപഞ്ചം. അരൂപിയായ ദൈവത്തെ സാക്ഷിനിർത്തി മനുഷ്യന്റെ ജീവിതവ്യവഹാരങ്ങളെയും ദൈന്യതയെയും പകർത്തുന്ന സവിശേഷ ശിൽപചാരുതയാണ് അദ്ദേഹത്തിന്റെ രചനകളുെട സവിശേഷത. അരാജകത്വത്തിൽ അകപ്പെട്ടവനും വഷളനെന്ന വിളിപ്പേരിനുടമയുമായ ദസ്തയേവ്സ്കിക്ക് ഹൃദയത്തിനുമേൽ ദൈവത്തിന്റെ കൈയൊപ്പുള്ളവനെന്ന വിശേഷണം ചാർത്തിനൽകുന്നതിൽ ഉപബോധത്തിൽനിന്നുള്ള ഈ ദൈവിക ഇടപെടൽ ദൃശ്യമാണ്. ചെറുപ്പംമുതൽ യുക്തിയുടെ വഴിയേ ചരിക്കുന്ന പെരുമ്പടവത്തിന് അരൂപിയായി വെളിപാടുകൾ നൽകുന്നത് ഒരുപക്ഷേ സർഗചേതനതന്നെയാവാം.
ഉള്ളുനീറ്റിയുരുക്കിയ അക്ഷരങ്ങൾകൊണ്ട് അദ്ദേഹം തീർത്ത ഭാവനാലോകം മറ്റേത് എഴുത്തുകാരനെയും അസൂയപ്പെടുത്തുംവിധം അനുവാചക ലക്ഷങ്ങളെ സമ്പാദിച്ചുനൽകി. അനാഥമായ ബാല്യം ഏൽപിച്ച ശ്വാസംമുട്ടിക്കുന്ന ശൂന്യതയിൽനിന്ന് മോചനം തേടി കടംകൊണ്ട പുസ്തകങ്ങളിൽ ആത്മാവ് പൂഴ്ത്തിയ ശ്രീധരന് എഴുത്ത് അതിജീവനത്തിന്റെ വൈക്കോൽ തുരുമ്പാവുകയായിരുന്നു. മറ്റൊന്നുമാകില്ലെന്ന് ഉള്ളുപറഞ്ഞപ്പോൾ എഴുത്തുകാരനാകാൻ കൊതിച്ചു. ഒരുവേള എഴുത്തും മടുത്ത് പുഴയുടെ ആഴങ്ങളിൽ പ്രാണൻ ത്യജിക്കാൻ തുനിഞ്ഞപ്പോൾ കൈപിടിച്ച് പ്രത്യാശയുടെ പച്ചപ്പിലേക്ക് നടത്തിയത് എഴുതിക്കൊണ്ടിരുന്ന 'അഭയം' നോവലിലെ കഥാപാത്രം. ആയുസ്സിന്റെ പുസ്തകത്തിൽനിന്ന് തന്റെ പേരെഴുതിയ താൾ പറിച്ചെറിയാൻ തുനിഞ്ഞതിൽപിന്നെ എഴുത്തുകൊണ്ട് പുലരാമെന്ന വിശ്വാസം ബലപ്പെട്ടു.
നാൽപതിലധികം കൃതികൾ, 12 തിരക്കഥകൾ -ലോകം ഏറ്റവുമധികം വായിക്കുന്ന മലയാളി കഥാകാരനായി പ്രശസ്തിയുടെ പെരുമ്പടവുകൾ കയറിയപ്പോഴും കോലാഹലങ്ങളിൽനിന്ന് അകന്ന് അന്തർമുഖത്വത്തിന്റെ വല്മീകത്തിലൊളിക്കാനായിരുന്നു പ്രിയം. എഴുത്തിനെകുറിച്ച വരേണ്യ ബോധ്യങ്ങൾ ഏതു കള്ളിയിലൊതുക്കാൻ ശ്രമിച്ചാലും പെരുമ്പടവം നെയ്തുകൂട്ടിയ കാവ്യശിൽപചാരുതയാർന്ന സർഗസൃഷ്ടികൾ കാലാതിവർത്തിയായി നിലനിൽക്കും. ശതാഭിഷിക്തനായ പെരുമ്പടവം തന്റെ എഴുത്തും ജീവിതവും വാരാദ്യ മാധ്യമവുമായി പങ്കുവെക്കുന്നു.
ആയുസ്സിൽ ആയിരം പൂർണചന്ദ്ര ദർശനം മഹാഭാഗ്യമായാണ് വിലയിരുത്തപ്പെടുന്നത്. പിന്നിട്ട 84 വർഷങ്ങളിലേക്ക് നോക്കുമ്പോൾ സംതൃപ്തനാണോ?
നിരാശയില്ല, ഒന്നും നഷ്ടപ്പെട്ടിട്ടുമില്ല. എറണാകുളം ജില്ലയിലെ പെരുമ്പടവമെന്ന കുഗ്രാമത്തിലെ ദരിദ്ര കുടുംബത്തിലായിരുന്നു ജനനം. അച്ഛൻ ആറാം വയസ്സിൽ മരിച്ചു. കൂടപ്പിറപ്പായ സഹോദരിയും ബാല്യത്തിലേ വിട്ടുപിരിഞ്ഞു. അനാഥമായ കുടുംബത്തിന്റെ സങ്കടം മുഴുവൻ അമ്മ തനിയേ ചുമന്നു. ഇല്ലായ്മകൾ സഹിച്ച് ഞങ്ങൾ എങ്ങനെയൊക്കെയോ ജീവിച്ചു. ബാല്യത്തിലെ അനാഥത്വവും കഷ്ടപ്പാടുകളും അതിജീവിച്ചത് വായനയിലൂടെയായിരുന്നു. അക്കാലത്ത് കവിയാകാനായിരുന്നു മോഹം. ചില കവിതകൾ അച്ചടിച്ചുവരുകയും ചെയ്തു.
കഥയുടെ ലോകത്തേക്ക് ആനയിച്ചത് വൈക്കം മുഹമ്മദ് ബഷീറാണെന്ന് കേട്ടിട്ടുണ്ട്?
ചെറുപ്പത്തിൽ ബഷീറിന്റെ 'ബാല്യകാല സഖി' വായിച്ച് അമ്പരന്നയാളാണ് ഞാൻ. അന്നുമുതൽ നേരിട്ട് കാണാൻ കൊതിച്ചു. ബഷീറിന്റെ സഹോദരൻ അബൂബക്കർ എന്റെ സ്നേഹിതനായിരുന്നു. അബൂബക്കറിനൊപ്പം ഒരുദിവസം എറണാകുളം ബോട്ട് ജെട്ടിയിലുള്ള ബഷീറിന്റെ പുസ്തകക്കടയിൽ പോയി. അബൂബക്കർ ബഷീറിന് എന്നെ പരിചയപ്പെടുത്തി.
'നീ എന്തിനാ വന്നേ' എന്നായിരുന്നു ബഷീറിന്റെ ആദ്യചോദ്യം. ഞാൻ ആദ്യം പരുങ്ങി. പിന്നെ പറഞ്ഞു, അങ്ങയെ കാണാൻ, നിങ്ങളെ ദൈവത്തെപോലെ എനിക്ക് ഇഷ്ടമാണ്. നീ ദൈവത്തെ കണ്ടിട്ടുണ്ടോ? -ബഷീർ ചോദിച്ചു. ഇല്ല, കേട്ടിട്ടുണ്ടെന്ന് ഞാൻ. പറഞ്ഞുകേട്ടതിലൊന്നും വിശ്വസിക്കേണ്ട, കണ്ടത് വിശ്വസിച്ചാൽ മതിയെന്ന ഉപദേശവും കിട്ടി. ഞാൻ എഴുതുമെന്ന് കേട്ടപ്പോൾ അദ്ദേഹം ഏറെ വാത്സല്യം കാട്ടി. മടങ്ങവേ കാൽതൊട്ട് വണങ്ങിയ എന്നെ തടഞ്ഞുകൊണ്ട്, കാണുന്നവരുടെയൊന്നും കാലിൽ വീഴരുതെന്നും അമ്മയുടെയോ ഗുരുക്കന്മാരുടെയോ മുന്നിൽ മാത്രമേ ഇത്തരം ആചാരങ്ങൾ പാടുള്ളൂവെന്നും അദ്ദേഹം ഉപദേശിച്ചു. പിന്നീട് പലതവണ അദ്ദേഹത്തെ കാണാൻ പോയി. രചനകൾ കാണിച്ചു. കവിതയെക്കാൾ എനിക്ക് ചേരുന്നത് കഥയാണെന്നും എന്റെ ഭാഷക്ക് ആകർഷണീയതയുണ്ടെന്നും ആദ്യം നിരീക്ഷിച്ചത് ബഷീറാണ്. മഹാനായ ആ എഴുത്തുകാരന്റെ സ്നേഹവാത്സല്യം എന്റെ വളർച്ചക്ക് പ്രേരകശക്തിയായി. ഇന്ന് എഴുതിത്തുടങ്ങുന്ന പലരും മുതിർന്ന എഴുത്തുകാരെ അംഗീകരിക്കില്ല. ജനിച്ചതുമുതൽ വലിയവരാണെന്ന ധാരണയാണ് അവർക്ക്.
'ഒരു സങ്കീർത്തനംപോലെ' പിറന്നിട്ട് മൂന്നു പതിറ്റാണ്ടാവുകയാണ്. ആ ജനകീയ ക്ലാസിക്കിന്റെ രചനാനുഭവം എങ്ങനെ ഓർക്കുന്നു?
പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് നാട്ടിലെ ഒരു ഇംഗ്ലീഷ് അധ്യാപകന്റെ പക്കൽനിന്ന് വിശ്വസാഹിത്യകാരൻ ഫിയോദർ ദസ്തയേവ്സ്കിയുടെ 'കുറ്റവും ശിക്ഷയും' കടംവാങ്ങി വായിച്ചത്. അത് വായിച്ച രാത്രി എനിക്ക് ഉറങ്ങാനായില്ല. റഷ്യൻ എഴുത്തുകാരായ ടോൾസ്റ്റോയിയെയും ചെക്കോവിനെയുമൊക്കെ ഇഷ്ടമാണെങ്കിലും അവരൊന്നും എന്റെ മനസ്സിനെ ഇങ്ങനെ ഇളക്കിമറിച്ചിട്ടില്ല. ദസ്തയേവ്സ്കി എന്റെ ഉള്ളുതൊട്ടു. അദ്ദേഹത്തിന്റെ കിട്ടാവുന്ന കൃതികളെല്ലാം വായിച്ചു. ആ കൃതികളിലെ കഥാപാത്രങ്ങളെയെല്ലാം വെല്ലുന്ന കഥാപാത്രമായി എഴുത്തുകാരൻ മനസ്സിൽ കുടിയേറുകയായിരുന്നു. അങ്ങനെയാണ് ദസ്തയേവ്സ്കിയെ കേന്ദ്രകഥാപാത്രമാക്കി ഒരു നോവൽ രചിക്കാൻ തുനിഞ്ഞത്. വായിച്ച് അഭിപ്രായം പറയാൻ ഗുരുതുല്യനായ എഴുത്തുകാരൻ കെ. സുരേന്ദ്രന് കൈയെഴുത്തുപ്രതി നൽകി. നന്നെങ്കിൽ നിർദേശങ്ങളോടെ തിരിച്ചുനൽകുക, അല്ലെങ്കിൽ കീറിക്കളയുക എന്നതായിരുന്നു എന്റെ അഭ്യർഥന. അതുല്യ സൃഷ്ടിയെന്ന് അദ്ദേഹം നിരീക്ഷിച്ചതിനെതുടർന്നാണ് പ്രസിദ്ധീകരിക്കാൻ ധൈര്യംവന്നത്. 'ദി ഗാംബ്ലർ' എന്ന നോവൽ എഴുതി പൂർത്തിയാക്കാൻ സഹായിച്ച അന്ന ഗ്രിഗോറിയേവ്ന സ്നിറ്റ്കിന എന്ന സ്റ്റെനോഗ്രാഫറുമൊത്തുള്ള ദസ്തയേവ്സ്കിയുടെ 21 ദിവസത്തെ അനുഭവങ്ങളാണ് 'ഒരു സങ്കീർത്തനം പോലെ'യുടെ ഇതിവൃത്തം. ഈ നോവലിന്റെ രചനാകാലം ഏറെ സംഘർഷഭരിതമായിരുന്നു. തോരാതെപെയ്യുന്ന പെരുമഴയിൽ മനസ്സിലെ പച്ചക്കാടുകൾ കത്തുന്നതുപോലെയാണ് അക്കാലം എനിക്ക് അനുഭവപ്പെട്ടത്. 'സങ്കീർത്തനംപോലെ' ഇന്ന് 122 പതിപ്പുകളും നാലുലക്ഷം കോപ്പികളും കടന്ന് വിവിധ ഭാഷകളിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്നു.
നോവൽ രചിച്ച് കാൽനൂറ്റാണ്ടിനുശേഷം അന്നയും ദസ്തയേവ്സ്കിയും ജീവിച്ച തെരുവുകളിലൂടെ സഞ്ചരിച്ചപ്പോൾ എന്തു തോന്നി?
ഹോ, അതൊരു വല്ലാത്ത അനുഭവമായിരുന്നു. ഞാൻ നോവൽ എഴുതുമ്പോൾ റഷ്യ കണ്ടിട്ടില്ല. എങ്കിലും ദസ്തയേവ്സ്കിയുടെ രചനയിലൂടെയും അന്നയുടെ ഓർമക്കുറിപ്പുകളിലൂടെയും സങ്കൽപിച്ച സെന്റ് പീറ്റേഴ്സ്ബെർഗിനെയാണ് നോവലിൽ അവതരിപ്പിച്ചത്. ഞാൻ അവിടെയെത്തുമ്പോൾ, ദസ്തയേവ്സ്കി കൊടും യാതനകളനുഭവിച്ച സെന്റ് പീറ്റേഴ്സ്ബർഗ് സങ്കൽപത്തിലുള്ളതുപോലെതന്നെയായിരുന്നു. തിരുവനന്തപുരം റഷ്യൻ കൾചറൽ സെന്റർ ഡയറക്ടർ രതീഷ് സി. നായരാണ് റഷ്യയിലെത്താൻ അവസരമൊരുക്കിയത്. എഴുത്തുകാരൻ പോൾ സക്കറിയ ഒരിക്കൽ വീട്ടിലെത്തി റഷ്യയിൽ പോയി ഡോക്യുമെന്ററി ചെയ്യുന്നതിനെകുറിച്ച് സംസാരിച്ചു. ഞാൻ ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും പിടിച്ചപിടിയാലേ അദ്ദേഹം എന്നെ കൊണ്ടുപോയി. ദസ്തയേവ്സ്കി സഞ്ചരിച്ച വഴികളും ശവകുടീരവും വീടും അന്നയുടെ അടുക്കളയും ചൂതാട്ടകേന്ദ്രവും കണ്ടുനടന്നു. ദസ്തയേവ്സ്കിയുടെ എഴുത്തുമേശക്കരികിലെത്തിയപ്പോൾ, ഞാനൊരു വിശ്വാസിയല്ലെങ്കിലും കാൽവരിയിലെന്നപോലെ മുട്ടുകുത്തിപ്പോയി, അറിയാതെ കരഞ്ഞു.
പുതിയ നോവൽ 'അവനിവാഴ്വ് കിനാവ്' പ്രസിദ്ധീകരണത്തിന് പാകമായോ, അതിന്റെ വിശേഷങ്ങൾ?
മഹാകവി കുമാരനാശാനെ കഥാപാത്രമാക്കി ചിട്ടപ്പെടുത്തിയ നോവലാണത്. കുമാരനാശാന്റെ 'വീണപൂവി'ൽനിന്നാണ് ആ പേര് കടംകൊണ്ടത്. ഭൂമിയിലെ ജീവിതം സ്വപ്നമാണ്, യാഥാർഥ്യമല്ല എന്ന ആശയമാണ് അതിന്റെ അടിസ്ഥാനം. എഴുതി പൂർത്തിയാക്കി ഒരുമാസം കഴിഞ്ഞപ്പോൾ കുറച്ചുകൂടി മെച്ചപ്പെടുത്തണമെന്ന് തോന്നി. അതിന്റെ മിനുക്കിയെഴുത്ത് ഉടൻ പൂർത്തിയാക്കാനാകുമെന്നാണ് വിശ്വാസം.
പീഡാനുഭവങ്ങളിൽ ഉഴലുന്ന മനസ്സും അതിൽനിന്നുള്ള ഉയിർപ്പ് സ്വപ്നങ്ങളും താങ്കൾ യേശുവിൽനിന്നാണ് കടംകൊണ്ടത്. അതുപോലെ യാതനയനുഭവിക്കുന്ന മനുഷ്യർക്കായി പൊരുതിയവരല്ലേ ഗാന്ധിജിയും കാൾമാർക്സുമൊക്കെ. ചരിത്രപുരുഷന്മാരെ കഥാപാത്രങ്ങളാക്കുമ്പോൾ ഇവരെയൊക്കെ പരിഗണിക്കാതിരുന്നതെന്തുകൊണ്ട്?
എന്തോ, എനിക്കങ്ങനെ തോന്നിയിട്ടില്ല. ഞാനും ഗാന്ധിയനാണ്. എന്നാലും പ്രായോഗിക ജീവിതത്തിനപ്പുറം പോകാൻ അദ്ദേഹത്തിനാവുന്നില്ല. കാൾമാർക്സ് ഒരു സമൂഹത്തിന്റെ വളർച്ചക്ക് ബൃഹത്തായ സംഭാവന നൽകിയയാളാണ്. പക്ഷേ, അദ്ദേഹത്തിന്റെ സഹനങ്ങൾക്ക് ആത്മീയ സ്പർശമില്ല. ലോകത്തെ മാറ്റിപ്പണിയാൻ ശ്രമിച്ചെങ്കിലും അദ്ദേഹത്തിന് പോകാവുന്ന വഴികൾ എവിടെവെേച്ചാ ഞരുങ്ങിപ്പോയി.
സമഗ്രാധിപത്യ പ്രവണതകളും വർഗീയതയും സമൂഹത്തിനുമേൽ ഫണംവിരിക്കുമ്പോൾ എഴുത്തുകാർക്ക് നിശ്ശബ്ദരാകാനാകുമോ?
പിന്തിരിപ്പൻ ആശയങ്ങൾക്കെതിരായ നിലപാടുകൾ പുരോഗമനവാദിയായ ഏത് എഴുത്തുകാരനുമുണ്ടാകണം. സമൂഹം പുരോഗമന ആശയങ്ങൾ കാത്തുസൂക്ഷിക്കേണ്ടതുണ്ട്. എന്നാൽ, പുരോഗമനവാദികൾ അത്തരം ഉത്തരവാദിത്തങ്ങളിൽനിന്ന് വഴുതിപ്പോകുന്നതായാണ് മനസ്സിലാക്കുന്നത്.
ലോകം കുറച്ചുകൂടി മെച്ചപ്പെടേണ്ടതുണ്ടെന്ന് താങ്കൾ ദസ്തയേവ്സ്കിയെക്കൊണ്ട് ദൈവത്തോട് ചോദിപ്പിച്ചു. അത് താങ്കളുടെതന്നെ ആഗ്രഹമല്ലേ?
അതെ, അത് എന്റെ ആത്മാർഥമായ ചോദ്യമാണ്. ഉത്തരം കിട്ടാത്ത ചോദ്യം.
കുടുംബം. ആരോഗ്യം?
ആറുവർഷംമുമ്പ് ഭാര്യ ലൈല മരിച്ചതോടെ ഞാൻ തനിച്ചായി. ഏതു പ്രയാസമേറിയ ജീവിതസാഹചര്യവും തരണംചെയ്യാനുള്ള ലൈലയുടെ സാമർഥ്യമാണ് എന്നെ ഇവിടെവരെ എത്തിച്ചത്. പ്രായത്തിന്റേതായ ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിലും വായന നിർബാധം തുടരുന്നു. കെടാത്ത മനസ്സുള്ളതുകൊണ്ട് ഇനിയും എഴുതാനാവുമെന്നാണ് പ്രതീക്ഷ.
മലയാള സാഹിത്യത്തിൽ ആധുനികതയുടെ മലവെള്ളപ്പാച്ചിലുണ്ടായപ്പോൾ കാൽപനികതയുടെ ലാവണ്യവും കാവ്യാത്മക ഭാഷയും തുളുമ്പുന്ന രചനകൾകൊണ്ട് അനുവാചക ലക്ഷങ്ങളെ ഹൃദയത്തോടുചേർത്ത പെരുമ്പടവത്തിന് എഴുത്തിന്റെയും വായനയുടെയും ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷയാണുള്ളത്. ജീവിതത്തിലെ സന്ദിഗ്ധ ഘട്ടങ്ങളിലെല്ലാം ഉലയാതെ കാത്തത് തന്നിലേക്ക് ഉറ്റുനോക്കുന്ന വായനക്കാരുണ്ടെന്ന ഉറപ്പായിരുന്നെന്ന് അദ്ദേഹം പറയും.
അപരനിൽ തന്നെക്കാൾ മഹത്ത്വം കണ്ടെത്തുന്ന കളങ്കമില്ലാത്ത വിനയമാണ് പെരുമ്പടവം ശ്രീധരനെന്ന മനുഷ്യൻ. മകൾ അല്ലിക്കൊപ്പം പൂജപ്പുര തമലത്തെ വീട്ടിലാണ് താമസം. ബഹ്റൈനിലുള്ള ഇളയ മകൾ രശ്മിയും മരുമകൻ ലെസ്ലി പോളും ചെറുമകൾ സങ്കീർത്തനയും അവധിക്ക് നാട്ടിലെത്തിയിട്ടുണ്ട്. അവരോട് ഫലിതം പറഞ്ഞും ഇടക്ക് പുസ്തകങ്ങളിൽ മനസ്സ് പൂഴ്ത്തിയും വല്ലപ്പോഴുമെത്തുന്ന സന്ദർശകരോട് സ്നേഹം പങ്കിട്ടും പുതിയ കൃതിയുടെ വെളിപാടിനായി കാത്തിരിപ്പിലാണ് പെരുമ്പടവം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.