ഷെഹീറ നസീറിന് ഐ.പി.ആർ.എസ് അംഗത്വം
text_fieldsഓച്ചിറ: സിനിമാ ഗാനരചയിതാക്കളുടെ ദേശീയ കൂട്ടായ്മയായ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ പെർഫോമിങ് റൈറ്റ് സൊസൈറ്റിയിൽ ഓച്ചിറ സ്വദേശിനിക്ക് അംഗത്വം. സാഹിത്യകാരിയും ഗാനരചനാ രംഗത്തെ പെൺസാന്നിധ്യവുമായ ഷെഹീറാ നസീറിനാണ് മലയാളത്തിലെ പ്രശസ്തർക്കൊപ്പം ഐ.പി.ആർ.എസ് അംഗത്വം ലഭിച്ചത്.
ജാവേദ് അക്തർ ഡയറക്ടർ ബോർഡ് അംഗവും ശശിഭൂഷൻ സൗത്ത് റീജ്യൻ ചുമതലയും നിർവ്വഹിക്കുന്ന ഐ.പി.ആർ.എസ് ഇന്ത്യാ ഗവൺമെന്‍റിന്‍റെ അംഗീകാരമുള്ള ഗാനരചയിതാക്കളുടെ കൂട്ടായ്മയാണ്. ഷെഹീറാ നസീർ ചങ്ങായി, ക്യാബിൻ, കെണി എന്നീ ചിത്രങ്ങളിൽ ഗാനരചന നിർവ്വഹിച്ചിട്ടുണ്ട്. പുറത്തിറങ്ങാനിരിക്കുന്ന സലാം ബാപ്പു, നാദിർഷാ എന്നിവരുടെ ചിത്രങ്ങളിലും ഷഹീറാ നസീറിന്‍റെ പാട്ടുകളുണ്ട്.
ചോരുന്ന വരാന്തകൾ, ജാലകക്കാഴ്ചകൾ, മഴ നനയുന്നവർ എന്നീ കഥാ-കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാള ഭാഷയ്ക്ക് 100 ശതമാനം വിജയം വരിച്ച കുട്ടികളെ പഠിപ്പിച്ച അധ്യാപികയ്ക്കുളള 2017ലെ കേന്ദ്ര സർക്കാറിന്‍റെ പ്രതിഭാ പുരസ്കാരഫലകം നേടിയ അധ്യാപിക കൂടിയാണിവർ.രചനകളെ മുൻനിർത്തി മുപ്പതിലധികം പ്രതിഭാ പുരസ്കാരങ്ങളും ഷഹീറയെ തേടിയെത്തിയിട്ടുണ്ട്.
പ്രവാസിയായ നസീർ ആണ് ഷഹീറയുടെ ഭർത്താവ്. ഓച്ചിറ മേമന ചാങ്ങേതറയിൽ എം. താജുദ്ദീൻ കുഞ്ഞിൻ്റെയും സഫിയത്തിൻ്റെയും മകളാണ്. നസ്റിൻ, സൽമാൻ എന്നിവർ മക്കളാണ്. പ്ലസ് ടു മലയാളം അധ്യാപികയായി സൗദിയിലെ അൽ ജനൂബ് സ്കൂളിൽ ജോലി ചെയ്തിരുന്ന ഷഹീറ മലയാള സാഹിത്യത്തിൽ എം.എ, ബി.എഡ് ബിരുദധാരിയാണ്.എം.എഡ്ഡിന് ചേരാനായി ഇപ്പോൾ നാട്ടിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.