ബംഗാളി നോവലുകൾ മലയാളികൾക്ക് പരിചയപ്പെടുത്തിയ ലീല സർക്കാറിന് ഇപ്റ്റയുടെ ആദരം
text_fieldsമുംബൈ: നൂറിലേറെ ബംഗാളി നോവലുകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ലീല സര്‍ക്കാരിന് ആദരമർപ്പിച്ച് ഇപ്റ്റ കേരളയുടെ മുബൈ ഘടകം. രബീന്ദ്രനാഥ് ടാഗോര്‍, ശരത് ചന്ദ്ര ചാറ്റര്‍ജി, മുന്‍ഷി പ്രേംചന്ദ്, വനഫൂല്‍, ബിഭൂതിഭൂഷണ്‍, ബുദ്ധദേവഗുഹ, സത്യജിത് റായ് തുടങ്ങിയവരുടേതുള്‍പ്പെടെ നിരവധി കൃതികള്‍ പരിഭാഷപ്പെടുത്തിയ ലീല സർക്കാരിന്റെ നവി മുംബൈ, നെരൂളിലെ വസതിയിലെത്തിയാണ് ഇപ്റ്റ കേരളയുടെ മുംബൈ ഘടകം പ്രവർത്തകർ ആദരമർപ്പിച്ചത്.
മലയാള സാഹിത്യ വികാസ ചരിത്രത്തില്‍ പരിഭാഷകളിലൂടെ രൂപപ്പെട്ട ഭാവുകത്വ പരിണാമത്തിന്റെ സുപ്രധാന സൂത്രധാരകരില്‍ ഒരാളെന്ന നിലയ്ക്ക് ഭാഷയേയും സാഹിത്യത്തെയും നവീകരിക്കുന്നതില്‍ ലീലാ സര്‍ക്കാര്‍ നല്‍കിയ സംഭാവനകൾ ഇപ്റ്റ പ്രവർത്തകർ ഓര്‍മിപ്പിച്ചു.
സംഘടനയുടെ വൈസ് പ്രസിഡണ്ട് മുരളി മാട്ടുമ്മൽ, പ്രസിഡന്റ് ബിജു കോമത് എന്നിവർ ചേർന്ന് വിവർത്തക ലീല സർക്കാരിന് ഇപ്റ്റ കേരള മുംബൈ ഘടകത്തിന്റെ സ്നേഹോപഹാരവും ശ്യാംലാൽ മണിയറ, പാർവതി എസ് മേനോൻ, വേദ് നിരഞ്ജൻ ചേർന്ന് ഇപ്റ്റയ്ക്കു വേണ്ടി പ്രശംസാപത്രവും കൈമാറി. ഇരുപതാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തോടെ വംഗ നാടിന്‍റെ കഥാ സാഹിത്യ ധന്യത മലയാളത്തിലേക്ക് ഒഴുകിയെത്തിയതിനും അവരുടെ കഥാ സാഹിത്യത്തിന്‍റെ വിശാല ലോകം മലയാളം കണ്ടതിനും മലയാളികൾ ലീലാ സര്‍ക്കാരിനോട് വലിയ അളവില്‍ കടപ്പെട്ടിരിക്കുന്നതായി പ്രശംസാപത്രത്തിൽ കുറിച്ചു. ഇപ്റ്റ കേരള മുംബൈ ചാപ്റ്റർ സെക്രട്ടറി പി ആർ സഞ്ജയ് ആമുഖ പ്രഭാഷണം നടത്തി.
ചർച്ചയിൽ സാംസ്‌കാരിക പ്രവർത്തകൻ വാസൻ വീരച്ചേരി, രുഗ്മിണി സാഗർ, ന്യൂ ബോംബെ കേരളീയ സമാജം സെക്രട്ടറി പി ഡി ജയപ്രകാശ്, സുരേഷ് പുളിയത്ത്, മാധ്യമ പ്രവർത്തകൻ എൻ ശ്രീജിത്, മുരളി മാട്ടുമ്മൽ എന്നിവർ പങ്കെടുത്തു. പുതിയ തലമുറയ്ക്ക് മലയാള ഭാഷയോടുള്ള വിമുഖതയും ഗ്രന്ഥശാല പ്രസ്ഥാനങ്ങളുടെ അപചയവും തന്നെ ദുഃഖിതയാക്കുന്നതായി ലീല സർക്കാർ പറഞ്ഞു.
1969ല്‍ ദീപേഷ് സര്‍ക്കാറിനെ വിവാഹം കഴിച്ച് ബംഗാളിന്റെ മരുമകളായി മാറിയ ലീല സർക്കാറിന്റെ ആദ്യ പരിഭാഷ 1978ല്‍ ജനയുഗത്തിലാണ് പ്രസിദ്ധീകരിച്ചത്. 1994ല്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ പരിഭാഷക്കുള്ള അവാര്‍ഡ്, 2000 ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, 2010 ല്‍ സി.പി. മേനോന്‍ സ്മാരക അവാര്‍ഡ്, 2015 ല്‍ വിവര്‍ത്തകരത്നം തുടങ്ങിയ പുരസ്കാരങ്ങൾ ലീല സർക്കാരിന് ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.