ഇഖ്റഅ്
text_fieldsനബിയേ അങ്ങ് നിരക്ഷരനാണെന്ന് കേൾക്കുന്നു/ ശരിയായിരിക്കാം/സാക്ഷരൻ അക്ഷരങ്ങളോളമേ ഉള്ളൂ/ എഴുതപ്പെട്ടതല്ലാതെ വായിക്കാനാവുമോ അയാൾക്ക്? അങ്ങ് വായിച്ചതെല്ലാം/ മുമ്പാരും എഴുതാത്തത് (കൽപറ്റ നാരായണൻ). പ്രപഞ്ചമാനമുള്ള മഹാ വായനയിലേക്ക് മതാത്മകമായും മതരഹിതമായും പ്രവേശിക്കാനുള്ള അർഥഭാരമേറെയുള്ള അറബി താക്കോൽ വാക്കാണ് വായിക്കുക എന്ന അർഥമുള്ള ഇഖ്റഅ്.
പ്രവാചകത്വത്തിന്റെ പ്രകാശലോകങ്ങളിലേക്ക് മുഹമ്മദ് നബി പറന്നുയർന്നത്, പ്രപഞ്ചവായനക്കുള്ള ആ വിസ്മയ താക്കോൽ ജിബ്രീൽ മാലാഖയിൽനിന്ന് ഏറെ പരിഭ്രമിച്ച് സ്വീകരിച്ചതിനുശേഷമാണ്. അപ്രതീക്ഷിതമായ ഒരു സ്ഥലത്തുവെച്ച്, അപരിചിതമായ ഒരാൾവന്ന്, വായിക്കാനേ അറിയാത്ത ഒരാളോട്, വായിക്കാൻ ആജ്ഞാപിക്കുമ്പോഴുള്ള ആ അസ്വസ്ഥതയും അമ്പരപ്പും അത്ഭുതവുമാണ് മുഹമ്മദ് നബിയെ എന്നതുപോലെ, സർവ മനുഷ്യരെയും ഒരുവിധമല്ലെങ്കിൽ മറ്റൊരു വിധത്തിൽ വായനയിലേക്ക് മറിച്ചിടുന്നത്.
വായനശാലയിൽപോയി പുസ്തകം ൈകയിലെടുത്ത് സാക്ഷരരായ മനുഷ്യർ അത് മറിച്ചുനോക്കുന്നതും വായിക്കുന്നതും നമുക്ക് എളുപ്പം മനസ്സിലാക്കാവുന്ന കാര്യമാണ്. എന്നാൽ, അക്ഷരമറിയാത്ത ഒരാൾ, ഒരു പുസ്തകവും കാണാതെ പ്രപഞ്ചങ്ങളായ പ്രപഞ്ചങ്ങളെ വായിക്കുന്നത് സാധാരണ വായനയെയും സാമാന്യയുക്തിയെയും ആഴത്തിൽ അസ്വസ്ഥപ്പെടുത്തുംവിധം സർഗാത്മകമാണ്.
പർവതങ്ങൾ കടലുകൾ താഴ്വരകൾ പലജാതി വൃക്ഷജന്തു മനുഷ്യജാലങ്ങൾ എന്നിവയുടെയൊക്കെ താളുകൾ മറിച്ചുകൊണ്ട്, കരയിലും മറുകരയിലും ഒരു സാഹസികയാത്രക്കൊരുങ്ങാനാണ്, മണ്ണ് മനുഷ്യരോട് അഗ്നി മാലാഖ ആവശ്യപ്പെടുന്നത്. അകംവെന്ത് വിയർപ്പൊഴുക്കിയ ആ മഹാവായനയുടെ മുരട്ടിൽനിന്നാണ് മറ്റ് വായനകളൊക്കെയും കാലാന്തരത്തിൽ മുളപൊട്ടിയത്.
അപാരമായ പദാർഥ പരപ്പിനുമുന്നിൽ പകച്ച്, അനന്തതയെ അഭിമുഖീകരിച്ച ആദിമർ എന്ന് വിളിക്കാവുന്ന അതിപ്രാചീനകാലത്ത് ജീവിച്ച നമ്മുടെ മുൻഗാമികളെ മറന്ന്, മറ്റൊരുതരം വായനയെയും കുറിച്ച് ആലോചിക്കാനാവില്ല. ആലോചിക്കുംതോറും കുരുക്കു മുറുകുന്ന ഒരഴിയാകുരുക്കിനെയാണ് മറ്റെന്തുമെന്നപോലെ വായനയും ദൃശ്യപ്പെടുത്തുന്നത്.
എന്നാലതിനെ, മറ്റെല്ലാ കാര്യങ്ങളെയെന്നപോലെ ചരിത്രത്തിലേക്ക്, മാറിവരുന്ന സന്ദർഭങ്ങളിലേക്ക്, വിവിധകാലങ്ങളിൽ മനുഷ്യർ നിർവഹിക്കുന്ന നാനാതരം ഇടപെടലുകളിലേക്ക് തുറന്നിടാൻ കഴിഞ്ഞാൽ, ഒരു കടുംവെട്ടും കൂടാതെ ആ അഴിയാകുരുക്കും അഴിഞ്ഞുകിട്ടും.
മാറ്റിത്തീർക്കലും മനസ്സിലാക്കലുമാണ്, അതിനനുസരിച്ചുള്ള ഇടതടവില്ലാത്ത ഇടപെടലുകളുമാണ് വായനയെങ്കിൽ, ഒരേസമയംതന്നെ മനുഷ്യർ പലതരം വായനയിലൂടെയാണ് കടന്നുപോവുന്നതെന്ന് കാണാൻ കഴിയും! സാക്ഷരതക്കു മുമ്പ് പ്രധാനമായും നിലനിന്നത്, പ്രപഞ്ച-പ്രകൃതി-സമൂഹ-അജ്ഞാത-വെളിപാട് വായനകളാണെങ്കിൽ, സാക്ഷരതയോടെ ഇതെല്ലാം വലിയൊരു പരിധിവരെ അക്ഷരങ്ങളിലേക്ക് ഉദ്ഗ്രഥിക്കപ്പെടുകയാണുണ്ടായത്.
അങ്ങനെ ഉദ്ഗ്രഥിതമായ അക്ഷരവായനയുടെ തന്നെ തുടർച്ചയിലാണ് ആധുനിക സാങ്കേതികവിദ്യ സാധ്യമാക്കിയ ഇലക്േട്രാണിക് വായന വികസിച്ചുവന്നത്. ഒരിക്കലും പൂർണമായും അറിയപ്പെടാത്തത് എന്നർഥത്തിലുള്ള അജ്ഞാതവും അറിയുന്ന അജ്ഞാതവും പലതരത്തിലുള്ള അജ്ഞാതങ്ങളും, മനുഷ്യബന്ധങ്ങളെ ക്രമപ്പെടുത്തുന്ന നാനാതരത്തിലുള്ള അധികാരബന്ധങ്ങളും, അതിനോടൊക്കെയുള്ള അനുകൂല എതിർ നിസ്സംഗനിസ്സഹായ സമീപനങ്ങളുമാണ് വായനയിൽ വൈവിധ്യങ്ങൾ സൃഷ്ടിക്കുന്നത്.
വായനയിലെ വൈവിധ്യങ്ങൾ എന്നതുപോലെ, വായനതന്നെയും വൈവിധ്യങ്ങളിൽനിന്നാണ്, അനേകതയിൽനിന്നാണ്, ആവിഷ്കൃതമാവുന്നത്. പ്രപഞ്ച പ്രകൃതിവായനയെന്ന അർഥത്തിൽ പ്രവ, നമുക്കേറെ പരിചിതമായിതീർന്ന അക്ഷരവായനയെന്ന അർഥത്തിൽ അവ, അതിന്റെ തുടർച്ചയായ ഇലക്േട്രാണിക് വായനയെന്ന അർഥത്തിൽ ഇവ, ഇവകളെയെല്ലാം പ്രയോഗങ്ങളിലേക്ക് കണ്ണിചേർക്കുന്ന പരീക്ഷണ-നിരീക്ഷണ-ധൈഷണിക പ്രവർത്തനങ്ങളെ പ്രതിനിധാനം ചെയ്യുന്ന പൊവ എന്ന പൊതുവായന എന്നിങ്ങനെ വ്യത്യസ്ത വായനകളെ വിശകലന സൗകര്യത്തിനുവേണ്ടി വിഭജിക്കാമെന്ന് തോന്നുന്നു.
വായനയെക്കുറിച്ചുള്ള ആലോചനയിൽ റൊളാങ്ബാർത്ത് മുതൽ ജാക്വിസ് ദറിദവരെയുള്ളവർ എന്തൊക്കെ പറഞ്ഞുവെന്ന് അക്കാര്യങ്ങളിൽ വിവരമുള്ളവർക്ക് സന്ദർഭം അതാവശ്യപ്പെടുന്നുണ്ടെങ്കിൽ മാത്രം വിശദീകരിക്കാവുന്നതാണ്. എന്നാൽ, അതിനപ്പുറവും ഇപ്പുറവും ഇനി ഒന്നുമില്ലെന്നോ ഉണ്ടാവുകയില്ലെന്നോ ഉറപ്പിച്ചു പറഞ്ഞുകൂടാ.
കാരണം, ദറിദയുൾപ്പെടെയുള്ളവരുടെ ചിന്താലോകംതന്നെ അത്തരം സുനിശ്ചിതവാദങ്ങളെ ശരിവെക്കുന്നില്ലെന്ന് മാത്രമല്ല, വായന അനിവാര്യമാക്കുന്ന പാഠാന്തരബന്ധത്തിന്റെ പാരസ്പര്യത്തിൽ, പുതിയ വായനാപാഠങ്ങളുടെ സാധ്യതയും അതിനനുസൃതമായ നിർവചനങ്ങളും ഉണ്ടാവും എന്നതിനെ ശരിവെക്കുകയും ചെയ്യുന്നുണ്ട്.
അവർ അത് ശരിവെച്ചിട്ടില്ലെങ്കിലും ഒരു കുഴപ്പവുമില്ല! സർവതിനും ലേബൽ വേണമെന്ന അസഹ്യതയോളമെത്തുന്ന നിർബന്ധം, ഒരു തത്ത്വത്തിന്റെയും പേരിൽ സ്വയം ആഘോഷിക്കേണ്ട ഒരാവശ്യവുമില്ല. ഇക്കാര്യത്തിൽ എനിക്കിഷ്ടമായത് ഒ.വി. വിജയന്റെ ഒരു ആക്ഷേപഹാസ്യവാക്യമാണ്.
അതിങ്ങനെ: ഫുക്കോവിന്റെയും ദറിദയുടെയും താങ്ങില്ലാതെ സാഹിത്യജീവിതം നടത്തിക്കൊണ്ടുപോകാനാവുമോ എന്ന് നോക്കുകയാണ് ഞാൻ. ഇട്ടിരാരിച്ചൻ നായരുടെ കവിതാരീതി അറിയാതെ ദറിദക്ക് ജീവിക്കാമെങ്കിൽ നമുക്ക് ദറിദയെക്കൂടാതെ എഴുത്തുനടത്താൻ പറ്റണം.
വായന സംബന്ധമായ പ്രശ്നങ്ങൾ ആഴത്തിൽ ആലോചിച്ചാൽ ഒരു പരിധിവരെ അത് ബഹുസ്വരത സൃഷ്ടിക്കുന്ന സങ്കീർണസൗന്ദര്യത്തിന്റേതാണ്. അതിനെ അത്രയെളുപ്പം ആർക്കും കൃത്രിമ ഏകത്വത്തിലേക്ക് സ്വന്തം ഇഷ്ടംമാത്രം പരിഗണിച്ച് വെട്ടിച്ചുരുക്കാനാവില്ല.
അക്കാര്യത്തിലും മനുഷ്യരെ കാക്കുന്നതിന് ചിതലുപിടിക്കാതെ നിൽക്കുന്ന ചരിത്രബോധത്തിന് കഴിയും. അവിടെവെച്ച് ബഹു-വായനാരതിയെന്നപോലെ ഏകവായനാശാഠ്യവും അപ്രസക്തമാവും. കൃത്രിമഭാഷയായ ആസ്പിരാേന്റാവിന് ഈവിധമുള്ള ഒരു സംഘർഷത്തെയും അഭിമുഖീകരിക്കേണ്ടതില്ല.
ആ ഭാഷയിൽ എല്ലാ നാമങ്ങളും ‘ഒ’യിൽ അവസാനിക്കുകയും, വിപരീതപദങ്ങളൊക്കെയും ‘മാൽ’ (Mal) എന്നതിൽ ആരംഭിക്കുകയും ചെയ്യും! ഇംഗ്ലീഷ് ഓറഞ്ച് ആസ്പിരാന്റോവിൽ ഓറഞ്ചോ ആവും പ്രാക്ടിസ് മാൽപ്രാക്ടിസും! അതുപോലെ ബനാന ബനാനോ ആവും.
റസ്റ്റ് അൺറസ്റ്റ് ആവില്ല, മാൽറസ്റ്റാവും. ഓറഞ്ച്, ബനാന എന്നീ നാമപദങ്ങളെന്നപോലെ ആസ്പിരാേന്റാ എന്ന കൃത്രിമഭാഷയിൽ വിപരീതപദങ്ങളടക്കം ഒന്നും വായനക്കാരെ വിഭ്രമിപ്പിക്കുകയില്ല. അതുകൊണ്ടാണ് ആസ്പിരാന്റോവിൽ സാഹിത്യകൃതികളോ, എന്തിന് വരണ്ട സർക്കാർ ഉത്തരവുകൾപോലുമോ ഇല്ലാതിരിക്കുന്നത്!
ഏതെങ്കിലും ഒരു ജീവൽഭാഷയുടെ മാധ്യമികതയിലൂടെയല്ലാതെ ഇന്ന് ആർക്കും ഒരുതരത്തിലുള്ള വായനയും സാധ്യമാവില്ല. പ്രവ തൊട്ട് പൊവ വരെ പ്രത്യക്ഷത്തിൽ ഭാഷ ആവശ്യമില്ലെന്ന് തോന്നുന്ന വായനകളിൽപോലും, അതത് പ്രദേശത്തെ പ്രാദേശികഭാഷകളുടെ അസന്നിഹിത സാന്നിധ്യമുണ്ട്! സാധാരണഗതിയിൽ ഒരു കിലോ അരി എന്ന് പറയുമ്പോഴോ എഴുതുമ്പോഴോ വിലക്കയറ്റമുണ്ടാക്കിയേക്കാവുന്ന സംഭ്രമം മാറ്റിവെച്ചാൽ, വായനയിൽ ഒരു സങ്കീർണതയുമുണ്ടാവില്ല.
അതേറെ നിരുപദ്രവകരവും നിഷ്കളങ്കവുമായി അതിനാൽ അനുഭവപ്പെടുകയും ചെയ്യും. എന്നാൽ, കാര്യത്തിന്റെ വേരിലേക്കിറങ്ങിയിറങ്ങി ചെല്ലുമ്പോൾ മധുരം കയ്ച്ചുതുടങ്ങും, നൃത്തംവെച്ച കാലുകൾ ഉളുക്കി തുടങ്ങും! അരി എന്നൊരു വാക്കുപോലും കണ്ടുകിട്ടാത്തവിധം കൊടും വരൾച്ച കാരണം നെല്ല് അപൂർവമായ ഒരവസ്ഥയായി മാറിയ വിഭൂതിഭൂഷൺ ബന്ദോപാധ്യായയുടെ അശനിസങ്കേത് എന്ന പ്രശസ്ത നോവൽ ലോകത്തിന്റെ അകത്തുനിന്ന് അവിടെയുള്ള ആരെങ്കിലും ഒരു കിലോ അരിയെന്നു പറഞ്ഞാൽ അവിടെയുള്ള മനുഷ്യർ അയാളെ ക്യൂ നിന്ന് അടിക്കും! ഒരു മണി അരിപോലും ഇല്ലാത്തൊരിടത്ത് ഒരാൾ ഒരു കിലോ അരി എന്നുച്ചരിക്കുന്നതുപോലും, അസഹ്യമായ ആഡംബരമായി മാറും!
ഒരവസ്ഥയെ അതുമായി ബന്ധമുള്ളതോ ബന്ധമില്ലാത്തതോ ആയ വ്യത്യസ്ത സന്ദർഭങ്ങളിലേക്ക് ചേർത്തുവെക്കുമ്പോഴാണ് നിരുപദ്രവകരവും നിഷ്കളങ്കവുമായ വായനയെന്ന മിത്ത് പൊളിയുന്നത്. കൃതികളിൽ വാക്കുകൾ ഉറങ്ങിക്കിടക്കുമ്പോൾ കുഴപ്പമില്ല.
എന്നാൽ, വായനയിൽ അവ ഉണരുമ്പോൾ, ആ ഉണർവ് എഴുത്ത് സന്ദർഭങ്ങളെപ്പോലും അട്ടിമറിക്കും. ഉദാഹരണമായി പ്രശസ്തവേദപണ്ഡിതനായ ദയാനന്ദസരസ്വതി സത്യാർഥപ്രകാശിൽ വാക്യത്തിന്റെ സന്ദർഭപ്രസക്തി വ്യക്തമാക്കാൻ പറഞ്ഞ, ഹേ ഭൃത്യാ, ത്വം സൈന്ധവമാനയഃ എന്ന ആ കൊച്ച് വാക്യംമാത്രം അപഗ്രഥിച്ചാൽ മതിയാവും.
സാധാരണ സന്ദർഭത്തിൽ അർഥം കൃത്യം വ്യക്തമാവുന്ന ഒരു പ്രയോഗം തന്നെയാണത്, അല്ലയോ വേലക്കാരാ, നീ സൈന്ധവം കൊണ്ടുവരൂ എന്ന് പറയുമ്പോൾ അതിൽ സാധാരണഗതിയിൽ ഒരു അവ്യക്തതയുമില്ല. സൈന്ധവം എന്ന വാക്കിന് ഉപ്പ് എന്നും കുതിര എന്നും അർഥമുള്ളതിനാൽ; യജമാനൻ ഉണ്ണുന്ന സമയത്താണെങ്കിൽ, ബുദ്ധിമാനായ വേലക്കാരൻ ഉപ്പും, യജമാനൻ യാത്രക്കുള്ള ഒരുക്കത്തിലാണെങ്കിൽ ഭൃത്യൻ കുതിരയും കൊണ്ടുവരും.
അതായത് മനസ്സിലാക്കലിൽ സന്ദർഭം പ്രധാനമാണെന്നാണ് ദയാനന്ദസരസ്വതി വ്യക്തമാക്കുന്നത്. മാത്രവുമല്ല, ഉണ്ണുന്ന സമയത്ത് ഉപ്പ് കൊണ്ടുവരുന്നതിന് പകരം സന്ദർഭപ്രാധാന്യം ശ്രദ്ധിക്കാതെ കുതിരയെ കൊണ്ടുവരുന്ന ഭൃത്യൻ പമ്പരവിഡ്ഢിയാണെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു.
സാധാരണ വായനാസന്ദർഭത്തിൽ ഇത് ശരിയാണെന്ന് ആരും സമ്മതിക്കും. ഒരു തർക്കവുമില്ല. എന്നാൽ, യജമാനന്റെ പീഡനം അസഹ്യമായി തീരുന്ന പശ്ചാത്തലത്തിൽ, ഭൃത്യർ ഉണ്ണുന്ന സമയത്ത് ഉപ്പ് കൊണ്ടുവരാതെ, കുതിരയെ കൊണ്ടുവന്ന് യജമാനന്മാരെ ചവിട്ടിച്ചാൽ, വിമോചനചരിത്രം അവരെ വിളിക്കുക വിഡ്ഢികൾ എന്നല്ല വിപ്ലവകാരികൾ എന്നായിരിക്കും. നിഘണ്ടുക്കൾ നിസ്സഹായമാവും. വായനയെ നിർണയിക്കുന്ന പതിവ് സന്ദർഭങ്ങൾ അതോടെ കീഴ്മേൽ മറിയും.
ഹസ്സൻ മന്റോയുടെ ‘ഖോൽദോ’ എന്ന ചെറുകഥയിലെ പീഡിതയായ പെൺകുട്ടി കിടക്കുന്ന ഇരുട്ടുമുറിയിലെത്തിയ ഡോക്ടർ ജനവാതിലുകൾ തുറന്നുവെക്കുക എന്ന അർഥത്തിൽ ഖോൽദോ എന്ന് പറഞ്ഞപ്പോൾ കുട്ടിയുടെ പിതാവ് ജനവാതിൽ തുറന്നതും, കുട്ടി ഉടുപ്പ് ഊരി സ്വയം തുറന്നുവെച്ചതും ഒരു നടുക്കത്തോടെ മാത്രം ഓർമിക്കാവുന്നതാണ്.
ഒന്നാമത്തെ ഖോൽദോ തുറന്നുവെക്കുക എന്ന സാധാരണ അർഥത്തിലുള്ളതാണെങ്കിൽ, രണ്ടാമത്തേത് നിരന്തര പീഡനം നിമിത്തം സ്വയം പ്രതിരോധിക്കാനാവാത്ത ഒരു യുവതിയുടെ നിസ്സഹായാവസ്ഥയുടെ ഭീതിപ്പെടുത്തുന്ന ഖോൽദോയാണ്. ഇങ്ങനെ പറയുന്നതുകൊണ്ട് കൃതികൾക്ക് ഒന്നിലധികം അർഥങ്ങൾ എല്ലായ്പോഴും ഉണ്ടാകുമെന്നോ ഉണ്ടാവുകയില്ലെന്നോ അല്ല അർഥമാക്കുന്നത്.
ഏതെങ്കിലും ഒന്നിലേക്ക് മാത്രമായി അർഥങ്ങളെ റദ്ദ്ചെയ്യുന്ന തരത്തിലുള്ള ചുരുക്കലുകൾ ചെറുക്കപ്പെടേണ്ടതുണ്ടെന്നാണ്. വായനയടക്കമുള്ള ഏതൊരു സാമൂഹിക പ്രയോഗത്തെയും വിശകലനം ചെയ്യുമ്പോൾ വെറും വിമർശനബുദ്ധിമാത്രം പോരാ; അതുണ്ടായാൽ അത്രയും വെളിച്ചമുണ്ടാവും, എന്നാൽ വിശദവും കൃത്യവുമായ ധാരണ ഉണ്ടാവണമെങ്കിൽ, ചരിത്രബോധ്യത്തിൽ ആഴത്തിൽ വേരാഴ്ത്തിയ വിമർശനബുദ്ധി അനിവാര്യമാണ്.
അന്തോണിയോഗ്രാംഷി വ്യക്തമാക്കിയതു പോലെ, ചരിത്രപരമായ വിമർശനബുദ്ധിയാൽ ഇളക്കി ഫലപ്രദമാക്കപ്പെടുന്നില്ലെങ്കിൽ മഹത്തായ മോഹചിന്തകൾപോലും ചിന്തയുടെ മിഥ്യാവാദങ്ങളായി മാറും. വിശ്വഭാഷയെ പരാമർശിക്കുന്ന സന്ദർഭത്തിലാണ് ഗ്രാംഷി ഇങ്ങനെ പറയുന്നത്. മനുഷ്യരായ മനുഷ്യരെ മുഴുവൻ ഒന്നിപ്പിക്കുന്നൊരു വിശ്വഭാഷയെന്നുള്ളത് മനോഹരമായ ആശയമാണെങ്കിലും, അത് അത്രതന്നെ അപ്രായോഗികമായ മോഹചിന്തയിൽമാത്രം മുങ്ങിനിൽക്കുന്ന ഒരു മനോഹാരിതയുമാണ്.
മുമ്പ് വായനയെക്കുറിച്ച് മനസ്സിലാക്കിയത് അത് കേൾവിയും കാഴ്ചയുമടക്കമുള്ള സർവ ഇന്ദ്രിയങ്ങളുടെയും സംഗമത്തിന്റെ തുടർച്ചയിൽ സാധ്യമാകാവുന്ന ഒരു സാംസ്കാരിക അനുഭവമായിട്ടാണ്.
എന്നാലിപ്പോളതിനെ അസന്നിഹിതമായ ഒരു എട്ടാം ഇന്ദ്രിയത്തിന്റെ പശ്ചാത്തലത്തിൽ, കാവ്യാവിഷ്കാരങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഏഴാം ഇന്ദ്രിയത്തിന്റെ അധ്യക്ഷതയിൽ സംഭവിക്കുന്ന സർവ ഇന്ദ്രിയങ്ങളുടെയും സംവാദാത്മക സമ്മേളനമായി തിരിച്ചറിയുന്നതാണ് കൂടുതൽ പ്രസക്തം എന്ന നിലപാടിലേക്കാണ്, എന്റെ വായനയെക്കുറിച്ചുള്ള അന്വേഷണം വളർന്നുകൊണ്ടിരിക്കുന്നത്.
കാഴ്ച, കേൾവി തുടങ്ങിയവയെ സാധ്യമാക്കുന്ന ഏറെ പരിചിതമായ പഞ്ചേന്ദ്രിയങ്ങൾ, അവയുടെ പാരസ്പര്യത്തിലൂടെയും സജീവപ്രവർത്തനത്തിലൂടെയും രൂപംകൊള്ളുന്ന ആറാമിന്ദ്രിയമായ സങ്കീർണമായ മനസ്സ്; അതിലേക്ക് പലതരം ഉൾവിളികളും വെളിപാടുകളും പുതുകാഴ്ചകളും, കണക്കിൽ കൊള്ളാത്ത തുളുമ്പലുകളും ഉണ്ടാവുമ്പോൾ ആവിഷ്കൃതമാവുന്ന കാവ്യാത്മക പ്രതിനിധാനമെന്ന നിലയിലുള്ള സർഗാത്മകതയെ പ്രതിനിധാനം ചെയ്യുന്ന ഏഴാമിന്ദ്രിയം; മലയാളത്തിന്റെ മഹാകവി കുമാരനാശാന്റെ ഭാഷയിൽ ആ ഏഴാമിന്ദ്രിയം വിഷമയമായേക്കാവുന്ന ഏകാന്തതയെ മധുരമനോഹരമാസ്മരിക അമൃതാക്കുന്ന, പഴാകാശങ്ങളിൽ മലർവാടിയൊരുക്കുന്ന സർഗാത്മക അത്ഭുതം! എട്ടാം ഇന്ദ്രിയമാവട്ടെ ഇതിനൊക്കെ ആസ്പദമായ മഹാവായന എന്ന് തുടക്കത്തിൽ വിവരിച്ച, പൂർണമായും അറിയുക പ്രയാസമായ, എന്നാൽ അറിയുന്ന പ്രപഞ്ചങ്ങൾ സൃഷ്ടിക്കുന്ന, കൃത്യം അടയാളപ്പെടുത്താനാവാത്ത, എന്നാൽ ചരിത്രവളർച്ചക്കനുസരിച്ച് ആപേക്ഷികമായി അടയാളപ്പെടുത്താൻ കഴിയുന്ന നാനാതരം വികാരവിചാരങ്ങളുടെ മാറുകയും വളരുകയും ചെയ്യുന്ന േസ്രാതസ്സ്!
ശരാശരി വിവരവിനിമയത്തിനപ്പുറമുള്ള വായനയിൽ, വ്യത്യസ്ത താൽപര്യങ്ങൾ ഇടയാനുള്ള സാധ്യതകൾ ഉണ്ടെന്ന് മനസ്സിലാക്കാതെ, അതിനെ ഒരൊറ്റ സമീപനത്തിലേക്ക് മാത്രമായി ഒതുക്കാൻ ശ്രമിക്കുന്നത്, വായനയിൽ-എഴുത്തിൽ സംഭവിക്കാവുന്ന വിഴ്ചയാവും. പലകാരണങ്ങളാൽ പൂർണമായും ഒരു വളവും-തിരിവുമില്ലാത്തവിധം ഇസ്തിരിക്കിട്ട ഒന്നായി വായനയെ ഒന്നുക്ക്ഒന്ന് അനുപാതത്തിലേക്ക് മാറ്റാൻ കഴിയില്ല.
സങ്കീർണമായ കാര്യങ്ങളെ ‘അതെ’ അല്ലെങ്കിൽ ‘അല്ല’ എന്നതിൽ മാത്രമായി ഒതുക്കുംവിധം അവതരിപ്പിക്കുന്നത് എഴുത്തുകാരുടെ സ്വാതന്ത്ര്യത്തിന്റെ ഭാഗമാവാമെങ്കിലും വായനയുടെ ജനാധിപത്യത്തെ വെല്ലുവിളിക്കലുമാവും! കൂടുതൽ ബഹുസ്വരത മുന്നോട്ടു വെച്ചുകൊണ്ടല്ലാതെ വായനയിലെ ഏറക്കുറെ അനിവാര്യം എന്ന് വിളിക്കാവുന്ന വിരുദ്ധാവസ്ഥകളെ പ്രതിരോധിക്കാനാവില്ല.
വീണ്ടും ഒ.വി. വിജയനിലേക്കു തന്നെ തിരിച്ചുവരാം. ആസന്ന മരണനായ അച്ഛന്റെ ചെവിയിൽ നിങ്ങൾക്ക് ഇത് രണ്ടിൽ ഏതെങ്കിലുമൊന്ന് മന്ത്രിക്കാം. ഒരു പ്രാർഥന. അല്ലെങ്കിൽ ഗ്രാമോദ്ധാരണത്തിന്റെ സ്ഥിതിവിവര കണക്കുകൾ. സാധാരണഗതിയിൽ നാം സ്വീകരിക്കുക പ്രാർഥനയായിരിക്കും.
ഇത്തരമൊരു വാദത്തിലൂടെ മൂന്നാമതൊരു സാധ്യതയുടെ വാതിലാണ് ഒ.വി. വിജയൻ അടച്ചുകളഞ്ഞത്! ആസന്നമരണർക്കും അവകാശങ്ങളുണ്ടെന്ന് സ്വന്തം പ്രത്യയശാസ്ത്രത്തിനകത്ത് സ്തംഭിച്ചുപോയതിനാലാവണം അദ്ദേഹം ഓർത്തില്ല.
പ്രത്യയശാസ്ത്രഭാരങ്ങളില്ലാത്ത എഴുത്തിനെക്കുറിച്ച് സ്വയം ലാളിച്ചുപോന്ന സ്വപ്നങ്ങൾപോലും ഈയൊരു വാക്യമെഴുതിയപ്പോൾ അദ്ദേഹത്തെ വിട്ടുപോയി! ഒരു പക്ഷേ, ഒ.വി. വിജയൻ പരാമർശിക്കുന്ന ആ ആസന്നമരണനായ വൃദ്ധൻ വൈകാതെ വൈദ്യവിദ്യാർഥികൾക്ക് തെന്റ മൃതദേഹമൊരു പാഠപുസ്തകമായി തീരുന്നതിനെക്കുറിച്ചോർത്ത് പുളകംകൊള്ളുകയാവാം.
അല്ലെങ്കിൽ സ്വന്തം സ്വപ്നങ്ങളൊക്കെയും വിനയപൂർവം ഭൂമിക്ക് തിരിച്ചുനൽകി, അനന്തമൗനത്തിന്റെ മാന്ത്രികലോകത്തിൽ ശാശ്വതസ്വസ്ഥതയുടെ മധുനുകരുകയാവാം. ആരറിഞ്ഞു അയാളിലെ ശരിക്കുള്ള അയാളെ? അങ്ങനെയിരിക്കെ മിണ്ടാതിരിക്കുക എന്നൊരു മര്യാദയെങ്കിലും ആസന്നമരണനായ ആ അച്ഛനോട് ഒ.വി. വിജയൻ കാണിക്കണമായിരുന്നു.
അതുണ്ടായില്ല! അധിനിവേശം എന്ന് പറയുന്നത് വെറും കുത്തലും ചവിട്ടലും മാത്രമല്ല, തിരഞ്ഞെടുക്കാനുള്ള വ്യക്തികളുടെ അവകാശത്തെ അവരുടെ അനുവാദമില്ലാതെ കട്ടെടുക്കൽ കൂടിയാണ്! മരണവേളകളിലായാൽപോലും!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.