ഭീതിയും വിദ്വേഷവുംകൊണ്ട് ലാഭം കൊയ്യുന്നവർ
text_fieldsആധുനിക വംശീയ പ്രയോഗമെന്ന രീതിയിൽ ഇസ്ലാമോഫോബിയ ലോകത്ത് സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ ജീവിതത്തെ നിർണയിക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. ഈ വിഷയത്തിൽ സമഗ്രമായ പഠനങ്ങളോ, സംവാദങ്ങളോ മലയാളക്കരയിൽ കാര്യമായി നടന്നിട്ടില്ല. അതിനേക്കാൾ, കേരളത്തിലെ ചില മുഖ്യധാരാ അച്ചടി-ദൃശ്യ മാധ്യമങ്ങൾ ഈ വിഷയത്തിൽ ഇക്കാലമത്രയും മൗനംപുലർത്തിയത് അത്ഭുതപ്പെടുത്തുന്നു. സമൂഹത്തിൽ നടക്കുന്ന പ്രശ്നങ്ങളിലും പ്രയാസങ്ങളിലും ‘നീതിയോടൊപ്പം മാത്രമേ സമാധാനം പുലരുകയുള്ളൂ’ എന്നതിന് സമാനമായി സുദേഷ് എം. രഘു, സലീം ദേളി എന്നിവരുടെ ഉദ്യമത്തിൽ പുറത്തിറങ്ങിയ ‘ഇസ്ലാമോഫോബിയ: പഠനങ്ങൾ, സംവാദങ്ങൾ’ എന്ന പുസ്തകം വേറിട്ടൊരു വായനാനുഭവം നൽകുന്നു. കേവലം, ഒരു പുസ്തക വായനക്കതീതമായി ദേശീയ-അന്തർദേശീയ രംഗങ്ങളിലെ അക്കാദമിക്കുകളും, സാമൂഹിക പ്രവർത്തകരും ഇസ്ലാമോഫോബിയയുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ പ്രസിദ്ധീകരിച്ച അഭിമുഖ-ലേഖന സമാഹാരമാണിത്. ഇന്ത്യയിലെ, വിശിഷ്യാ കേരളത്തിലെ മതേതര മനസ്സുകളിൽപോലും വസ്ത്രം, ഭക്ഷണം, സ്ഥലപ്പേരുകൾ മുതൽ രാഷ്ട്രീയ-സാമ്പത്തിക രംഗങ്ങളിൽ മുസ്ലിം അപരവത്കരണം നടക്കുന്നത് പുസ്തകം ചർച്ചചെയ്യുന്നു. അതിലുപരി, കഴിഞ്ഞ ഒരു വർഷത്തിൽ (2023) മാത്രം കേരള പൊതുമണ്ഡലത്തിൽ മുസ്ലിംകൾക്കെതിരെ നടന്ന യുക്തിരഹിതമായ മുൻവിധി, ഭയം, ശത്രുതാപരമായ (ഇസ്ലാമോഫോബിക്) സംഭവങ്ങളും, സന്ദർഭങ്ങളും അക്കമിട്ട് നിരത്തിയ ‘വാർഷിക റിപ്പോർട്ട്’ ഉള്ളടക്കം ഞെട്ടിക്കുന്നതാണ്. സർക്കാർ, മാധ്യമങ്ങൾ, ജുഡീഷ്യറി തുടങ്ങിയവയിൽ നിന്നും അനീതി നേരിടുന്ന വേളയിൽ വംശീയ-വർഗീയ ദ്രുവീകരണങ്ങൾ ന്യൂനപക്ഷ സമൂഹത്തിൽ മാനസികാരോഗ്യത്തെ കാര്യമായി ബാധിക്കുന്നത് വേണ്ടപ്പെട്ടവർ ശ്രദ്ധിക്കേണ്ടതുണ്ട്.
കേവലം വ്യക്തികളിൽനിന്നുള്ള വംശീയ അധിക്ഷേപമോ, സാമൂഹിക-രാഷ്ട്രീയ പുറന്തള്ളലുകളോ മാത്രമല്ല ഇസ്ലാമോഫോബിയ എന്ന സംജ്ഞക്കുള്ളിൽ ഉൾപ്പെടുന്നതെന്ന് ഏഴ് ഭാഗങ്ങളായി ഗ്രന്ഥകാരൻ വിലയിരുത്തുന്നു. ഇസ്ലാം മത ദുർവ്യാഖ്യാനവും, നിയോകോൺ പ്രസ്ഥാനത്തിന്റെ പങ്കുമെല്ലാം പാശ്ചാത്യ ലോകത്ത് ഇസ്ലാമോഫോബിയ വഴി സയണിസ്റ്റ് രാഷ്ട്രീയത്തിനും, അറബ് വംശഹത്യക്കും പിന്തുണ നൽകുന്നു. മഹാത്മാ ഗാന്ധിയുടെയും, നെഹ്റുവിന്റെയും രാജ്യം ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശംപോലുള്ള മനുഷ്യാവകാശ ലംഘനങ്ങളിൽപോലും പഴയ നിലപാടിൽ വെള്ളംചേർത്തതും, അമേരിക്കയുടെ സയണിസ ഒത്തുകളികളുമെല്ലാം അധ്യായങ്ങളിൽ വരച്ചുകാട്ടുന്നു. ഇസ്ലാം മുതലാളിത്ത ലോകത്തിന്റെ മുഖ്യ പ്രതിയോഗികളായി അവരോധിക്കുന്നതിനിടയിൽ, ചരിത്രം വളച്ചൊടിക്കുക വഴി ജനങ്ങളുടെ ചിന്താശക്തിയെയും യുക്തിബോധത്തെയും നിശ്ശേഷം നശിപ്പിക്കുന്ന ഫാഷിസ്റ്റ് രീതിയെക്കുറിച്ച് പുസ്തകം വ്യക്തത നൽകുന്നുണ്ട്. ബ്രാഹ്മണ ഭാവനകളിലെ സംസ്കൃത സാഹിത്യങ്ങളും ബൗദ്ധകൃതികളുമെല്ലാം മുസ്ലിമിനെ മ്ലേച്ഛമായി ചിത്രീകരിക്കുന്നത് ഇത്തരം വളച്ചൊടിക്കലുകൾക്ക് ആക്കംകൂട്ടിയിട്ടുണ്ട്. ഒരേസമയം ശക്തരാവുകയും, ഇന്ത്യയിൽ മതേതര ജനാധിപത്യ വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ചെയ്യേണ്ട ഇരട്ട ദൗത്യനിർവഹണമാണ് മുസ്ലിംകളിലുള്ളത്. അമേരിക്കൻ ഭാഷാ ശാസ്ത്രജ്ഞൻ നോം ചോംസ്കി ഫലസ്തീനിലെ അറബ് ജനതയുടെ അവസ്ഥയോട് രാജ്യത്തെ മുസ്ലിംകളെ സമാനവത്കരിക്കുമ്പോൾ, ഈ കെട്ടകാലത്ത് പ്രതീക്ഷ കൈവിടാതിരിക്കാൻ ഇർഫാൻ അഹമ്മദുമായുള്ള അഭിമുഖത്തിൽ ഭട്ടാചാര്യ ഓർമപ്പെടുത്തുന്നു.
പാശ്ചാത്യ രാജ്യങ്ങളിലെ സമാനരീതിയിൽ മുസ്ലിംകൾക്കെതിരെ അരികുവത്കരണ ആശയങ്ങളും ഭീതിയും വെറുപ്പുമുളവാക്കുന്ന പ്രയോഗങ്ങളും കേരളത്തിൽ നടപ്പാക്കാൻ മതേതര പ്രസ്ഥാനങ്ങളും, ഇതര ന്യൂനപക്ഷ വിഭാഗങ്ങളും മാധ്യമങ്ങളും യുക്തിവാദികളുമെല്ലാം ഒരുപോലെ കൈകോർക്കുന്നത് സമൂഹം കൂടുതൽ മനസ്സിലാക്കേണ്ടതുണ്ട്. ഒരു നാണയത്തിന്റെ ഇരുവശങ്ങളെ പോലെ ഹിന്ദുത്വവും ഇടതുപക്ഷവും രാഷ്ട്രീയ ലാഭത്തിനും ഭരണ നിലനിൽപിനും വേണ്ടി ഇസ്ലാമോഫോബിയ പരത്തുന്നത് വിവിധ അധ്യായങ്ങളിൽ പുസ്തകം ചർച്ച ചെയ്യുന്നു.
കേരളത്തിലെ മുഖ്യധാരാ അച്ചടി-ദൃശ്യ മാധ്യമങ്ങളും സിനിമകളും ഇസ്ലാം ഭീതി വളർത്തുന്നതിൽ മുൻപന്തിയിലാണെന്ന് കഴിഞ്ഞ കാലങ്ങളിൽ തെളിയിച്ചതാണ്. ആദിവാസികളും ദലിതുകളും പാർശ്വവത്കരിക്കപ്പെട്ട ഈ സമയത്ത് ക്രൈസ്തവ മതവും ഇസ്ലാമും തമ്മിൽ അകൽച്ചയുണ്ടാവുന്നത് മതപരം മാത്രമല്ലെന്നാണ് ഫാ. വിനയരാജ് തുറന്നെഴുതുന്നത്. ലവ് ജിഹാദ്, നാർക്കോട്ടിക് ജിഹാദ് എന്നീ സംജ്ഞകളും മുസ്ലിം നാമധാരികളായ ചലച്ചിത്ര പ്രവർത്തകരോട് പുലർത്തുന്ന വൈരനിര്യാതന സമീപനവും സഗൗരവം കാണേണ്ടതുണ്ട്. സാമ്രാജ്യത്വ-അധികാര താൽപര്യങ്ങൾക്കുവേണ്ടി ക്രൈസ്തവ സമൂഹത്തിൽ ഇസ്ലാമോഫോബിയ മത സംഘടനകൾതന്നെ വളർത്തുന്നതായി ഡോ. വിനയരാജ് തെളിവു സഹിതം എഴുതുന്നു. സ്വാർഥ താൽപര്യങ്ങൾ സംരക്ഷിക്കാൻ സങ്കുചിത രാഷ്ട്രീയം പിന്തുടരുന്നവർ തിരുത്തണമെന്നും, അത്തരം ക്രിസ്തുവിരുദ്ധത അവസാനിപ്പിക്കണമെന്നും എഴുത്തിലൂടെ പുതുതലമുറയോട് സംവദിക്കുന്നു. അതോടൊപ്പം, അക്കാദമിക-ഗവേഷണ മേഖലകളിൽ സ്ഥാപനവത്കൃത കൊലപാതകങ്ങളും, ലിംഗവത്കൃത ഇസ്ലാമോഫോബിയ വിഷയങ്ങളിൽകൂടി പുസ്തകം കടന്നു പോകുന്നത് ശ്രദ്ധേയമാണ്.
ദൈവ നിഷേധത്തിലും, അന്ധവിശ്വാസ-അനാചാര നിർമാജനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന യുക്തിവാദികൾ ഇപ്പോൾ ഇസ്ലാമോഫോബിയ പരത്തുന്നത് ദുഃഖകരമാണ്. ഹിന്ദുത്വ വിമർശനത്തിന് മടിച്ച് സംഘ്പരിവാർ അനുകൂല നിലപാടുകൾ സ്വീകരിക്കുകയും, എന്നാൽ പർദധാരികളെപ്പോലും അടിമകളായി മുദ്രകുത്തപ്പെടുകയും ചെയ്യുകയാണ് നവനാസ്തികത. തീവ്ര വലതുപക്ഷ ചിന്തകൾ സമൂഹത്തിൽ പടർത്തി ഫാഷിസവുമായി കൈകോർക്കുന്ന, മതവിരുദ്ധതക്ക് പകരം ഇസ്ലാംവിരുദ്ധതയുടെ സന്ദേശവാഹകരാകുന്ന അഭിനവ യുക്തിവാദികളെക്കുറിച്ച് ലേഖനങ്ങൾ വ്യക്തമായ കാഴ്ചപ്പാടുകൾ നൽകുന്നു. മുസ്ലിംകളോടുള്ള വെറുപ്പും വിദ്വേഷവും അവസാനിപ്പിക്കാനും സാമൂഹികമായി ഇതിനെതിരെ പ്രതിരോധം തീർക്കുന്നതിനെക്കുറിച്ചും എഡിറ്റർകൂടിയായ സുദേഷ് എം. രഘു അവസാന ഭാഗത്തിൽ സംവദിക്കുന്നു. മാനവ ഐക്യം ലക്ഷ്യമിട്ട് നടത്തുന്ന ‘കേരള നെറ്റ്വർക്ക് എഗൻസ്റ്റ് ഇസ്ലാമോഫോബിയ’ കൂട്ടായ്മയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമാക്കുന്നത് മതേതര വിശ്വാസികൾക്ക് സന്തോഷം നൽകുന്നു. വരുംകാലങ്ങളിൽ ഇത്തരം സർക്കാറിതര സംഘടനകളുടെ പ്രവർത്തനങ്ങൾ കൂടുതൽ നടത്തുന്നതോടൊപ്പം, സാധാരണക്കാരിലും വിദ്യാർഥികളിലും ഇസ്ലാമോഫോബിയയുടെ ആഴം മനസ്സിലാക്കിക്കൊടുക്കാൻ ഈ പുസ്തകം ഒരു മുതൽക്കൂട്ടാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.