ഗസ്സ വംശഹത്യ: ഗില്ലർ പുരസ്കാരം തിരിച്ചുനൽകി കനേഡിയൻ എഴുത്തുകാരി മാഡിലീൻ തിയെൻ
text_fieldsഒട്ടാവ: ഗസ്സയിൽ ഫലസ്തീനികളുടെ വംശഹത്യ നടത്തുന്ന ഇസ്രായേലിനുള്ള പിന്തുണ അവസാനിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് പ്രമുഖ സാഹിത്യ പുരസ്കാരമായ ഗില്ലർ പുരസ്കാരം തിരിച്ചുനൽകി കനേഡിയൻ എഴുത്തുകാരി മാഡിലീൻ തിയെൻ. ഗില്ലർ പുരസ്കാരത്തിന്‍റെ വെബ്സൈറ്റിൽ നിന്നും പട്ടികയിൽ നിന്നും തന്‍റെ പേരും രചനകളും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ സംഘാടകർക്ക് കത്ത് നൽകി. 2016ലെ ഗില്ലർ പുരസ്കാര ജേതാവാണ് മാഡിലീൻ തിയെൻ.
ഇസ്രായേലിന് ആയുധം നിർമിച്ചു നൽകുന്ന സ്ഥാപനമായ എൽബിറ്റ് സിസ്റ്റം എന്ന കമ്പനിയിൽ വലിയ നിക്ഷേപമുള്ള സ്കോട്ടിയ ബാങ്കുമായി സഹകരിച്ചാണ് ഗില്ലർ പുരസ്കാരം നൽകുന്നത്. ഇസ്രായേലിന്‍റെ വംശഹത്യയുടെ രക്തം പുരണ്ട സ്ഥാപനവുമായുള്ള ബന്ധം ഗില്ലർ പുരസ്കാര സംഘാടകർ അവസാനിപ്പിക്കണമെന്ന് മാഡിലീൻ തീൻ ആവശ്യപ്പെട്ടിരുന്നു. പകരമായി ഈ വർഷത്തെ ഗില്ലർ പുരസ്കാരത്തിന് വേണ്ടി ഫണ്ട് സ്വരൂപിക്കാനും കാനഡയിലെ പ്രമുഖ എഴുത്തുകാരിലൊരാളായ മാഡിലീൻ തിയെൻ ശ്രമിച്ചിരുന്നു. എന്നാൽ, ഈ ആവശ്യത്തോട് ഗില്ലർ പുരസ്കാര സംഘാടകർ മുഖംതിരിച്ചതോടെയാണ് ഇവർ പുരസ്കാരം തിരിച്ചേൽപ്പിക്കുകയാണെന്ന് വ്യക്തമാക്കിയത്.
2016ൽ 'ഡു നോട്ട് സേ വി ഹാവ് നത്തിങ്' എന്ന നോവലിനായിരുന്നു മാഡിലീൻ തിയെന് ഗില്ലർ പുരസ്കാരം ലഭിച്ചത്. ഈ വർഷത്തെ ഗില്ലർ പുരസ്കാരത്തിനുള്ള തുക സ്കോട്ടിയ ബാങ്കിൽ നിന്ന് സ്വീകരിക്കരുതെന്ന് മുൻ വർഷത്തെ പുരസ്കാര ജേതാക്കളും ആവശ്യപ്പെട്ടിരുന്നു. ഈ വർഷത്തെ പുരസ്കാരത്തിന് ആവശ്യമായ തുക തങ്ങൾ ചേർന്ന് നൽകാമെന്നും ഇവർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സ്കോട്ടിയ ബാങ്കുമായുള്ള ബന്ധം ഉറച്ചതാണെന്നും അവസാനിപ്പിക്കാനാകില്ലെന്നുമുള്ള മറുപടിയാണ് സംഘാടകരിൽ നിന്ന് ലഭിച്ചത്.
ഗസ്സയിലും ലബനാനിലും ഇസ്രായേല്‍ നരനായാട്ട് തുടരുന്നതിനിടെ ഇസ്രായേലി സാംസ്കാരിക സ്ഥാപനങ്ങള്‍ ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി കനേഡിയന്‍ എഴുത്തുകാര്‍ വ്യാപക പ്രതിഷേധത്തിലാണ്. ബഹിഷ്കരണം ആഹ്വാനം ചെയ്ത് ആയിരത്തിലേറെ എഴുത്തുകാരും പ്രസാധകരും തുറന്ന കത്തില്‍ ഒപ്പ് വച്ചിരുന്നു.
ഗസ്സയിലെ യുദ്ധത്തിനെതിരെ ശബ്ദിക്കാത്ത ഇസ്രായേലി പ്രസാധകരും പുസ്തകോത്സവങ്ങളും സാഹിത്യ ഏജൻസികളും "വംശഹത്യയിൽ പങ്കാളികളാണെന്ന്" എഴുത്തുകാർ പറയുന്നു. 2023-ലെ ഗില്ലർ പ്രൈസ് ജേതാവായ സാറ ബേൺസ്റ്റൈൻ, ഡിയോൺ ബ്രാൻഡ്, ഡേവിഡ് ബെർഗൻ, ഗൈ മാഡിൻ, ലിയാൻ ബെറ്റാസമോസാകെ സിംപ്‌സൺ, മിറിയം ടോവ്സ് എന്നിവരും കത്തില്‍ ഒപ്പിട്ടുണ്ട്. കാമ്പയിൻ ആരംഭിച്ചതിന് ശേഷം ഒപ്പിട്ടവരുടെ എണ്ണം 5,000-ലധികമായി വർധിച്ചു.
വിവേചനപരമായ നയങ്ങളിലൂടെയും സമ്പ്രദായങ്ങളിലൂടെയും ഫലസ്തീൻ അവകാശങ്ങൾ ലംഘിക്കുകയും ഇസ്രായേലിനെ വെള്ളപൂശുകയും ചെയ്യുന്ന ഇസ്രായേലി സാംസ്കാരിക സ്ഥാപനങ്ങളുമായി സഹകരിക്കില്ലെന്ന് തുറന്ന കത്തിൽ എഴുത്തുകാർ പറയുന്നു. അധിനിവേശം, വർണവിവേചനം വംശഹത്യ എന്നിവയെ ഇസ്രായേല്‍ പ്രസാധകര്‍ ന്യായീകരിക്കുന്നതായും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
''അനീതികള്‍ സാധാരണ നിലയിലാക്കുന്നതില്‍ സംസ്‌കാരം അവിഭാജ്യ പങ്ക് വഹിച്ചിട്ടുണ്ട്.പതിറ്റാണ്ടുകളായി ദശലക്ഷക്കണക്കിന് ഫലസ്തീനികളെ കയ്യേറിയും അടിച്ചമര്‍ത്തിയും ഇല്ലാതാക്കുന്നതില്‍ ഇസ്രായേല്‍ സാംസ്‌കാരിക സ്ഥാപനങ്ങള്‍ നിര്‍ണായകമാണ്. പലപ്പോഴും ഭരണകൂടവുമായി കൈകോര്‍ത്ത് അവര്‍ നേരിട്ട് പ്രവര്‍ത്തിക്കുന്നു''കത്തില്‍ പറയുന്നു. “ഞങ്ങളുടെ സഹ എഴുത്തുകാരോടും വിവർത്തകരോടും ചിത്രകാരന്മാരോടും പുസ്തക തൊഴിലാളികളോടും ഈ പ്രതിജ്ഞയിൽ ഞങ്ങളോടൊപ്പം ചേരാൻ ഞങ്ങൾ ആഹ്വാനം ചെയ്യുന്നു,” കത്തിൽ ആവശ്യപ്പെടുന്നു.
"ഇസ്രായേൽ ഭരണകൂടവുമായും പങ്കാളികളായ ഇസ്രായേലി സ്ഥാപനങ്ങളുമായും ഇടപഴകുന്നത് നിർത്താൻ, ഒരു നിലപാട് സ്വീകരിക്കുന്നതിന് ഞങ്ങളോടൊപ്പം ചേരാൻ ഞങ്ങളുടെ പ്രസാധകരോടും എഡിറ്റർമാരോടും ഏജൻ്റുമാരോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു."
അന്താരാഷ്ട്ര സംഘടനകളായ പബ്ലിഷേഴ്‌സ് ഫോർ ഫലസ്‌തീന്‍, ഫലസ്‌തീൻ ഫെസ്റ്റിവൽ ഓഫ് ലിറ്ററേച്ചര്‍, യു.എസ്. ഓർഗനൈസേഷനായ റൈറ്റേഴ്‌സ് എഗെയ്ൻസ്റ്റ് വാർ ഓൺ ഗസ്സ, ബുക്‌സ് എഗെയ്ൻസ്റ്റ് ജെനോസൈഡ്, യുകെയിലെ ബുക്ക് വർക്കേഴ്‌സ് ഫോർ എ ഫ്രീ ഫലസ്തീന്‍, ഫോസിൽ ഫ്രീ ബുക്‌സ് എന്നിവര്‍ ചേർന്നാണ് ബഹിഷ്‌കരണം സംഘടിപ്പിക്കുന്നത്.
''വർണ വിവേചനത്തോടും കുടിയൊഴിപ്പിക്കലിനോടും ഉള്ള ബന്ധത്തെ ചോദ്യം ചെയ്യാതെ നമുക്ക് നല്ല മനസ്സാക്ഷിയോടെ ഇസ്രായേലി സ്ഥാപനങ്ങളുമായി ഇടപഴകാൻ കഴിയില്ല'' എഴുത്തുകാര്‍ വ്യക്തമാക്കുന്നു. ഒപ്പിട്ടവരുടെ മുഴുവൻ പട്ടികയും അടുത്തയാഴ്ച പുറത്തിറക്കും. ഫലസ്തീനികളെ അടിച്ചമർത്തുന്നതിന് കൂട്ടുനിൽക്കുകയോ നിശബ്ദ നിരീക്ഷകരായി തുടരുകയോ ചെയ്യുന്ന ഇസ്രായേലി സാംസ്കാരിക സ്ഥാപനങ്ങളുമായി തങ്ങൾ പ്രവർത്തിക്കില്ലെന്നും എഴുത്തുകാര്‍ വിശദമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.