പ്രതിഭകളെ കണ്ടെത്തേണ്ടത് സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും കടമ -പി.എസ്. ശ്രീധരൻപിള്ള
text_fieldsഡോണാപോള (ഗോവ ): പ്രതിഭകളും അവരുടെ സംഭാവനകളും സമൂഹത്തിന്റെ പൊതുസ്വത്താണെന്നും ചുറ്റുമുള്ള പ്രതിഭകളെ കണ്ടെത്തി മുഖ്യധാരയിലേക്ക് കൊണ്ടുവരേണ്ട ഉത്തരവാദിത്വം സമൂഹത്തിനും ഭരണകൂടത്തിനും ഒരു പോലെയാണെന്നും ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള.
രാജ്ഭവന്റെ 'നയി പഹൽ ' പദ്ധതിയിലൂടെ പ്രസിദ്ധീകരിച്ച പുതിയ എഴുത്തുകാരുടെ പുസ്തകങ്ങളുടെ പ്രകാശന ചടങ്ങിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
പുതിയ എഴുത്തുകാരെ കണ്ടെത്തി അവരുടെ പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാൻ ശ്രീധരൻ പിള്ള മുൻകൈയെടുത്ത് നടപ്പാക്കി വരുന്ന പദ്ധതിയാണ് 'നയി പഹൽ'. പദ്ധതിയുടെ രണ്ടാം എഡിഷൻ വഴി വെളിച്ചം കണ്ട പുസ്തകങ്ങളുടെ പ്രകാശനമാണ് കഴിഞ്ഞദിവസം രാജ്ഭാവനിൽ നടന്നത്.
മറാത്തി, കൊങ്കണി എഴുത്തുകാരായ ശ്രീപദ് അജിത് പ്രഭു ദേശായ്, ഡോ. അപൂർവ ബെറ്റ്ക്കിക്കർ, ധനശ്രീ സന്ദേശ് പ്രഭുകനോൽകർ, കവിത പ്രനീത് അമോൻകർ, മാഷു കൃഷ്ണ പാട്ടീൽ, അജിത് മറാത്തെ, മലയാളിയായ കെ മോഹൻദാസ് എന്നിവരുടെ പുസ്തകങ്ങളാണ് പ്രകാശനം ചെയ്യപ്പെട്ടത്. ചടങ്ങിൽ ശ്രീ ശ്രീ ഭാനു മഹാരാജ്, മയീന്ദ്ര ആൽവാരസ്, രാജേഷ് ആർ. പെട്നേക്കർ, ശ്രദ്ധ ഗാഡ് എന്നിവരാണ് പുസ്തകങ്ങൾ പ്രകാശനം ചെയ്തത്.
ഡോ. പ്രകാശ് എസ്. പരീങ്കർ, സഞ്ജീവ് സർദേശായ്, സഞ്ജീവ് സി ഗാവൻസ് ദേശായ്, ഡോ. വിനയ് മഡ്ഗോക്കർ, പൂർവ വാസ്ത, ചിന്മയ് എം. ഗൈസ, രാജു നമ്പ്യാർ തുടങ്ങിയവർ കോപ്പികൾ ഏറ്റുവാങ്ങി.
എഴുത്തുകാരൻ പാച്ചുമേനോൻ, രാജ്ഭവൻ സെക്രട്ടറി എം.ആർ.എം. റാവു, സ്പെഷ്യൽ ഓഫീസർ മിഹിർ വർധൻ (റിട്ട.ഐ.എ. എസ്) തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.