സാഹിത്യലോകത്തേക്ക് ഇവാന എന്ന രണ്ടാം ക്ലാസുകാരി
text_fieldsചെറുതോണി: മലയാള ചെറുകഥാ ലോകത്തേക്ക് ഇടുക്കിയുടെ സംഭാവനയായി ഇവാന എന്ന രണ്ടാം ക്ലാസുകാരി. ഇടുക്കി ന്യൂമാൻ എൽ.പി സ്കൂളിൽ പഠിക്കുന്ന ഇവാന സതീഷ് ഒന്നാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ പ്രതിഭ തെളിയിച്ചിരുന്നു. കൺമുന്നിൽ കാണുന്ന ഏത് വിഷയവും ചെറുകഥയാക്കി മാറ്റാനുള്ള വൈഭവം ഇവാനക്കുണ്ട്. അക്ഷരങ്ങളോട് ചങ്ങാത്തം കൂടിയതുമുതൽ വായനയും എഴുത്തുമെല്ലാം ഇഷ്ടവിഷയങ്ങളായി. പ്രായത്തിൽ കവിഞ്ഞ ആവിഷ്കരണ ചാരുതയോടെ രചിക്കപ്പെട്ട ചെറുകഥകളിൽ പ്രകൃതി സ്നേഹം, ഈശ്വര ഭക്തി, വെളിച്ചം, സഹാനുഭൂതി, സർഗാത്മകത തുടങ്ങിയവ മിഴിവാർന്നുനിൽക്കുന്നു.
സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സുദീപ സി.എം.സിയുടെയും മറ്റ് അധ്യാപകരുടെയും മാതാപിതാക്കളുടെയും പിന്തുണയോടെ എഴുത്തിന്റെ മേഖലയിൽ മുന്നേറുന്ന ഇവാനയുടെ 12 ചെറുകഥകളുടെ സമാഹാരം ‘തേൻതുള്ളികൾ’ പേരിൽ പ്രകാശനം ചെയ്തു. ന്യൂമാൻ എൽ.പി സ്കൂളിൽ സ്റ്റുഡൻറ്സ് പൊലീസ് കേഡറ്റ് ചുമതല വഹിക്കുന്ന മോട്ടിവേഷൻ സ്പീക്കർകൂടിയായ സബ് ഇൻസ്പെക്ടർ അജി അരവിന്ദ് പ്രകാശനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഡിറ്റാജ് ജോസഫ് ഏറ്റുവാങ്ങി. ഫെഡറൽ ബാങ്ക് കരിമ്പൻശാഖയിലെ ഉദ്യോഗസ്ഥൻ സതീഷ് ജോസഫ്-അനീറ്റ ദമ്പതികളുടെ മകളാണ്. ഏക സഹോദരൻ ന്യൂമാൻ സ്കൂളിൽ തന്നെ യു.കെ.ജി വിദ്യാർഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.