ജിദ്ദ പുസ്തക മേളക്ക് തുടക്കം, 900 പ്രസാധകർ
text_fieldsജിദ്ദ: ജിദ്ദ പുസ്തകമേള ആരംഭിച്ചു. സൗദിയിലെയും അന്താരാഷ്‌ട്ര സാംസ്‌കാരിക രംഗത്തെ പ്രമുഖരുടെയും പ്രഭാഷകരുടെയും സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ളവരുടെയും സാന്നിധ്യത്തിൽ വ്യാഴാഴ്ച വൈകീട്ടാണ് 'സൂപ്പർ ഡോം' കേന്ദ്രത്തിൽ സാഹിത്യ-പ്രസിദ്ധീകരണ-വിവർത്തന അതോറിറ്റി പുസ്തക മേള ഉദ്ഘാടനം ചെയ്തത്. ഇത്തവണ മേളയിൽ 900-ലധികം പ്രാദേശിക, അറബ്, അന്തർദേശീയ പ്രസിദ്ധീകരണ സ്ഥാപനങ്ങൾ പങ്കെടുക്കുന്നുണ്ട്. സ്വയം പ്രസിദ്ധീകരിച്ച എഴുത്തുകാരുടെ 400-ലധികം ശീർഷകങ്ങൾ, ഓഡിയോ ബുക്കുകൾക്കുള്ള പവലിയനുകൾ, ഡിജിറ്റൽ ലൈബ്രറി, വായനാ സെഷനുകളും ഏരിയകളും, പുസ്തക പ്രേമികളെ ഒന്നിപ്പിക്കുന്ന കഫേകൾ എന്നിവയും ഉൾപ്പെടുന്നു.
പ്രാദേശികവും അന്തർദേശീയവുമായ രചയിതാക്കളുടെയും എഴുത്തുകാരുടെയും ശിൽപശാലകളും വായനക്കാരെ ഒരുമിച്ച് കൊണ്ടുവരുന്ന 'ബുക്ക് ടോക്ക്', ഡയലോഗ് സെഷനുകൾ, കവിതാ സായാഹ്നങ്ങൾ, ജാപ്പനീസ് കാർട്ടൂണുകൾക്കായുള്ള കോമിക്സ് (ആനിമേഷൻ), തിയേറ്റർ, സ്റ്റോറി ടെല്ലേഴ്‌സ് കോർണർ, ഗെയിംസ് ഏരിയ, ഇൻട്രാക്ടീവ് ഷോകൾ, ആക്‌റ്റിവിറ്റികൾ എന്നിവക്കായി പ്രത്യേക മേഖലകളും മേളയിലുണ്ട്. മേള ഈ മാസം 17 വരെ തുടരും. സമഗ്രവും വൈവിധ്യപൂർണവുമായ 100-ലധികം വരുന്ന വിവിധ സാംസ്‌കാരിക വൈജ്ഞാനിക പരിപാടികൾ മേളയോടനുബന്ധിച്ച് നടക്കും. രണ്ട് സെമിനാറുകളുണ്ടാകും. ആദ്യത്തേത് ഡിജിറ്റൽ പ്രസിദ്ധീകരണത്തിനും രണ്ടാമത്തേത് സയൻസ് ഫിക്ഷനുമാണ്. രാജ്യത്ത് ആദ്യമായായിരിക്കും ഇത്തരത്തിലുള്ള പരിപാടി സംഘടിപ്പിക്കുന്നത്.
സൗദിയുടെ സാംസ്‌കാരിക രംഗത്തെ സമ്പന്നമാക്കുന്ന സാഹിത്യ നിലയമായിരിക്കും ജിദ്ദ പുസ്തകമേളയെന്ന് അതോറിറ്റി സി.ഇ.ഒ ഡോ. മുഹമ്മദ് ഹസൻ അലവാൻ പറഞ്ഞു. പുസ്തക വ്യവസായവും പ്രസിദ്ധീകരണവും പ്രാപ്തമാക്കാനും സാംസ്‌കാരിക വിനിമയം പ്രോത്സാഹിപ്പിക്കാനും പൊതുജനങ്ങളുടെ അനുഭവം സമ്പന്നമാക്കാനുമാണ് അതോറിറ്റി ശ്രമിക്കുന്നത്. ജിദ്ദ പുസ്തകമേള വായനയെ ജീവിതചര്യയായി പ്രോത്സാഹിപ്പിക്കും. അത് ധാരണകളെ വിശാലമാക്കും. ചക്രവാളങ്ങൾ തുറക്കും. അറിവിെൻറ വിശാലമായ ഇടങ്ങളിലേക്ക് വ്യക്തിയെ ഉയർത്തും.
ജിദ്ദയുടെ ഹൃദയഭാഗത്തുള്ള സന്ദർശകർക്ക് ഒരു വിജ്ഞാന യാത്ര അത് പ്രദാനം ചെയ്യും. സൗദികളുടെ സാഹിത്യ പാരമ്പര്യത്തെ ഉയർത്തിക്കാട്ടുന്നതുമായിരിക്കും. പ്രമുഖ പ്രസിദ്ധീകരണ സ്ഥാപനങ്ങളെ പ്രകീർത്തിക്കുന്നതിനായി സമ്മാനങ്ങളും പൊതുജനങ്ങളെ പങ്കെടുക്കാനും പ്രേത്സാഹിപ്പിക്കുന്ന ഇൻററാക്ടീവ് മത്സരങ്ങളും ജിദ്ദ പുസ്തക മേളയിൽ ഒരുക്കിയിട്ടുണ്ടെന്നും സി.ഇ.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.