ജെ.കെ.വി പുരസ്കാരം പി.കെ. പാറക്കടവിന്
text_fieldsചങ്ങനാശ്ശേരി: ഏഴാമത് ജെ.കെ.വി പുരസ്കാരം എഴുത്തുകാരൻ പി.കെ പാറക്കടവിന്. മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച 'പെരുവിരൽക്കഥകൾ'ക്കാണ് അവാർഡ്. പ്രശസ്ത സാഹിത്യകാരനും പത്രപ്രവർത്തകനുമായിരുന്ന ജെ.കെ.വിയുടെ നാമധേയത്തിൽ രണ്ടു വർഷത്തിലൊരിക്കൽ നൽകി വരുന്നതാണ് ജെ.കെ.വി. പുരസ്കാരം.
പതിനയ്യായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം ജെ.കെ.വി.യുടെ ഓർമ്മദിനമായ ജൂൺ പത്തിന് ചങ്ങനാശ്ശേരിയിൽ സമ്മാനിക്കുമെന്ന് ജെ.കെ.വി.ഫൗണ്ടേഷൻ സെക്രട്ടറി ഡോ. സന്തോഷ് ജെ.കെ.വി അറിയിച്ചു.
ഡോ. നെടുമുടി ഹരികുമാർ, ഡോ. ബാബു ചെറിയാൻ, വർഗീസ് ആൻറണി എന്നിവർ അടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് 2020-21 ലെ പുസ്തകങ്ങളിൽ നിന്ന് പെരുവിരൽക്കഥകൾ തിരഞ്ഞെടുത്തത്. മിന്നൽക്കഥകൾ വിഭാഗത്തിലെ അതികായനായ പാറക്കടവിൻ്റെ ഈ പുസ്തകത്തിന് അംഗീകാരം നൽകുമ്പോൾ ആ വിഭാഗം കഥകൾക്ക് കിട്ടുന്ന അംഗീകാരമായി ഇതിനെ കണക്കാക്കാമെന്ന് ജഡ്ജിംഗ് കമ്മിറ്റി വിലയിരുത്തി.
കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരമടക്കം നിരവധി അവാർഡുകൾ നേടിയ പി.കെ പാറക്കടവ് ഇതിനകം 43 കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ കഥകൾ ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷിലും അറബിയിലും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.