‘എനിക്ക് ഭൂമിയിൽ വളരെ കുറച്ച് സമയമേ ഉള്ളൂ...’; ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് ഒഴിയുന്നതായി കെ. സച്ചിദാനന്ദൻ
text_fieldsതൃശ്ശൂര്‍: സാഹിത്യ അക്കാദമി ചെയർമാൻ ഉൾപ്പടെയുള്ള ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്ന് ഒഴിയുന്നതായി കെ. സച്ചിദാനന്ദൻ .അയ്യപ്പപ്പണിക്കർ ഫൗണ്ടേഷൻ, ആറ്റൂർ രവിവർമ ഫൗണ്ടേഷൻ,സാഹിത്യ അക്കാദമി,ദേശീയ മാനവികവേദി..തുടങ്ങിയ എല്ലാ ചുമതലകളിൽ നിന്നും ഒഴിവാകുകയാണ്.അനാരോഗ്യം കാരണമാണ് പിൻമാറ്റമെന്ന് അദ്ദേഹം ഫേസ് ബുക്ക് കുറിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള വിവിധ പ്രസാധകരുടെ എഡിറ്റർ ചുമതലകളിൽ നിന്നും പിൻവാങ്ങുകയാണ്.
‘എനിക്ക് ഭൂമിയിൽ വളരെ കുറച്ച് സമയമേ ഉള്ളൂ. മുന്നറിയിപ്പ് നേരത്തെ നൽകിയിരുന്നു. ലാപ്‌ടോപ്പിൽ കൂടുതൽ സമയം ചിലവഴിക്കേണ്ടതുണ്ട്. ഞാൻ ഒരു സംഘാടകനായി സഹകരിച്ചിട്ടുള്ള എല്ലാ സംഘടനകളും വിടുന്നു’വെന്നാണ് സച്ചിദാനന്ദന്‍റെ കുറിപ്പിൽ പറയുന്നത്.
ഇക്കഴിഞ്ഞ നവംബർ ആറിന് താൽകാലിക മറവി രോഗം മൂലം പൊതുജീവിതം പതുക്കെ പതുക്കെ അവസാനിപ്പിക്കുകയാണെന്ന് സച്ചിദാനന്ദൻ ഫേസ്ബുക്കിൽ എഴുതിയിരുന്നു. ഏഴു വർഷം മുമ്പ് താൽകാലിക മറിവിരോഗം വന്ന കാര്യവും കുറിപ്പിൽ സച്ചിദാനന്ദൻ സൂചിപ്പിച്ചു.
അന്ന് മുതൽ മരുന്ന് കഴിക്കുകയാണ്. കുറെകാലമായി അസുഖം വന്നിരുന്നില്ല. നവംബർ ഒന്നിന് പുതിയ രൂപത്തിൽ തിരികെയെത്തി. സമ്മർദമാണ് രോഗം വീണ്ടും വരാൻ കാരണമെന്ന് ഡോക്ടർമാർ പറയുന്നു. അതിനാൽ പതുക്കെ പതുക്കെ പൊതുജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കുകയാണ്. യാത്ര, പ്രസംഗം എന്നിവ ഒഴിവാക്കുകയാണെന്നും സച്ചിദാനന്ദൻ കുറിച്ചു. ദയവായി പൊതുയോഗങ്ങൾക്കു വിളിക്കാതിരിക്കുക. വന്നില്ലെങ്കില്‍ ദയവായി പരിഭവമില്ലാതെ അംഗീകരിക്കുക. ഓര്‍മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം താന്‍ എഴുതും എന്നും അദ്ദേഹം കുറിച്ചിരുന്നു. ഇതിന്റെ തുടർച്ചെന്നോണമാണ് ഔദ്യോഗിക പദവികളിൽ നിന്നൊഴിയുന്നതായി കാണിച്ച് കൊണ്ടുള്ള കുറിപ്പ് വന്നിരിക്കുന്നത്.
നവംബർ ആറിന് എഴുതിയ കുറിപ്പ് പൂർണരൂപത്തിൽ:
സുഹൃത്തുക്കളെ, ഞാന്‍ ഏഴു വര്‍ഷം മുന്‍പ് ഒരു താത്കാലികമറവി രോഗത്തിന് (transient global amnesia) വിധേയനായിരുന്നു. അന്നുമുതൽ മരുന്നും (Levipil 500, twice a day) കഴിക്കുന്നുണ്ട്. പിന്നീട് അത് വന്നിരുന്നില്ല. എന്നാൽ, നവമ്പര്‍ 1-ന് പുതിയ രീതിയില്‍ അത് തിരിച്ചുവന്നു. കാല്‍ മരവിപ്പ്, കൈ വിറയല്‍, സംസാരിക്കാന്‍ പറ്റായ്ക, ഓര്‍മ്മക്കുറവ്- ഇങ്ങിനെ അല്‍പ്പം നേരം മാത്രം നില്‍ക്കുന്ന കാര്യങ്ങള്‍. 5 ദിവസമായി ആശുപത്രിയില്‍. ഒക്ടോബർ മാസം നിറയെ യാത്രകളും പരിപാടികളും ആയിരുന്നു. Stress ആണ് ഈ രണ്ടാം അവതാരത്തിന് പ്രധാന കാരണം എന്ന് ഡോക്ടർമാര്‍. അതുകൊണ്ട് പതുക്കെപ്പതുക്കെ public life അവസാനിപ്പിക്കുന്നു.
യാത്ര, പ്രസംഗം ഇവ ഒഴിവാക്കുന്നു. ക്രിസ്തുവും ബുദ്ധനും മുതൽ ആരുടെയും പ്രസംഗം കൊണ്ട് ലോകം നന്നായിട്ടില്ല. അത് ഒരു സമയം പാഴാക്കുന്ന പരിപാടി മാത്രം എന്ന് 60 വർഷത്തെ അനുഭവം എന്നെ ബോദ്ധ്യപ്പെടുത്തി. അതുകൊണ്ട് എന്റെ ജീവന്‍ നിലനിര്‍ത്തുന്ന കവിതയുമായി ബന്ധപ്പെട്ട ചില പരിപാടികളില്‍ മാത്രമേ ഇനി പങ്കെടുക്കൂ; ഈ ടേം കഴിയും വരെ അക്കാദമിയുടെ ചില പരിപാടികളിലും. ദയവായി എന്നെ പൊതുയോഗങ്ങൾക്കു വിളിക്കാതിരിക്കുക. വന്നില്ലെങ്കില്‍ ദയവായി പരിഭവമില്ലാതെ അംഗീകരിക്കുക. ഓര്‍മ്മയും വായനയും ഭാവനയും ഉള്ളിടത്തോളം ഞാന്‍ എഴുതും. എപ്പോൾ വേണമെങ്കിലും അവ ഇല്ലാതാകാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.