Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightകെ.എ. കൊടുങ്ങല്ലൂർ...

കെ.എ. കൊടുങ്ങല്ലൂർ സാഹിത്യ പുരസ്കാരം ഫസീല മെഹറിനും അമലിനും

text_fields
bookmark_border
KA Kodungallur Literary Award, Literary Award, Faseela Meher, Amal
cancel

കോഴിക്കോട്: പ്രശസ്ത സാഹിത്യകാരനും ചിന്തകനും വാരാദ്യമാധ്യമം പ്രഥമ എഡിറ്ററുമായ കെ.എ. കൊടുങ്ങല്ലൂരിന്റെ സ്മരണക്ക് മാധ്യമം റിക്രിയേഷന്‍ ക്ലബ് ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്കാരം ഫസീല മെഹറിനും അമലിനും. 2022 സെപ്റ്റംബറിൽ മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ‘പടപ്പ്’ എന്ന ചെറുകഥക്കാണ് ഫ​സീ​ല മെ​ഹ​ർ പുരസ്കാരം നേടിയത്. മാതൃഭൂമി ആഴ്ചപ്പതിപ്പ് 2023ലെ റിപ്പബ്ലിക് പതിപ്പിൽ പ്രസിദ്ധീകരിച്ച ‘എന്‍റെ അമ്മൂമ്മ ഒരു ചരിത്രവനിത’യ്ക്കാണ് അമലിന് പുരസ്കാരം.

20,000 രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് അവാർഡ്. 2024 ആഗസ്റ്റ് 1ന് വൈകീട്ട് കോഴിക്കോട് നടക്കുന്ന ചടങ്ങിൽ പ്രശസ്ത എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ പുരസ്കാരങ്ങൾ സമ്മാനിക്കും. ദിനപ്പത്രങ്ങളുടെ ഞായറാഴ്ചപ്പതിപ്പുകള്‍ ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച മലയാള ചെറുകഥകൾക്കാണ് കെ.എ. കൊടുങ്ങല്ലൂർ പുരസ്കാരം നൽകുന്നത്.

2022 ജനുവരി 1 മുതല്‍ 2023 ഡിസംബര്‍ 31 വരെ രണ്ടു വർഷങ്ങളിലായി പ്രസിദ്ധീകരിച്ച കഥകളിൽ നിന്നാണ് മികച്ച കഥകൾ തെരഞ്ഞെടുത്തത്. 268 എൻട്രികളാണ് ലഭിച്ചത്. എഴുത്തുകാർക്കു പുറമെ നിരവധി വായനക്കാരും വായനശാലകളും പ്രസാധകരും കഥകൾ അയച്ചു. പ്രശസ്ത എഴുത്തുകാരൻ ശത്രുഘ്നൻ (ചെയർമാൻ), പി.കെ. പാറക്കടവ്, നിധീഷ് നടേരി എന്നിവർ അംഗങ്ങളായ ജഡ്ജിങ് കമ്മിറ്റിയാണ് വിധി നിർണയിച്ചത്.

ജഡ്ജിങ് കമ്മിറ്റി അംഗം പി.കെ. പാറക്കടവ്, പുരസ്കാര സമിതി കൺവീനർ എം. കുഞ്ഞാപ്പ, മാധ്യമം റിക്രിയേഷൻ ക്ലബ്ബ് ജനറൽ സെക്രട്ടറി പി. ഷംസുദ്ദീൻ എന്നിവർ ചേർന്നാണ് പത്രസമ്മേളനത്തിൽ അവാർഡ് സംബന്ധിച്ച വിശദാംശങ്ങൾ പ്രഖ്യാപിച്ചത്.

കഥകളെ പറ്റി:

പടപ്പ് -ഫസീല മെഹര്‍

സ്ത്രീയുടെ ആന്തരിക ശക്തിയുടെ തീവ്രതയും ഉറച്ച ജീവിത ബോധ്യങ്ങളിൽ നിന്ന് യാഥാസ്ഥിതിക സമൂഹത്തിനോട് അവൾക്കുള്ള തീക്ഷ്ണ പ്രതികരണങ്ങളും നാടോടിക്കഥയുടെ മിനുക്കത്തോടെ പറയുന്ന കഥ

എന്റെ അമ്മൂമ്മ ഒരു ചരിത്രവനിത - അമൽ

ചരിത്രത്തിൽ രേഖപ്പെടാതെ പോകുന്ന ജനതയുടെ ശബ്ദവും ജീവിതവും ചരിത്രനിർമ്മിതിയിലെ മേലാള വഴക്കങ്ങളും ലളിതമായ ഭാഷയിൽ സമർഥമായി ആഞ്ഞുതറപ്പിക്കുന്ന കഥ

കഥാകൃത്തുക്കളെ പറ്റി:

ഫസീല മെഹര്‍

വയനാട് പുല്‍പ്പള്ളി തയ്യിൽ അബ്ദുല്ലയുടെയും പിലാക്കണ്ടി കദീജയുടെയും മകളാണ് ഫസീല മെഹർ. ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും നരവംശശാസ്ത്രത്തിലും മലയാള സാഹിത്യത്തിലും ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. മനോരമ ഓണ്‍ലൈൻ, മാധ്യമം ദിനപത്രം, മാതൃഭൂമി ദിനപത്രം, കിര്‍ടാഡ്‌സ് പഠനവകുപ്പ് എന്നിവിടങ്ങളിൽ വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ പുൽപ്പള്ളി പഴശ്ശിരാജ കോളജിൽ അധ്യാപിക.

2009ലെ കഥാവിഭാഗം കുട്ടേട്ടന്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ആദ്യ നോവലായ 'ഖാനിത്താത്ത്' 2018ലെ ഡി.സി സാഹിത്യ പുരസ്കാരത്തിന് പരിഗണിക്കപ്പെട്ടു. കേരളത്തിലെ ആദ്യ ആദിവാസി രാഷ്ട്രീയ തടവുകാരിലൊരാളും ഗദ്ദികാചര്യനുമായ പി.കെ. കരിയന്റെ ആത്മകഥ 'ഒരു റാവുളന്റെ ജീവിതപുസ്തകം' മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചു. അഭിഭാഷകനായ സഹീദ് റൂമിയാണ് ജീവിതപങ്കാളി.

അമൽ

മലയാളത്തിലെ ശ്രദ്ധേയനായ യുവകഥാകൃത്തും നോവലിസ്റ്റും ചിത്രകാരനുമാണ് അമൽ. 1987ൽ തിരുവനന്തപുരം ജില്ലയിലെ പിരപ്പൻകോട് ജനനം. മാവേലിക്കര രാജാ രവിവർമ ഫൈൻ ആർട്സ് കോളജിൽ നിന്ന് പെയിന്റിങ്ങിൽ ബിരുദം. കൊൽക്കത്ത വിശ്വഭാരതി ശാന്തിനികേതനിൽ നിന്ന് കലാചരിത്രത്തിൽ ബിരുദാനന്തര ബിരുദം. തിരുവനന്തപുരം ഫൈൻ ആർട്സ് കോളജ്, മാവേലിക്കര രാജാ രവിവർമ സെന്റർ ഓഫ് എക്സലൻസ് ഫോർ വിഷ്വൽ ആർട്സ് എന്നിവിടങ്ങളിൽ കലാ ചരിത്രാധ്യാപകനായി. ഗ്രാഫിക് കഥകൾ, രേഖാചിത്രങ്ങൾ വരയ്ക്കാറുണ്ട്. ഇപ്പോൾ ജോലിയും മറ്റുമായി ജപ്പാനിൽ.

വ്യസനസമുച്ചയം എന്ന നോവലിന് 2018ലെ കേന്ദ്ര സാഹിത്യ അക്കാദമി യുവപുരസ്കാരം, ബഷീർ യുവപ്രതിഭാ പുരസ്കാരം എന്നിവ ലഭിച്ചു. മഹാത്മ ഗാന്ധി സർവകലാശാലയും പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയും ‘വ്യസനസമുച്ചയം’ പാഠപുസ്തകമാക്കിയിട്ടുണ്ട്. 2019ൽ കേരള സാഹിത്യ അക്കാദമി ഗീതാ ഹിരണ്യൻ എൻഡോവ്മെന്റ് ലഭിച്ചു.

ചെറുകഥകൾ:

നരകത്തിന്റെ ടാറ്റു, മഞ്ഞക്കാർഡുകളുടെ സുവിശേഷം, പരസ്യക്കാരൻ തെരുവ്, കെനിയാസാൻ, ഉരുവം, പാതകം വാഴക്കൊലപാതകം, സത്യാനന്തരകുമാരൻ

നോവലുകൾ: കൽഹണൻ - നീ ഞാൻ ആരാണ്?, വ്യസനസമുച്ചയം, അന്വേഷിപ്പിൻ കണ്ടെത്തും, ബംഗാളി കലാപം

ഗ്രാഫിക് നോവലുകൾ: കള്ളൻ പവിത്രൻ, ദ്വയാർത്ഥം, വിമാനം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AmalLiterary AwardKA Kodungallur Literary AwardFaseela Meher
News Summary - K.A. Kodungallur Literary Award to Faseela Meher and Amal
Next Story