നൂറ്റൊന്നാം വയസ്സിലും വായന നിർത്താതെ കാർത്യായനിയമ്മ
text_fieldsനാദാപുരം: നൂറ്റൊന്നാം വയസ്സിലും വായനയിൽ മുഴുകി കാർത്യായനിയമ്മ. ഇയ്യങ്കോട്ടെ വയലാട്ട് കാർത്യായനിയമ്മ ഏഴാംവയസ്സിൽ തുടങ്ങിയ വായനശീലം ഇപ്പോഴും തുടരുന്നു. ദിവസവും രാവിലെ ഏഴുമണിക്ക് ദിനപത്രത്തിലൂടെ തുടങ്ങുന്ന വായന ഇടക്ക് ഉച്ചഭക്ഷണത്തിനു ഇടവേള നൽകി വീണ്ടും തുടരും.
കുറച്ച് നാളായി വാർധക്യത്തിെൻറ ചെറിയ അവശത കാരണം വായനയിൽ കുറവു വന്നിട്ടുണ്ട്. ഈപ്രായത്തിലും ആരോഗ്യവതിയായി ഇരിക്കുന്നതിലും ഓർമശക്തി തെല്ലുപോലും നശിക്കാതെയും സഹായിക്കുന്നതിൽ വലിയൊരു പങ്ക് വായനശീലത്തിലാണെന്നാണ് ഇവരുടെ പക്ഷം. കുഞ്ഞുക്കുട്ടൻ തമ്പുരാൻ രചിച്ച വ്യാസഭാരതമാണ് ഇവരെ ഏറ്റവും സ്വാധീനിച്ച പുസ്തകം. ലോകത്തിനാവശ്യമായ എല്ലാ സന്ദേശങ്ങളും അതിൽ അടങ്ങിയതായി കാർത്യായനിയമ്മ പറയുന്നു.
ഭർത്താവ് നാരായണക്കുറുപ്പ് മാസ്റ്റർ സംസ്കൃത പണ്ഡിതനും ശിൽപിയുമായിരുന്നു. അദ്ദേഹത്തിെൻറ കവിതകൾ അധികവും സംസ്കൃതത്തിലായിരുന്നതിനാൽ കൂടുതൽ വായിച്ചിരുന്നില്ല. എങ്കിലും മലയാളത്തിലെ കവിതകൾ വായിക്കുമായിരുന്നു. ഇയ്യ്യങ്കോട്ടെ വയലാട്ട് എം. നാരായണക്കുറുപ്പ് മാസ്റ്ററുടെ സഹധർമിണിയായ കാർത്യായനിയമ്മ കല്യാശ്ശേരി സ്വദേശിനിയാണ്.
സ്വാതന്ത്ര്യ ചരിത്രങ്ങൾക്ക് സാക്ഷ്യം വഹിച്ച ഏറമ്പാല തറവാട്ടിലാണ് ജനിച്ചത്. മുൻ മുഖ്യമന്ത്രി ഇ.കെ. നായനാരുടെ അമ്മാവനാണ് പിതാവ്. മൂത്തമകനും എഴുത്തുകാരനുമായ ഇയ്യങ്കോട് ശ്രീധരെൻറ എല്ലാ രചനകളുടെയും ആദ്യ വായനക്കാരി കർത്യായനിയമ്മയായിരിക്കും. ഇളയമകൾ രാജലക്ഷ്മിക്കും എഴുത്തിൽ പ്രചോദനം ഇവർ തന്നെയാണ്. നാദാപുരം പഞ്ചായത്തിലെ ആദ്യ ഭരണ സാരഥിയായിരുന്ന വി.എ. കെ. പോക്കർ ഹാജിയുടെ കൂടെ വാർഡ് മെംബറായും, നാദാപുരം ഗവ. ആശുപത്രി അഡ്വൈസറി ബോർഡ് അംഗമായും പ്രവർത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.