കശ്മീരി കവി പ്രഫ. റഹ്മാൻ റാഹി നിര്യാതനായി
text_fieldsശ്രീനഗർ: പ്രമുഖകവിയും കശ്മീരിലെ ആദ്യ ജ്ഞാനപീഠ ജേതാവുമായ പ്രഫ. റഹ്മാൻ റാഹി നിര്യാതനായി. 98 വയസ്സായിരുന്നു. നൗശേരയിലെ വസതിയിലായിരുന്നു അന്ത്യം. നിരവധി കവിതസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചതിന് പുറമെ വിവിധ ഭാഷകളിലെ ശ്രദ്ധേയ കവിതകൾ കശ്മീരിയിലേക്ക് മൊഴിമാറ്റുകയും ചെയ്തു.
2007ലാണ് ജ്ഞാനപീഠം നേടിയത്. 2000ത്തിൽ പത്മശ്രീ ബഹുമതിയും ലഭിച്ചു. റഹിയുടെ നിര്യാണത്തിൽ പ്രമുഖർ അനുശോചിച്ചു. ഇത് ഒരു കാലത്തിന്റെ അന്ത്യമാണെന്ന് ലഫ്. ഗവർണർ മനോജ് സിൻഹ പറഞ്ഞു. മുൻ മുഖ്യമന്ത്രിമാരായ ഉമർ അബ്ദുല്ല, മഹ്ബൂബ മുഫ്തി, സി.പി.എം നേതാവ് യൂസുഫ് തരിഗാമി തുടങ്ങിയവരും അനുശോചിച്ചു.
അബ്ദുറഹ്മാൻ മിർ എന്നായിരുന്നു ശരിയായ പേര്. ശ്രീനഗറിൽ 1925ലാണ് ജനനം. കശ്മീർ സർവകലാശാലയിലെ പഠനശേഷം സർക്കാർ കോളജിൽ അധ്യാപകനായി ചേർന്നു. പിന്നീട് കശ്മീർ സർവകലാശാലയിൽ പേർഷ്യൻ, കശ്മീരി വകുപ്പുകളിൽ അധ്യാപകനായി. ചെറുപ്രായത്തിലേ കവിതകളെഴുതിത്തുടങ്ങി. ‘പ്രോഗ്രസീവ് റൈറ്റേഴ്സ് മൂവ്മെന്റ്’ ഏറെ സ്വാധീനിച്ചു. സംഘടനയുടെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു.
മൂല്യങ്ങളും കാൽപനികതയും പ്രതിഫലിക്കുന്നവയാണ് ആദ്യകാല രചനകൾ. ജീവിതത്തിന്റെ അറ്റമില്ലാത്ത ദുരിതങ്ങൾ ഒപ്പിയെടുത്തവയാണ് പല കവിതകളും. കാമ്യൂ, സാർത്ര് തുടങ്ങിയ എഴുത്തുകാരുടെ സ്വാധീനം രചനകളിൽ പ്രകടമാണ്. ‘നവ്റോസി സബ’ എന്ന കൃതിക്ക് 1961ൽ സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു. വിദ്യാർഥി കാലത്ത് കശ്മീർ കമ്യൂണിസ്റ്റ് പാർട്ടിയുടെ സാംസ്കാരിക വിഭാഗത്തിൽ സജീവമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.