അക്ഷരലോകത്തെ ചരിത്രപ്പിറവി
text_fieldsപുസ്തകോത്സവമെന്നത് പുതുമയുള്ള കാര്യമല്ല. എന്നാൽ, സർക്കാർ വിലാസത്തിൽ ഒരു അന്താരാഷ്ട്ര പുസ്തകോത്സവമെന്നത് അത്ര നിസ്സാര കാര്യവുമല്ല. പൊതുജനങ്ങൾക്ക് പ്രവേശനത്തിന് കടുത്ത നിയന്ത്രണമുള്ള നിയമനിർമാണ സഭയിൽ ഒരാഴ്ചക്കാലം നീളുംവിധത്തിൽ കേരളം നടത്തിയ പുസ്തകോത്സവം വായനസമൂഹം അക്ഷരാർഥത്തിൽ ഹൃദയത്തിലേറ്റിയിരിക്കുന്നു. ഇനിമേൽ കേരളത്തിന്റെ അന്താരാഷ്ട്ര പുസ്തകോത്സവം എല്ലാവർഷവും സംഘടിപ്പിക്കാനാണ് തീരുമാനം. രണ്ടാം പതിപ്പിന്റെ തീയതിയും കുറിച്ചാണ് നിയമസഭയിലെ പ്രഥമ പുസ്തകോത്സവം കൊടിയിറങ്ങിയത്. അക്ഷരങ്ങളെ പടിക്കുപുറത്തുനിർത്തി മനുഷ്യർക്കിടയിൽ വേർതിരിവുണ്ടാക്കുകയും അതിന് കൈയടിക്കുകയും ചെയ്യുന്ന കാലത്ത് അഭിമാനത്തോടെ തന്നെ പറയാൻ കഴിയും ഇത് രാജ്യത്തിനുതന്നെ മാതൃകയാണെന്ന്.
നിയമസഭ ലൈബ്രറിയുടെ നൂറാം വാർഷികത്തോടനുബന്ധിച്ചാണ് ജനുവരി ഒമ്പതുമുതൽ 15വരെ അന്താരാഷ്ട്ര പുസ്തകോത്സവം നടത്തിയത്. എം.ബി. രാജേഷ് സ്പീക്കറായിരിക്കെ ഡോ. എം.കെ. മുനീർ, തോമസ് കെ. തോമസ് എന്നിവരുടെ നേതൃത്വത്തിലെ സമിതിയാണ് പുസ്തകോത്സവമെന്ന ആശയം സമർപ്പിക്കുന്നത്. സ്പീക്കറുടെ നേതൃത്വത്തിൽ അത് വിശദമായി ചർച്ചചെയ്തു. അതിനിടെ സ്പീക്കർ സ്ഥാനത്തുനിന്ന് എം.ബി. രാജേഷ് മാറി. പുതിയ സ്പീക്കറെന്ന നിലക്ക് ആ ഉത്തരവാദിത്തം എനിക്കായി. മുൻപരിചയമൊന്നുമില്ലാത്ത ദൗത്യം ഒരു വെല്ലുവിളിയായിത്തന്നെ ഏറ്റെടുത്തു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, ധനമന്ത്രി തുടങ്ങിയവരുമായി ചർച്ചചെയ്തു. എല്ലാവരും മനസ്സുതുറന്ന് പിന്തുണച്ചു. സ്പീക്കർ എന്ന നിലക്ക് ഞാൻ വിളിച്ച യോഗത്തിനെല്ലാം ഇവരെത്തി. ഇതിലൂടെ വലിയ ആത്മവിശ്വാസമാണ് ലഭിച്ചത്. നിയമസഭ സെക്രട്ടറി എ.എം. ബഷീറിന്റെ നേതൃത്വത്തിൽ ലെജിസ്ലേറ്റിവ് സെക്രട്ടേറിയറ്റിലെ മുഴുവൻ ജീവനക്കാരും ഒരു ടീമായി രംഗത്തിറങ്ങി. രാപ്പകലുകൾ നീണ്ട ചർച്ചകൾക്കും ആസൂത്രണങ്ങൾക്കുമൊടുവിൽ വൻ വിജയമായി അന്താരാഷ്ട്ര പുസ്തകോത്സവം ഭംഗിയായി നടത്താൻ സാധിച്ചു. ഒരു കുഞ്ഞ് വിവിധ ഘട്ടങ്ങളിലായാണ് ഇരിക്കാനും നിൽക്കാനും നടക്കാനും ഓടാനുമൊക്കെ പരിശീലിക്കുക. ജനിച്ചു വീണയുടൻ ഓടിയ കുഞ്ഞിനെപ്പോലെയാണ് പുസ്തകോത്സവത്തിന്റെ വിജയത്തെ ഞങ്ങൾ കാണുന്നത്.
കടുത്ത നിയന്ത്രണം വേണ്ട
പ്രഥമ രാജ്യാന്തര പുസ്തകോത്സവത്തിലെ വൻ ജനപങ്കാളിത്തം വലിയ പ്രതീക്ഷയാണ് നൽകുന്നത്. കുട്ടികൾ ഉൾപ്പെടെ രണ്ടുലക്ഷത്തോളം പേരാണ് മേളക്ക് എത്തിയത്. നിയമസഭക്കകത്ത് ഇത്രയും വലിയ ജനക്കൂട്ടത്തെ ഉൾക്കൊള്ളാവുന്ന സൗകര്യമുണ്ടെന്നുപോലും പലരും അറിയുന്നത് നേരിട്ട് കണ്ടപ്പോഴാണ്. നിയമസഭക്കകം കാണാത്തതുകൊണ്ടുതന്നെയാണ് ഈ ചോദ്യമുയരുന്നത്. നിയമനിർമാണ സഭയെന്ന നിലക്ക് സ്വാഭാവികമായും ചില നിയന്ത്രണങ്ങൾ ഇവിടെ ആവശ്യമുണ്ട്, എന്നാൽ കടുത്ത നിയന്ത്രണം ആവുകയും ചെയ്യരുത്.
ജനാധിപത്യ സംവിധാനത്തിന്റെ ആസ്ഥാന മന്ദിരമെന്ന നിലയിൽ അത് എല്ലാ പൗരന്മാർക്കും പ്രാപ്യമായിരിക്കണം. നമ്മുടെ നിയമനിർമാണ സഭയും ചരിത്രവും കാഴ്ചകളും എല്ലാം എല്ലാവർക്കും അടുത്തറിയാൻ കഴിയണം. അന്താരാഷ്ട്ര പുസ്തകോത്സവത്തിലൂടെ ഇത്തരമൊരു സാധ്യത കൂടിയാണ് ഉദ്ഘാടനം ചെയ്യപ്പെട്ടത്. ജനാധിപത്യം എത്ര മനോഹരമാണെന്ന് ബോധ്യപ്പെടുത്തുന്ന സംവാദമാണ് ഒരാഴ്ചക്കാലത്തെ പുസ്തകോത്സവത്തിലൂടെ സാധ്യമായത്. ജീവിച്ചിരിക്കുന്നവരിൽ ഏറ്റവും പ്രായം ചെന്ന സാഹിത്യകാരൻ ടി. പത്മനാഭനെയും നിയമസഭാംഗമായി അരനൂറ്റാണ്ട് പിന്നിട്ട ഉമ്മൻ ചാണ്ടിയെയും ആദരിക്കാൻ സാധിച്ചു.
എല്ലാ പ്രസാധകർക്കുമായി തുറന്നിട്ട്
126 സ്റ്റാളുകളിലായി അഞ്ചുകോടിയുടെ പുസ്തകങ്ങളാണ് മേളയിൽ വിറ്റത്. 140 എം.എൽ.എമാർക്കും അവരുടെ മണ്ഡലത്തിലെ സ്കൂളുകൾക്കും ഗ്രന്ഥാലയങ്ങൾക്കും പുസ്തകം വാങ്ങുന്നതിന് മൂന്നുലക്ഷം രൂപയും അനുവദിച്ചു. 95 പുസ്തകങ്ങൾ മേളയിൽ പ്രകാശനം ചെയ്യപ്പെട്ടു. സാഹിത്യ സംവാദങ്ങൾക്കുപുറമെ നിയമസഭ മ്യൂസിയവും ലൈബ്രറിയും സന്ദർശിക്കാൻ അവസരമുണ്ടായി.
ഗതാഗതവകുപ്പിന്റെ സഹകരണത്തോടെ കുട്ടികൾക്കായി സിറ്റി റൈഡ് പരിപാടിയും നടത്തി. സംസ്ഥാനത്തെ എല്ലാ പ്രസാധകർക്കും അവസരം നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം. അത് ആദ്യ മേളയിലൂടെ തന്നെ നിറവേറ്റി. അടുത്ത വർഷം ജനുവരി എട്ടുമുതൽ 16വരെ നടക്കുന്ന രണ്ടാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ കൂടുതൽ പ്രസാധകർക്ക് അവസരമൊരുക്കും.
അക്ഷരവൈരികൾ അരങ്ങുവാഴുന്ന കാലമാണ്. മാനവരാശിക്കുതന്നെ ഭീഷണിയായി ലഹരി മാഫിയ തലങ്ങും വിലങ്ങും കറങ്ങുന്ന സമയമാണ്. ഇതിനെല്ലാം ഒറ്റമൂലിയെന്ന നിലക്കാണ് വായനയാണ് ലഹരിയെന്ന സന്ദേശമുയർത്തി പ്രഥമ പുസ്തകോത്സവം നടത്തിയത്. ആദ്യമേളയിൽ എന്തെല്ലാം പോരായ്മകൾ ഉണ്ടോ അതെല്ലാം പരിശോധിച്ച് കൂടുതൽ ജനകീയമാക്കി മേള തുടരും. കേരളത്തിന്റെ അന്താരാഷ്ട്ര പുസ്തകോത്സവമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.