കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍: മാധ്യമം ആഴ്ചപ്പതിപ്പിന് അഭിമാനത്തിളക്കം
text_fieldsകോഴിക്കോട്: കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ മാധ്യമം ആഴ്ചപ്പതിപ്പിന് ആഹ്ലാദത്തിന്റെയും അഭിമാനത്തിന്റെയും നിമിഷങ്ങള്‍. മികച്ച ജീവചരിത്രം/ ആത്മകഥ, യാത്രാവിവരണം വിഭാഗങ്ങളില്‍ ആഴ്ചപ്പതിപ്പില്‍ ഖണ്ഡശ്ശയായി പ്രസിദ്ധീകരിച്ച രചനകള്‍ക്കാണ് പുരസ്കാരം.
ആത്മകഥാ വിഭാഗത്തില്‍ പുരസ്കാരം നേടിയ, മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ബി.ആര്.പി. ഭാസ്കറിന്റെ ‘ന്യൂസ് റൂം’ ആഴ്ചപ്പതിപ്പില്‍ തുടര്‍ലക്കങ്ങളില്‍ പ്രസിദ്ധീകരിക്കുമ്പോള്‍തന്നെ വായനക്കാരില്‍നിന്ന് മികച്ച അഭിപ്രായങ്ങളും അനുമോദനങ്ങളും ലഭിച്ചിരുന്നു. ആത്മകഥാ വിഭാഗത്തില്‍ മുന്‍ വര്‍ഷങ്ങളിലും ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കൃതികള്‍ പുരസ്കാരം നേടിയിരുന്നു. ചരിത്രകാരന് എം.ജി.എസ്. നാരായണന്റെയും സാമൂഹിക ചിന്തകന്‍ കെ.കെ. കൊച്ചിന്റെയും ആത്മകഥകളായിരുന്നു അവ.
യാത്രാവിവരണ വിഭാഗത്തില്‍ പുരസ്കാരം ലഭിച്ചത് കഥാകൃത്തും മാധ്യമപ്രവര്‍ത്തകനുമായ സി. അനൂപ് എഴുതിയ ‘ദക്ഷിണാഫ്രിക്കന്‍ യാത്രാ പുസ്തക’ത്തിനാണ്. ഗാന്ധിജി 1915ന് മുമ്പ് പ്രവര്‍ത്തിച്ച മേഖലകളിലൂടെ നീങ്ങിയ യാത്ര വേറിട്ട യാത്രാനുഭവം നല്കി.
നേരത്തേ കഥ, നോവല്‍, കവിത വിഭാഗങ്ങളിലും ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച കൃതികള്‍ പുരസ്കാരത്തിന് അര്‍ഹത നേടിയിരുന്നു. മുമ്പ് കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ഉൾപ്പെടെയുള്ള നിരവധി പുരസ്കാരങ്ങള്‍ നേടിയ കെ.ആര്. മീര, ടി.ഡി. രാമകൃഷ്ണന്, സാറാ ജോസഫ് തുടങ്ങിയവരുടെ കൃതികളും ആഴ്ചപ്പതിപ്പില്‍ വന്നവയാണ്. മികച്ച രചനകളുടെ വായനാനുഭവം നല്കുന്നതില് ആഴ്ചപ്പതിപ്പ് മുന്നില്‍ നില്‍ക്കുന്നുവെന്ന് പുരസ്കാരങ്ങള്‍ വീണ്ടും ഉറപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.