കേരളഗാനം: കാര്യങ്ങൾ വ്യക്തമാക്കി ശ്രീകുമാരൻ തമ്പിക്ക് മെയിൽ അയച്ചെന്ന് സച്ചിദാനന്ദൻ
text_fieldsതൃശൂർ: കേരളഗാന വിവാദത്തിൽ കവി ശ്രീകുമാരൻ തമ്പിയുടെ ആരോപണങ്ങൾക്ക് വീണ്ടും വിശദീകരണവുമായി സാഹിത്യ അക്കാദമി അധ്യക്ഷൻ കെ. സച്ചിദാനന്ദൻ. ശ്രീകുമാരൻ തമ്പിയോട് പാട്ട് ചോദിക്കാൻ അക്കാദമി സെക്രട്ടറിക്ക് നിർദേശം നൽകിയത് സാംസ്കാരിക വകുപ്പ് സെക്രട്ടറിയാണെന്നും അദ്ദേഹമെഴുതിയത് പറ്റില്ലെന്ന് കണ്ടെത്തിയത് വകുപ്പ് സെക്രട്ടറി കൂടി ഉൾപ്പെട്ട സമിതിയാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഒരു വാഗ്ദാന ലംഘനവും നടന്നിട്ടില്ല. അക്കാദമി അധ്യക്ഷൻ കമ്മിറ്റിയിലെ ഒരു അംഗം മാത്രമാണ്. ഒരാളും വസ്തുനിഷ്ഠ കാരണങ്ങളാൽ തമ്പിയുടെ ഗാനം അംഗീകാരയോഗ്യമായി കരുതിയില്ല. കേരളഗാന പദ്ധതി തന്നെ സർക്കാറിന്റേതാണ്, അക്കാദമിയുടേതല്ല. ഗാനങ്ങൾ ഇപ്പോഴും വരുന്നു, പഴയ കവിതകളും ചിലർ നിർദേശിക്കുന്നു. അന്തിമ തീരുമാനം കൃതിയും സംഗീതവും ഒരുപോലെ സർക്കാർ കമ്മിറ്റി അംഗീകരിക്കുമ്പോൾ മാത്രമേ ഉണ്ടാകൂ. സത്യങ്ങൾ വ്യക്തമാക്കി ശ്രീകുമാരൻ തമ്പിക്ക് നേരിട്ട് ഇ മെയിൽ അയച്ചിട്ടുണ്ടെന്നും സച്ചിദാനന്ദൻ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.
കുറിപ്പിെൻറ പൂർണരൂപം
ആയിരക്കണക്കിന് സഹൃദയർ എൻ്റെ നിലപാടിന് പിന്തുണയുമായി വരുന്നുണ്ട്. അവർ അറിയാത്ത ഒരു കാര്യം ശ്രീ. തമ്പിയോട് പാട്ട് ചോദിക്കാൻ - അംഗീകരിക്കും എന്ന ഒരു ഗാരണ്ടിയും നൽകാതെ -അക്കാദമി സെക്രട്ടറിയോട് നിർദേശിച്ചത് സാംസ്കാരിക വകുപ്പ് സെക്രട്ടറി ആണെന്നും അത് പറ്റില്ലെന്ന് കണ്ടെത്തിയത് അവർ കൂടി ഉൾപ്പെട്ട കമ്മിറ്റി ആണെന്നും ഉള്ള കാര്യമാണ്. ഇതിൽ ഒരു വാഗ്ദാന ലംഘനവും ഇല്ല. ഞാൻ ആ കമ്മിറ്റിയിലെ വെറും ഒരു അംഗം ആണ്. സന്നിഹിതരായിരുന്നവരിൽ ഒരാളും വസ്തുനിഷ്ഠകാരണങ്ങളാൽ തമ്പിയുടെ ഗാനം അംഗീകാരയോഗ്യമായി കരുതിയില്ല. കേരളഗാനം പ്രോജക്ട് തന്നെ അക്കാദമിയുടെ അല്ല, സർക്കാരിൻ്റെതാണ്.
ഗാനങ്ങൾ ഇപ്പോഴും വരുന്നു, പഴയ കവിതകളും ചിലർ നിർദ്ദേശിക്കുന്നു. അന്തിമ തീരുമാനം കൃതിയും സംഗീതവും ഒരേ പോലെ സർക്കാർ കമ്മിറ്റി അംഗീകരിക്കുമ്പോൾ മാത്രമേ ഉണ്ടാകൂ.ഈ കാര്യത്തെ എന്തോ വ്യക്തികാര്യമായി , മാനാപമാനകാര്യമായി, അഥവാ, അക്കാദമി കാര്യമായി, ചിത്രീകരിക്കുന്നവരുടെ സത്യസന്ധതയും രാഷ്ട്രീയവും മന: ശാസ്ത്രവും പരിശോധന അർഹിക്കുന്നു. ഒരു സെൻസന്യാസി യെപ്പോലെ മൗനം പാലിക്കാം എന്ന് കരുതിയതാണ്, പക്ഷേ അസത്യപ്രസ്താ വങ്ങളും വാർത്തകളും തുടർച്ചയായി വരുന്നതിനാൽ ഇത്രയും വ്യക്തമാക്കാതെ വയ്യ എന്ന് തോന്നി. വിമർശകരുടെ ഭാഷ എനിക്ക് അറിയാത്തതിൽ ഖേദമില്ല. അത് അവരെത്തന്നെ വെളിപ്പെടുത്തുന്നു . സത്യങ്ങൾ എല്ലാം ഞാൻ ശ്രീ തമ്പിക്ക് നേരിട്ട് ഇമെയിൽ ആയി മിനിയാന്നു തന്നെ എഴുതുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.