ഭരണകൂടങ്ങൾ ഭയങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നുവെന്ന് കെ.ജി.എസ്
text_fieldsതിരുവനന്തപുരം: ഭരണകൂടങ്ങൾ ഭയങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നുവെന്ന് കവി കെ.ജി ശങ്കരപ്പിള്ള. വെള്ളയമ്പലം കെസ്റ്റൺ റോഡിലുള്ള വിസ്മയാസ് ഹോളിൽ, സംക്രമണകവിതവേദിയിൽ സംസാരിക്കുകയായരുന്നു അദ്ദേഹം. പുരാതനകാലം മുതൽക്കേ ഭരണകൂടങ്ങൾ ഭയോല്പാദന കേന്ദ്രങ്ങളാണ്. അതിനെതിരെയുള്ള പ്രതിരോധമാണ് തന്റെ കവിതകൾ എന്നും അദ്ദേഹം പറഞ്ഞു. ലെറ്റേഴ്സ് ഓഫ് ഗോർക്കി എന്ന പുസ്തകം എല്ലാവരും വായിക്കേണ്ടതാണ്. അത് ഭരണകൂടത്തിന്റെ ഭീകരമുഖം വരച്ചു കാട്ടുന്നു. ഒരു കൃതിയുടെയും ഉപരിതലം വായിക്കരുത്. അത് ധ്യാനമാർഗമല്ല. അത് മുക്തി തരില്ല. അതുകൊണ്ടാണ്. താൻ അഗാധതയെ ഇഷ്ടപ്പെടുന്നുവെന്നും കെ.ജി.എസ് പറഞ്ഞു.
പരിപാടിയിൽ കെ.ജി.എസ് പതിനഞ്ചോളം സ്വന്തം കവിതകൾ വായിച്ചു. അദ്ദേഹം കവിതവായന ആരംഭിച്ചത് അയ്യപ്പപ്പണിക്കരെ അനുസ്മരിച്ചുകൊണ്ടാണ്. 'ഒരു പക്ഷേ എൻറെ ജീവിതത്തിൽ എന്നെ ഏറ്റവും കൂടുതൽ പ്രചോദിപ്പിച്ചിട്ടുള്ള/ ഉത്തേജിപ്പിച്ചിട്ടുള്ള മനുഷ്യരിൽ പ്രമുഖൻ അയ്യപ്പപണിക്കർ ' ആണെന്ന് കെ.ജി.എസ് പറഞ്ഞു. കവിതയിൽ എല്ലാം അനുവദനീയമാണെന്ന് കാണിച്ചുതന്ന അയ്യപ്പപ്പണിക്കരാണ് തന്റെ ഗുരു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവ കവികൾ എഴുത്തിൽ ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യം കെ.ജി.എസിനെയും അയ്യപ്പപ്പണിക്കരെയും പോലുള്ള എഴുത്തുകാർ നേടിത്തന്നതാണെന്ന് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച കവി ശാന്തൻ പറഞ്ഞു. അയ്യപ്പപ്പണിക്കർ ഫൌണ്ടേഷൻ സെക്രട്ടറി പ്രിയദാസ് ജി. മംഗലത് സ്വാഗതം പറഞ്ഞു. സി. അശോകൻ, ഡി. അനിൽകുമാർ, സുമേഷ് കൃഷ്ണൻ, സിന്ധു വാസുദേവൻ, ഡി. യേശുദാസൻ തുടങ്ങിയവർ സംവാദത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.