കോട്ടയം പബ്ലിക് ലൈബ്രറി @ 140
text_fieldsകോട്ടയം: അക്ഷരനഗരിയുടെ അഭിമാനമായ പബ്ലിക് ലൈബ്രറി 140ാം വാർഷികം ആഘോഷിക്കുന്നു. 1882ൽ ദിവാൻ പേഷ്കാർ ടി. രാമരായരാണ് പബ്ലിക് ലൈബ്രറിക്ക് തുടക്കമിട്ടത്. ജില്ലയുടെ തലസ്ഥാനം ചേർത്തലയിൽനിന്ന് കോട്ടയത്തേക്ക് മാറ്റിയപ്പോഴാണ് ലൈബ്രറി ആരംഭിച്ചത്. 1887ൽ രാമരായർ തിരുവതാംകൂർ ദിവാനായി മാറുംവരെ നേരിട്ടുതന്നെയാണ് മേൽനോട്ടം വഹിച്ചത്.
1982ലാണ് ശതാബ്ദി ആഘോഷിച്ചത്. ഗവർണർ പി. രാമചന്ദ്രനായിരുന്നു ഉദ്ഘാടകൻ. അതിനുമുമ്പുള്ള അഞ്ചുവർഷം ലൈബ്രറിയുടെ സെക്രട്ടറിയായിരുന്ന എബ്രഹാം ഇട്ടിച്ചെറിയ ഇതേവർഷമാണ് പ്രസിഡന്റായി അധികാരം ഏറ്റെടുത്തത്. ഇതിനുശേഷമാണ് രണ്ടു നിലകളിലായി പ്രധാന കെട്ടിടം ഉയർന്നതും മൂന്നുനിലകളിൽ രണ്ടു ബ്ലോക്കുകൾ കൂടി അധികമായി നിർമിച്ചതും. കെ.പി.എസ്. മേനോൻ ഹാൾ നിർമിച്ചതും വിവിധ ചടങ്ങുകൾ നടത്തുന്നതിനായി രണ്ടു മിനി ഹാളുകൾ നിർമിച്ചതും ഈ സമയത്തുതന്നെ. 32 അടി ഉയരത്തിൽ 62ലക്ഷം രൂപ മുടക്കി കാനായി കുഞ്ഞിരാമന്റെ മേൽനോട്ടത്തിൽ നിർമിച്ച അക്ഷരശിൽപവും ഇവിടെയുണ്ട്. ഇതിനുചുറ്റിലും രാമറാവു ഗാർഡൻ എന്ന പേരിൽ 51 ഇനം അത്യപൂർവ വൃക്ഷങ്ങളും സസ്യങ്ങളും നിറഞ്ഞ ബൊട്ടാണിക്കൽ ഗാർഡനുമുണ്ട്.
സംസ്ഥാനത്തെ മറ്റൊരു ലൈബ്രറിക്കും അവകാശപ്പെടാനില്ലാത്ത മറ്റൊരു അത്യപൂർവ നേട്ടംകൂടി പബ്ലിക് ലൈബ്രറിക്ക് സ്വന്തമായുണ്ട്. 16 ലക്ഷം രൂപ മുടക്കി നിർമിച്ച സൗരോർജ പ്ലാന്റിൽനിന്നാണ് ഇപ്പോൾ ലൈബ്രറിയിലെ മുഴുവൻ വൈദ്യുതി ഉപകരണങ്ങളും തെളിയുന്നത്. 100 യൂനിറ്റ് ഉൽപാദിപ്പിക്കുന്ന ഇവിടെനിന്ന് 50 യൂനിറ്റ് സർക്കാറിനു നൽകുന്നുണ്ട്.
ഗവർണർ പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും
കോട്ടയം: 30 മുതൽ ഡിസംബർ നാലു വരെ കെ.പി.എസ് മേനോൻ ഹാളിൽ നടക്കുന്ന വാർഷികാഘോഷം ഗോവ ഗവർണർ അഡ്വ. പി.എസ്. ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. വിവിധ സെമിനാറുകൾ, കലാപരിപാടികൾ, മത്സരങ്ങൾ എന്നിവ ആഘോഷപരിപാടികളുടെ ഭാഗമായി നടക്കും. പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയയുടെ ശതാഭിഷേകവും ഇതോടൊപ്പം ആഘോഷിക്കും. 30ന് പെരുമ്പടവം ശ്രീധരൻ, ഡിസം. ഒന്നിന് ഡോ.കെ.എസ്. രാധാകൃഷ്ണൻ, രണ്ടിന് ഡോ. വി.പി. ഗംഗാധരൻ, മൂന്നിന് ഡോ. ജോർജ് ഓണക്കൂർ എന്നിവർ സെമിനാറുകളിൽ സംസാരിക്കും. സംഘാടക സമിതി ജനറൽ കൺവീനർ ഫാ. ഡോ. എം.പി. ജോർജ്, എക്സിക്യൂട്ടിവ് സെക്രട്ടറി കെ.സി. വിജയകുമാർ, ആക്ടിങ് സെക്രട്ടറി ഷാജി വേങ്കടത്ത്, ആഘോഷ കമ്മിറ്റി കൺവീനർ വി. ജയകുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
രണ്ടുലക്ഷം പുസ്തകങ്ങൾ
രണ്ടുലക്ഷം പുസ്തകങ്ങളാണ് വായനക്കാരെ കാത്തിരിക്കുന്നത്. 40,000 പുസ്തകങ്ങൾ അടങ്ങിയ റഫറൻസ് സെക്ഷനും ഇവിടെയുണ്ട്. ഒരേസമയം 30പേർക്ക് ഗവേഷണം നടത്താൻ സാധിക്കുന്ന ഗവേഷണ വിഭാഗവും ലൈബ്രറിക്ക് മുതൽക്കൂട്ടാണ്. നിലവിൽ 5500 അംഗങ്ങളാണുള്ളത്. ന്യൂസ് പേപ്പർ ഗസറ്റ് അർക്കേവ്സ് അടക്കം ലൈബ്രറിയുടെ സ്വത്തുക്കൾ പരിപാലിക്കുന്നത് 16 ജീവനക്കാർ ചേർന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.