തട്ടകത്തിന്‍റെ തോറ്റംപാട്ടുകാരന്‍റെ നൂറാം പിറന്നാൾ ജന്മദേശം കൊണ്ടാടി
text_fieldsഗുരുവായൂർ: മുനിമടയും കല്ലുത്തിപ്പാറയും വാഴാവിൽ ഭഗവതിയും നാഗയക്ഷിയും ആയിരംകുളവുമെല്ലാമുള്ള കണ്ടാണശേരിയെ ലോകത്തിന് മുന്നിൽ രേഖപ്പെടുത്തിയ മഹാനായ കഥാകാരൻ കോവിലന്‍റെ ജന്മശതാബ്ദി ആഘോഷ സമാപനം തട്ടകം കൊണ്ടാടി. കോവിലന്‍റെ എഴുത്തുകളിൽ നിറഞ്ഞുനിൽക്കുന്ന വാഴാവിൽ ക്ഷേത്ര പരിസരത്തായിരുന്നു ആഘോഷങ്ങൾ. ദേശക്കൂട്ടായ്മകൾ ഒന്നിച്ച സാംസ്കാരിക സമ്മേളനം എഴുത്തുകാരി സാറാ ജോസഫ് ഉദ്ഘാടനം ചെയ്തു.
മിത്തുകളെ ശാസ്ത്രങ്ങളാക്കാൻ ഭരണകൂടം ഇറങ്ങിപ്പുറപ്പെട്ട കാലത്തിലൂടെയാണ് നാം കടന്നുപോകുന്നതെന്ന് സാറാ ജോസഫ് പറഞ്ഞു. ഭാവനയുടെ അതിരില്ലായ്മയെ ശാസ്ത്രവുമായി താരതമ്യപ്പെടുത്തരുത്. വ്യത്യസ്തതകളുടെ നശീകരണം നടക്കുന്ന കാലത്ത് കോവിലൻ വായിക്കപ്പെടണം. അധമബോധത്തിനെതിരായ കലാപമായിരുന്നു കോവിലന്‍റെ എഴുത്തെന്നും സാറാ ജോസഫ് പറഞ്ഞു.
മഹാത്മാ ഗാന്ധിയുടെ സത്യസന്ധത എഴുത്തിൽ പുലർത്തിയ വ്യക്തിയായിരുന്നു കോവിലനെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുൻ മന്ത്രി എം.എ. ബേബി പറഞ്ഞു. മനുഷ്യന്‍റെ അടിസ്ഥാന പ്രശ്നങ്ങളാണ് കോവിലന്‍റെ എഴുത്തിലുള്ളതെന്നും ബേബി പറഞ്ഞു. കോവിലൻ കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യാൻ നടപടി വേണമെന്നും നിർദേശിച്ചു.
കണ്ടാണശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എൻ.എസ്. ധനൻ അധ്യക്ഷത വഹിച്ചു. വിജു നായരങ്ങാടി (ദേശമുദ്രകളുടെ രാഷ്ട്രീയ മാനങ്ങൾ), ഡോ. ആർ. സുരേഷ് (ഭരതനിലെ വിചാരലോകങ്ങൾ) എന്നിവർ പ്രഭാഷണം നടത്തി. ഷീബ ചന്ദ്രൻ, കെ.കെ. ജയന്തി, എം.ജെ. പൗർണിമ, വി.കെ. ദാസൻ, പി.എം. ഷാജി, എ.ഡി. ആന്‍റു, മേജർ പി.ജെ. സ്റ്റൈജു എന്നിവർ സംസാരിച്ചു. വിവിധ മേഖലകളിൽ വിജയം നേടിയ ഡോ. വീണ ചന്ദ്രൻ, കെ.എ. നീരജ, കെ.ബി. അഗജ എന്നിവരെ അനുമോദിച്ചു. അഹമ്മദ് ഇബ്രാഹിമിന്‍റെ സിതാർ വാദനം, കലാസമിതിയുടെ കോൽക്കളി, നാടൻ പാട്ട് എന്നിവയുണ്ടായി. കോവിലൻ ട്രസ്റ്റും സാരഥി ക്ലബ്ബും ചേർന്നാണ് ആഘോഷങ്ങൾ സംഘടിപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.