കോഴിക്കോടിന്റെ തെരുവിൽ 'ബഷീർ' നിറയുന്നു; വിദ്യാർഥികൾക്ക് ചിത്രരചന മത്സരം, യുവ എഴുത്തുകാർക്ക് സാഹിത്യ ക്യാമ്പ്
text_fieldsകോഴിക്കോട്: ഇനി കോഴിക്കോടിന്റെ തെരുവുകളിൽ ബഷീർ കഥാപാത്രങ്ങൾ നടക്കാനിറങ്ങും. ആനവാരിയും പൊൻകുരിശ് തോമയും പാത്തുമ്മയും മണ്ടൻ മുത്തപയുമൊക്കെ കോഴിക്കോടിന്റെ സാംസ്കാരികവീഥികളിൽ വീണ്ടും പുനർജനിക്കും. വിശ്വസാഹിത്യകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ 28ാം ചരമവാർഷികത്തോടനുബന്ധിച്ച് ജൂലൈ രണ്ടു മുതൽ അഞ്ചുവരെ 'നമ്മൾ ബേപ്പൂരി'ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന 'ബഷീർ ഫെസ്റ്റി'ന് നാടൊരുങ്ങിക്കഴിഞ്ഞു.
ബഷീർ ചിത്രരചന മത്സരം, ഫോട്ടോ പ്രദർശനം, നാടൻ ഭക്ഷ്യമേള, നാടകം, ഗസൽ സന്ധ്യ തുടങ്ങി വിപുലമായ പരിപാടികളാണ് ഫെസ്റ്റിന്റെ ഭാഗമായി നടക്കുക. മന്ത്രി പി.എ. മുഹമ്മദ് റിയാസും മേയർ ബീന ഫിലിപ്പുമാണ് പരിപാടികൾക്ക് ചുക്കാൻ പിടിക്കുന്നത്.ജൂലൈ മൂന്നിന് രാവിലെ 10ന് ബേപ്പൂർ ഹൈസ്കൂളിൽ വിദ്യാർഥികൾക്കായി ബഷീർ കഥാപാത്രങ്ങളെ ആസ്പദമാക്കി ജില്ല അടിസ്ഥാനത്തിൽ ചിത്രരചന മത്സരം നടക്കും.
നാലിന് കേരള സാഹിത്യ അക്കാദമിയുമായി സഹകരിച്ച് ബഷീറിന്റെ ബേപ്പൂരിലെ വൈലാലിൽ വീട്ടിൽ യുവ എഴുത്തുകാർക്കായി 'ബഷീർ യുവ സാഹിത്യ ക്യാമ്പ്' നടക്കും.
പ്രമുഖ സാഹിത്യകാരന്മാരായ സച്ചിദാനന്ദൻ, എം. മുകുന്ദൻ എന്നിവർ പങ്കെടുക്കുന്ന ക്യാമ്പിന്റെ ഡയറക്ടർ സുഭാഷ്ചന്ദ്രനാണ്. പ്രത്യേകം തിരഞ്ഞെടുക്കുന്ന 100 യുവ എഴുത്തുകാർക്കാണ് ക്യാമ്പിൽ പ്രവേശനം ലഭിക്കുക.
ക്യാമ്പിൽ പങ്കെടുക്കുന്നതിനായി 'ഞാനറിയുന്ന ബഷീർ' എന്ന വിഷയത്തിൽ മൂന്ന് പുറത്തിൽ കവിയാത്ത കുറിപ്പ് തയാറാക്കി പേരുവിവരങ്ങൾ സഹിതം ജൂൺ 28ന് മുമ്പായി basheerfest@gmail.com എന്ന വിലാസത്തിൽ ഇ-മെയിൽ അയക്കണം. ചിത്രരചന മത്സരത്തിന്റെയും ക്യാമ്പിന്റെയും കൂടുതൽ വിവരങ്ങൾക്ക് 7736189714 എന്ന നമ്പറിൽ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.