‘അന്നാണല്ലോ മലയാളത്തിെന്റ ആ പ്രിയങ്കരൻ പറയാതെ പടിയിറങ്ങിപ്പോയത്?’ ഒ.വി. വിജയനെ കുറിച്ച് കെ.പി. സുധീര
text_fieldsമലയാളത്തിെൻറ പ്രിയ സാഹിത്യകാരൻ ഒ.വി. വിജയൻ വിടവാങ്ങിയിട്ട് ഒന്നര പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഇന്നും മലയാള സാഹിത്യത്തിെൻറ യൗവനശോഭയായ വിജയെൻറ രചനകൾ നിലകൊള്ളുകയാണ്. ഒ.വി. വിജയനെ കുറിച്ചുള്ള ഓർമ്മകൾ ഏറെ ഹൃദയസ്പർശിയായി എഴുതിയിരിക്കുകയാണ് സാഹിത്യകാരി കെ.പി. സുധീര. ഫേസ് ബുക്ക് പേജിലാണ് തന്റെ പ്രിയ സാഹിത്യകാരനെ കുറിച്ച് സുധീര എഴുതുന്നത്.
കുറിപ്പ് പൂർണരൂപത്തിൽ:
O V Vijayan ആ സന്ദേഹിയുടെ നാട്ടിൽ 2005 ലായിരുന്നുവല്ലോ അത്. അന്നാണല്ലോ മലയാളത്തിൻ്റെ ആ പ്രിയങ്കരൻ പറയാതെ പടിയിറങ്ങിപ്പോയത്? ഒന്നര പതിറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. അവിശ്വസനീയം. "സ്വന്തം ആത്മാവിലൂടെ കിട്ടാത്തതെന്തോ തേടി അലയുന്ന രവിയിൽ ഞങ്ങൾ ഞങ്ങളെ കാണുന്നു " എന്ന് ഒരിക്കൽ ഓവി വിജയൻ സാറിനോട് ഞാൻ പറയുകയുണ്ടായി. "തസ്രാക്കിൽ ഒരിക്കൽ എന്നെ കൊണ്ടു പോകുമോ" എന്ന ചോദ്യത്തിന് പല നോവലുകളിലൂടെ എഴുത്തുകളിലൂടെ കുട്ടിയെ ഞാൻ കൊണ്ടുപോയല്ലോ എന്ന മറുപടിയും ഒരു നനുനനുത്ത ചിരിയും.
അടുത്ത കാലത്ത് പാലക്കാട് വച്ച് നടന്ന ഒരു പരിപാടിയിൽ സംസാരിച്ചു തീർന്നപ്പോൾ ഞാൻ സംഘാടകരോട് പറഞ്ഞു ."എന്നെ തസ്രാക്കിലേക്ക് കൊണ്ടുപോകൂ" കാറിൽ കൂടെ അവർ പറഞ്ഞയച്ചത് കോഴിക്കോട് ഫറൂഖ് കോളേജിലെ വിദ്യാർഥിയായ ഇസ്മായിലിനെ ആണ്. പാലക്കാട് ടൗണിൽ നിന്ന് പല ഇടവഴികൾ സഞ്ചരിച്ച് കാടാംകോടും മമ്പുറവും യാക്കര പുഴയും എല്ലാം കടന്നു ഞങ്ങൾ തസ്രാക്കിൽ എത്തി. "ഖസാക്ക് " എന്ന വലിയ ബോർഡിനരികിൽ ഒരു കുട്ടിയെ പോലെ ഞാൻ ചെന്നു നിന്നു. സന്ദേഹിയായ ആ മഹാ സാഹിത്യകാരൻ്റെ ജന്മനാട് ഒരു ഉൾപ്പുളകത്തോടെ ഞാൻ നോക്കിനിന്നു.
ചുരം കടന്ന് വന്ന പാലക്കാടൻ കാറ്റ് എൻ്റെ നെറ്റിയിലെ വിയർപ്പുമണികളൊപ്പി. കരിമ്പനപ്പട്ടകളിൽ കാറ്റുപിടയ്ക്കുന്ന ശബ്ദം കേൾക്കുന്നുണ്ടോ? ഓടിട്ട ആ കൊച്ചു വീടിന് ഒരു പർണശാല യുടെ കുളിർമയും വിശുദ്ധിയും .വീടിനെ സർക്കാർ മ്യൂസിയമാക്കിയിരിക്കുന്നു. സന്ദർശകർക്ക് വരാം പോകാം. എന്നെങ്കിലുമൊരിക്കൽ എന്നെ തൂതപ്പുഴ യും കരിമ്പനകളും കാണിക്കാൻ കൊണ്ടുപോകാമെന്ന് പറഞ്ഞിരുന്നില്ലേ? അങ്ങ് വാക്കുപാലിച്ചില്ല. എങ്കിലും ഞാൻ വന്നു. പലതവണ പാലക്കാട് വന്നിട്ടും തസ്രാക്കിൽ വരാനായില്ല. ജീവിതമെന്നെ സ്ഫടികമെന്നത് പോൽ തച്ചു തകർത്തിട്ടും ഞാൻ വന്നു. അങ്ങയുടെ സാഹിത്യം സ്വപ്നതുല്യമായ സാക്ഷാത്കാരമാണ് ഞങ്ങൾക്ക്. മോഹിപ്പിക്കുന്ന സമ്പൂർണ്ണതയും ആണ്. ആർത്ത് കേഴുന്ന ഞങ്ങളുടെ അനാഥത്വത്തിന് സാന്ത്വനമേകിയ കലാകാരാ- അങ്ങയുടെ ജ്വലിക്കുന്ന ഭാഷയും ആശയങ്ങളും ഇന്നും തീക്കനലുകളായി ഞങ്ങളുടെ അകം പൊള്ളിക്കുന്നുവല്ലോ.
മുറ്റത്ത് പ്രതിഷ്ഠിച്ച പ്രതിമയിലേക്ക്ഞാൻ ആധിയോടെ നോക്കി . മരിച്ചവർക്കല്ലേ പ്രതിമ? ഓ.വി .വിജയൻ എന്ന അനശ്വര പ്രതിഭ മരിച്ചപ്പോൾ ആയിരമായി ജനിച്ചില്ലേ?
ഉമ്മറത്ത് ഓ.വി.വിജയൻ സാറിൻ്റെ ജീവൻ തുടിക്കുന്ന കൂറ്റൻ ചിത്രങ്ങൾ. കെ.ആർ. വിനയൻ്റെ ക്യാമറക്കണ്ണുകൾ ഒപ്പിയെടുത്തതാണവ. നന്ദി പ്രിയ കലാകാരാ- അതൊന്നും ചിത്രങ്ങളായി തോന്നുന്നേ ഇല്ലല്ലോ. എന്തിനോ കണ്ണുനിറഞ്ഞു. ആ മഹാപ്രതിഭയുടെ അരികിൽ നിൽക്കും പോലെ ! പതിവുപോലെ ആ കരം ഞാൻ ഗ്രഹിച്ചു. ചിത്രത്തിൻറെ കൈ അല്ല തീർച്ച.
ദില്ലിയിൽ പോയതിനുശേഷം അങ്ങ് പത്ര രംഗത്ത് ആയിരുന്നുവല്ലോ. കോളങ്ങളും കാർട്ടൂണുകളും. വരാന്തയിൽ സാമൂഹ്യ വിമർശനം നിറഞ്ഞ കാർട്ടൂണുകളെ ഞാൻ അന്തിച്ചു നോക്കി. ഇല്ല, അവയിൽ നർമവുമില്ല, ഹാസ്യവും ഇല്ല. അത്യുക്തിയും അതിശയോക്തിയും ഇല്ല. ബുദ്ധിയെ ഖനനം ചെയ്യുന്ന ഒരു കരുത്ത് . ചിരിയെ അല്ല ,ചിന്തയെ ദ്യോദിപ്പിക്കുന്നവ.മുൻപ് ശങ്കേഴ്സ് വീക്കിലിയിൽ വന്നതാവണം.
ഞാനങ്ങയെ അവസാനമായി കണ്ടതെന്നായിരുന്നു? ആ നാൾ ഓർമ്മവന്നു. കോട്ടയത്ത് ഡിസി ബുക്സ് ൻ്റെ വാർഷിക പരിപാടികളിൽ പങ്കെടുത്ത് മടങ്ങുമ്പോൾ ഉഷച്ചേച്ചിക്കൊപ്പം കഴിയുന്ന അങ്ങയെ കാണാൻ ഞങ്ങൾ വന്നു. പാർക്കിൻസൺസ് എന്ന രോഗം അങ്ങയുടെ ശരീരത്തെ കാർന്നു തിന്നുന്ന കാലം. എന്നാൽ മനസ്സപ്പോഴും ഊർജസ്വലം . അങ്ങയുടെ കട്ടിലിന് ചുറ്റും സ്നേഹവാത്സല്യങ്ങളുടെ ചിത്ര ശലഭങ്ങൾ പാറിക്കളിച്ചിരുന്നു. ശബ്ദം പരിക്ഷീണം. എങ്കിലും എന്തൊക്കെയോ സംസാരിച്ചു. ഫോട്ടോ എടുക്കാൻ ഭർത്താവ് ക്യാമറ പുറത്തെടുത്തു .എത്ര പരിശ്രമിച്ചിട്ടും അങ്ങേക്ക് എണീറ്റിരിക്കാനായില്ല.ഒടുവിൽ കിടന്നു കൊണ്ടുള്ള ഫോട്ടോയെടുത്തു. ഇറങ്ങുവാൻ യാത്ര പറയവേ ഉഷച്ചേച്ചിയെക്കൊണ്ട് സ്വന്തം പുസ്തകം എടുപ്പിച്ചു. മധുരോദാരമായ പുഞ്ചിരിയോടെ പുസ്തകം കിടന്നുകൊണ്ട് ഒപ്പിട്ടു കയ്യിൽ തന്നു .മധുരം ഗായതി!ഒരു നിധിപോലെ ഞാൻ അത് നെഞ്ചിൽ ചേർത്തു.
യാത്ര പറഞ്ഞു മുറിക്ക് പുറത്തെത്തിയപ്പോൾ കൂടെ വന്ന ചേച്ചിയെ വിളിക്കുന്നത് കേട്ട് അവർ ഞങ്ങളെ വിട്ട് വീണ്ടും മുറിയിലേക്ക് പോയി. ഞങ്ങളെ മുറിയിലേക്ക് വീണ്ടും വിളിപ്പിച്ചു. അദ്ദേഹം എങ്ങനെയൊക്കെയോ എഴുന്നേറ്റിരിക്കുന്നു! ഒന്നിച്ച് ഫോട്ടോയെടുക്കാൻ! നന്മനിറഞ്ഞ ആ ഹൃദയത്തിന് മുൻപിൽ ഞാനിന്നും നമ്രശിരസ്കായി നിൽക്കുന്നു പ്രിയ സാഹിത്യകാരാ.( അതായിരുന്നു അവസാന കാഴ്ച.)
പച്ച പൊതിഞ്ഞുനിൽക്കുന്ന പാലക്കാടൻ നെൽവയലുകൾ കാറ്റിൽ പുളയ്ക്കുകയാണ്. കോഴിക്കോട് നിന്നുള്ള ഡ്രൈവർ ബാവ കാർ നിർത്തി .ഉഷ്ണം കൊണ്ട് പൊരിയുന്ന വയൽവരമ്പിലൂടെ നടന്നപ്പോൾ രവിക്കൊപ്പംനടക്കും പോലെ!ഖസാക്കിലൂടെ തന്നെത്തന്നെ തേടി നടന്ന രവി. അയാളുടെ വിഭ്രാത്മക രഹസ്യ ലോകങ്ങൾ. കിഴക്കൻ കാറ്റേറ്റ്, കരിമ്പനകളുടെ വിരൽത്താളം കേട്ട് ,ആ വയൽപ്പച്ചയിൽ ഞാനേറെ നേരം നിന്നു. ടെലഫോണിലൂടെ ഞാൻ എത്രയോ തവണ കേൾപ്പിച്ച അങ്ങയുടെ പ്രിയങ്കരമായ ആ ഗസൽ ആരാണ് മൂളുന്നത്?
സിന്ദഗി സേ യഹീ ഗിലാ ഹെ മുജേ,തൂ ബഹുത് ദേർ സേ മിലാ ഹെ മുജേ." (ജീവിതത്തോട് എനിക്ക് ഈ ഒരു പരാതിയെ ഉള്ളൂ നിന്നെ പരിചയമാവാൻ ഞാൻ എന്തിത്ര വൈകിപ്പോയി?). വീണ്ടും കാറിൽ കയറിയപ്പോൾ സന്തോഷവും സങ്കടവും അടക്കാനാവാതെ ഞാൻ കരഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.