'അക്ഷരങ്ങളിൽ ആത്മാവിനെ അലിയിക്കുന്ന പുസ്തകങ്ങൾ സുലഭമായിരുന്നെങ്കിൽ താൻ എഴുത്തുകാരിയാകില്ലായിരുന്നു'
text_fieldsവായനാദിനത്തിൽ വായിച്ചു വായിച്ചല്ലാതെ ഉറങ്ങിയിട്ടില്ലാത്ത കാലത്തെ കുറിച്ച് കെ.ആർ. മീരയുടെ കുറിപ്പ്. പത്രപ്രവർത്തകയാകുംവരെ എല്ലാ ദിനങ്ങളും വായനാദിനങ്ങളായിരുന്നുവെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ മീര പറയുന്നു. വായനയോടുള്ള തന്റെ ഇഷ്ടം വെളിപ്പെടുത്തുന്ന കുറിപ്പിൽ വായിച്ചു തീരുമ്പോൾ താനില്ലാതെയാകുന്നതരം പുസ്തകം വായിച്ചുകൊണ്ടുവേണം തനിക്ക് മരിക്കാനെന്നും അവർ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
പത്രപ്രവർത്തകയാകുംവരെ എല്ലാ ദിനങ്ങളും വായനാദിനങ്ങളായിരുന്നു.
ഉണ്ണാനും ഉറങ്ങാനും പുസ്തകം അത്യാവശ്യമായിരുന്ന ഒരു കാലമുണ്ടായിരുന്നു.
ഇടത്തെ കയ്യിലൊരു പുസ്തകമില്ലാതെ ഭക്ഷണം കഴിക്കാൻ കഴിയാതിരുന്ന കാലം.
വായിച്ചു വായിച്ചല്ലാതെ ഉറങ്ങിയിട്ടില്ലാത്ത കാലം.
വായിച്ചല്ലാതെ പ്രേമിക്കാൻ പോലും കഴിയാതിരുന്ന കാലം.
വായിക്കുന്നവർ വായിക്കാത്തവരേക്കാൾ മെച്ചമാണെന്ന ധാരണയുണ്ടായിരുന്നു, അക്കാലത്ത്. വെറും തെറ്റിദ്ധാരണ.
പക്ഷേ, അതു വായനയുടെ കുഴപ്പമല്ലെന്നും എല്ലാ പുസ്തകങ്ങളും എല്ലാവർക്കുമുള്ളതല്ലെന്നും കൂടുതൽ വായിച്ചപ്പോൾ മനസ്സിലായി.
അക്ഷരങ്ങളിൽ ആത്മാവിനെ അലിയിച്ചു ചേർക്കുന്നതരം പുസ്തകങ്ങൾ സുലഭമായിരുന്നെങ്കിൽ ഞാനൊരിക്കലും എഴുതാൻ ഒരുമ്പെടുമായിരുന്നില്ല.
വായിച്ചു തീരുമ്പോൾ ഞാനും ഇല്ലാതെയാകുന്നതരം ഒരു പുസ്തകം വേണം. അതു വായിച്ചുകൊണ്ടു വേണം, എനിക്കു മരിച്ചു പോകാൻ.
എല്ലാവർക്കും മനസ്സു നിറയെ വായന സ്നേഹത്തോടെ ആശംസിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.