കെ.ആർ. മീരയെ ബി.ജെ.പി എം.എൽ.എ ബസൻ ഗൗഡയുമായി താരതമ്യം ചെയ്ത് എം. ലിജു
text_fieldsസാഹിത്യകാരി കെ.ആർ. മീരയെ ബി.ജെ.പി കർണാടക എം.എൽ.എ ബസൻ ഗൗഡയുമായി താരതമ്യം ചെയ്തിരിക്കുകയാണ് കെ.പി.സി.സി ജനറൽ സെക്രട്ടറി എം. ലിജു. ‘തുടച്ചുനീക്കാൻ കോൺഗ്രസുകാർ പത്തെഴുപത്തിയഞ്ചുകൊല്ലമായി ശ്രമിക്കുന്നു. കഴിഞ്ഞിട്ടില്ല. പിന്നെയാണു ഹിന്ദുസഭ’ എന്ന കെ.ആർ. മീര ഫേസ് ബുക്കിലെ കുറിപ്പ് ചൂട് പിടിച്ച ചർച്ചകൾക്ക് വഴിവെക്കുകയാണ്. ഗോഡ്സെയെ ഹിന്ദുമഹാസഭ ആദരിച്ച വാർത്ത പങ്കുവെച്ചുകൊണ്ടാണ് മീര തന്റെ പോസ്റ്റിട്ടത്.
വിവിധ മേഖലകളിലുള്ളവർ യോജിച്ചും വിയോജിച്ചും രംഗത്തെത്തിക്കഴിഞ്ഞു. ഈ കുറിപ്പ് തന്നെയാണ് ലിജുവിനെ കൊണ്ട് ബി.ജെ.പി എം.എൽ.എയുമായി ചേർത്ത് പറയാൻ പ്രേരിപ്പിച്ചത്.
ലിജുവിന്റെ കുറിപ്പ് പൂർണരൂപത്തിൽ
കെ ആർ മീര കേരളത്തിലെ ബസൻ ഗൗഡയായതിനാൽ
ശ്രീമതി കെ ആർ മീര,
ഒട്ടും ചരിത്ര ബോധമില്ലാത്ത, സമകാലിക യാഥാർഥ്യത്തോട് നീതി പുലർത്താത്ത എഴുത്താണ് താങ്കളുടെ എഫ് ബി പോസ്റ്റ്. എഴുപത്തി അഞ്ച് വർഷങ്ങളായി കോൺഗ്രസ് ഗാന്ധിജി യെ തുടച്ചു നീക്കാൻ ശ്രമിക്കുന്നു എന്നാണ് താങ്കളുടെ പരാമർശം. കൃത്യമായി പറഞ്ഞാൽ 1948 ജനുവരി 30 മുതൽ ഇപ്പോൾ വരെ ജവഹർ ലാൽ നെഹ്‌റുവും, സർദാർ പട്ടേലും, ലാൽ ബഹദൂർ ശാസ്ത്രിയും, മൌലാന ആസാദും, മുതൽ ഇന്നത്തെ നേതാക്കളായ മല്ലികാർജ്ജുന ഗാർഗേയും രാഹുൽ ഗാന്ധി തുടങ്ങിയ കോൺഗ്രസ് നേതാക്കളും, പാർട്ടിയുടെ ഏറ്റവും കീഴ് ഘടകമായ വാർഡ്, ബൂത്ത് പ്രവർത്തകർ വരെയുള്ള കോൺഗ്രസുകാരും ഗാന്ധിയെ തുടച്ചു നീക്കാൻ പാട് പെട്ടവരും, പാട് പെടുന്നവരുമാണെന്ന്.
കഷ്ടം കെ ആർ മീര. സമാന സ്വഭാവമുള്ള ഒരു പ്രസ്താവന കുറച്ചു ദിവസം മുൻപ് കർണാടകത്തിൽ നിന്ന് പുറത്ത് വന്നിരുന്നു. "അധികാരത്തിലെത്താൻ എളുപ്പ വഴിക്കായി, ഗാന്ധിയെ കൊല്ലാൻ ഗൂഢാലോചന നടത്തിയത് ജവാഹർ ലാൽ നെഹ്‌റുവാണ്, "പ്രസ്താവിച്ചത് കർണാടകയിൽ നിന്നുള്ള ബി ജെപി എം എൽ എ ബസൻ ഗൗഡ യത്നാലാണ്. മഹാത്മാഗാന്ധി കോൺഗ്രസ് അധ്യക്ഷനായതിന്റെ നൂറാം വർഷം കോൺഗ്രസ് പാർട്ടി കർണാടകത്തിലെ ബെൽഗാമിൽ പ്രത്യേക എ ഐ സി സി സമ്മേളനവും റാലിയും നടത്തി ആഘോഷിക്കുമ്പോളായിരുന്നു ബിജെപിക്കാരന്റെ മുരൾച്ച.
മഹാത്മാ ഗാന്ധി കോൺഗ്രസ് പ്രസിഡന്റായതിന്റെ നൂറാം വാർഷികം ആഘോഷിക്കുവാൻ കേരളത്തിലെ കോൺഗ്രസ് പാർട്ടി ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ പ്രഖ്യാപിച്ച് അതിന്റെ ഉദ്ഘാടനം ശ്രീ എ കെ ആന്റണി ഉദ്ഘാടനം നിർവഹിച്ചതും ,ഇന്ത്യയിൽ ഇന്നു ജീവിച്ചിരിക്കുന്ന ചരിത്ര ഗവേഷകരിൽ ഏറ്റവും പ്രമുഖ സ്ഥാനമുള്ള, ന്യൂ ഡൽഹി ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ ചരിത്ര പ്രൊഫസറായ ആദിത്യ മുഖർജി കെ പി സി സി ഓഫീസിൽ നടന്ന പരിപാടിയിൽ മുഖ്യ പ്രഭാഷണം നടത്തിയതും താങ്കളെ പോലൊരു മുൻ കാല മാധ്യമ പ്രവർത്തകയുടെ ശ്രദ്ധയിൽ പെട്ടില്ല എന്നത് ഖേദകരമാണ്. പ്രസ്തുത ചടങ്ങിൽ കേരളം കണ്ട ഏറ്റവും മികച്ച മാർക്സിസ്റ്റ് സൈന്ധാന്തികനും, ചിന്തകനുമായ ബി രാജീവൻ ഗാന്ധി അംബേദ്കർ ചിന്തകളെ കുറിച്ചാണ് വിശദമായി സംസാരി ച്ചത്.
ഗാന്ധിജി ഹിന്ദ് സ്വരാജ് എന്ന തന്റെ പുസ്തകത്തിൽ പറഞ്ഞതിന് സമാനമായിരുന്നു 'ഡരോ മത്' (ഭയക്കരുത്) എന്ന രാഹുൽ ഗാന്ധിയുടെ ആഹ്വാനമെന്ന് അന്നദ്ദേഹം പറയുകയുണ്ടായി. ജോടോ യാത്രയിൽ രാജ്യം മുഴുവൻ സഞ്ചരിച്ച രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയത്തെ ഗാന്ധിയൻ സഹന സമര രീതികളോട് താരതമ്യപ്പെടുത്തുകയും ചെയ്തു പ്രൊഫസർ രാജീവൻ.
കേരളത്തിലെ കോൺഗ്രസ് നേതൃത്വം മഹാത്മാഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ കേരളമാകെ ഒരു മാസം കൊണ്ട് 21900 വാർഡിൽ മഹാത്മാഗാന്ധി കുടുംബസംഗമങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. നാടൊട്ടുക്ക് ഗാന്ധി സ്മൃതി സംഗമങ്ങൾ കോൺഗ്രസ് നടത്തി കൊണ്ടിരിക്കുന്ന ഈ അവസരത്തിലാണ് കെ ആർ മീരയുടെ മുഖ പുസ്തക ആക്രോശം കടന്നു വരുന്നത്, കോൺഗ്രസുകാർ ഗാന്ധിയെ തുടച്ച് മാറ്റുന്നത്രെ.
ആകെ മൊത്തം നോക്കുമ്പോൾ എഴുത്തുകാരിക്ക് ലാഭം. കേന്ദ്രത്തിലെയും, കേരളത്തിലെയുംഭരണാധികാരികളെ, ഘടക കക്ഷികളെ ഒരുമിച്ചു സന്തോഷിപ്പിച്ചിരിക്കുന്നു . പാർട്ടി ഗ്രന്ഥശാലകൾ കൂടുതൽ പുസ്തകങ്ങൾ വാങ്ങുകയും , പുകസ യുടെയും ഡി വൈ എഫ് ഐ യുടെയും യോഗങ്ങളുടെ എണ്ണം കൂടുകയും ചെയ്യും.
ബിജെപി വക ദേശീയ വാഴ്ത്തുപാട്ടുകാർക്ക് നൽകുന്ന കേരള റൈറ്റർ, വിവിധങ്ങളായ അവാർഡുകൾ, കേന്ദ്ര സാഹിത്യ അക്കാദമി ഗ്രാന്റുകളും, സെമിനാർ ക്ഷണങ്ങളും. ഇതിനെല്ലാം പുറമെ കോൺഗ്രസിനെ ഗാന്ധി നിന്ദയുടെ പേരിൽ വിമർശിച്ചു എന്ന് വാട്ട്സ് ആപ്പ് യൂണിവേഴ്സിറ്റിയിൽ പ്രചരിപ്പിക്കാൻ നല്ലൊരു റീഡിങ് മെറ്റീരിയൽ ആരാച്ചാരിന്റെ എഴുത്തുകാരി വകയായും. മൊത്തത്തിൽ കളറായിട്ടുണ്ട്. വിഷമമുണ്ട് എഴുത്തുകാരീ .തീവ്ര ഹിന്ദുത്വത്തിനൊപ്പം നിന്നു കൊണ്ട് അതി തീവ്ര കോൺഗ്രസ് വെറുപ്പ് വ്യാപിപ്പിക്കുന്ന കേരളത്തിലെ ബസവ ഗൗഢ യാത്നാലായി അങ്ങ് മാറിയിരിക്കുന്നു.
എം ലിജു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.