Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_right‘‘ഞാൻ ഒരു...

‘‘ഞാൻ ഒരു ബ്രാഹ്മണനായിരുന്നെങ്കിൽ നീ ഇങ്ങനെ പറയില്ലായിരുന്നു, അതാണ് ഇന്ത്യയുടെ ട്രാജഡി’’; മുന്‍ രാഷ്‌ട്രപതി കെ.ആർ. നാരായണനെ കണ്ട ഓര്‍മകളുമായി ബാലച​​ന്ദ്രൻ ചുള്ളിക്കാട്

text_fields
bookmark_border
KR Narayanan and Balachandran Chullikad
cancel

കോഴിക്കോട്: മുന്‍ രാഷ്‌ട്രപതി കെ.ആർ. നാരായണനെ കണ്ട ഓര്‍മ പങ്കുവെച്ച് ബാലചന്ദ്രൻ ചുള്ളിക്കാട്. അന്ന്, പിരിയുംമുമ്പ് ചുള്ളിക്കാട് തൊഴുകൈയോടെ പറഞ്ഞതിങ്ങനെ- "അങ്ങ് ഈ പരമോന്നതസ്ഥാനത്ത് ഇരിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയമാണ്. അതു നേരിൽ കാണാനാണ് ഞാൻ വന്നത്." രാഷ്ട്രപതിയുടെ മുഖത്തെ സൗമ്യമായ ചിരി മാഞ്ഞു: ഒരിക്കലും കണ്ടിട്ടില്ലാത്ത ഗൗരവത്തോടെ എന്റെ തോളിൽ സ്പർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: "ഞാൻ ഒരു ബ്രാഹ്മണനായിരുന്നെങ്കിൽ നീ ഇങ്ങനെ പറയില്ലായിരുന്നു.അതാണ് ഇന്ത്യയുടെ ട്രാജഡി." രാഷ്ട്രപതി എന്ന പേരിൽ എഴുതിയ കുറിപ്പിലൂടെ ചുള്ളിക്കാട് തന്റെ ഓർമ്മകൾ പങ്കു​വെക്കുന്നത്.

കുറിപ്പ് പൂർണരൂപത്തിൽ
രാഷ്ട്രപതി

എനിക്കു വ്യക്തിപരമായി പരിചയമുള്ള ഒരാൾ ഇന്ത്യയുടെ രാഷ്ട്രപതിയാവുന്നത് 1997 ലാണ്. ചരിത്രപുരുഷനായ, ബഹുമാനപ്പെട്ട ശ്രീ.കെ.ആർ. നാരായണൻ. ആയിടെ ഒരിക്കൽ ഡൽഹിയിലെത്തിയ ഞാൻ മാതൃഭൂമി പ്രതിനിധി ശ്രീ.വി.കെ.മാധവൻകുട്ടിയോടു പറഞ്ഞു: "ഏട്ടാ,എനിക്കു രാഷ്ട്രപതിയെ കാണണം.വേണ്ട ഏർപ്പാടു ചെയ്തുതരണം."

ഡൽഹിയിൽ എനിക്ക് എന്തിനും മാധവൻകുട്ട്യേട്ടനായിരുന്നു ആശ്രയം. അദ്ദേഹം വേണ്ട ഏർപ്പാടുകൾ ഉടൻ ചെയ്തു. നിശ്ചിതദിവസം രാവിലെ കൃത്യസമയത്ത് ഞാൻ രാഷ്ട്രപതിഭവനിൽ എത്തി. അരമണിക്കൂർ സമയമാണ് എനിക്ക് അനുവദിച്ചത്. മാധവൻകുട്ട്യേട്ടന്റെ സ്വാധീനം അത്രയ്ക്കുണ്ട്. അടിവസ്ത്രംവരെ അഴിച്ചു പരിശോധിച്ച ശേഷം ഉദ്യോഗസ്ഥർ എന്നെ വിശാലമായ സ്വീകരണമുറിയിലേക്കു നയിച്ചു. അവിടെ രാഷ്ട്രപതി നിൽക്കുന്നുണ്ടായിരുന്നു.

അദ്ദേഹം പതിവുള്ള സൗമ്യമായ ചിരിയോടെ എനിക്കു കൈ തന്നു. (ഔദ്യോഗികഫോട്ടോഗ്രാഫർ ആ നിമിഷം ക്യാമറയിൽ പകർത്തി പിന്നീട് എന്റെ മേൽവിലാസത്തിൽ തപാൽ വഴി അയച്ചുതന്നു. ആ ചിത്രമാണ് ഈ കുറിപ്പിനോടൊപ്പം.) ചായസൽക്കാരത്തിനിടയിൽ എൻ.വി.കൃഷ്ണവാര്യരുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും, താൻ കവിതയെഴുതിയിരുന്ന കാലത്തെക്കുറിച്ചും, അന്നത്തെ മലയാള കവിതയെക്കുറിച്ചുമൊക്കെയാണ് അദ്ദേഹം കൂടുതലും സംസാരിച്ചത്. പിന്നെ അദ്ദേഹം പറഞ്ഞു: "ഇവിടെ മുന്നൂറിലധികം മുറികളുണ്ട്.ഞാൻ മൂന്നു മുറികളേ ഉപയോഗിക്കുന്നുള്ളു."

അതിലൊരു മുറിയിലേക്ക് അദ്ദേഹം എന്നെ കൂട്ടിക്കൊണ്ടുപോയി. അവിടെവച്ച് അദ്ദേഹം ഒരു ഫയൽ തുറന്ന് എന്നെ അഭിമാനപൂർവ്വം കാണിച്ചു.പണ്ട് അദ്ദേഹം എഴുതിയ കവിതകളാണ്. ലാമിനേറ്റ് ചെയ്ത് സൂക്ഷിച്ചിരിക്കുന്നു. അദ്ദേഹം പറഞ്ഞു: "ഔദ്യോഗിക ജീവിതത്തിനിടയിൽ കവിത വിട്ടുപോയി. ഇവിടെനിന്നു പിരിയുമ്പോൾ ഇന്ത്യയിൽ എനിക്കിഷ്ടമുള്ള സ്ഥലത്ത് സർക്കാർ എനിക്കൊരു വീടുണ്ടാക്കിത്തരും. അവിടെയിരുന്ന് കുറേ കവിതകൾ എഴുതണം.ഒരു കവിതാസമാഹാരം പ്രസിദ്ധീകരിക്കണം. അതാണാഗ്രഹം."

അദ്ദേഹത്തിന്റെ നിഷ്കളങ്കമായ കവിതാസ്നേഹം എന്റെ കണ്ണുനനയിച്ചു. എനിക്കനുവദിച്ച സമയം കഴിഞ്ഞു എന്ന് ഉദ്യോഗസ്ഥൻ അറിയിച്ചു. രാഷ്ട്രപതി സൗമ്യമായ ചിരിയോടെ പറഞ്ഞു: "ഇവിടെ ഞാൻ തടവുകാരനാണ്. ഇവരാണ് എല്ലാം തീരുമാനിക്കുന്നത്." പിരിയുംമുമ്പ് ഞാൻ തൊഴുകൈയോടെ പറഞ്ഞു: "അങ്ങ് ഈ പരമോന്നതസ്ഥാനത്ത് ഇരിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ വിജയമാണ്. അതു നേരിൽ കാണാനാണ് ഞാൻ വന്നത്." രാഷ്ട്രപതിയുടെ മുഖത്തെ സൗമ്യമായ ചിരി മാഞ്ഞു: ഒരിക്കലും കണ്ടിട്ടില്ലാത്ത ഗൗരവത്തോടെ എന്റെ തോളിൽ സ്പർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: "ഞാൻ ഒരു ബ്രാഹ്മണനായിരുന്നെങ്കിൽ നീ ഇങ്ങനെ പറയില്ലായിരുന്നു.അതാണ് ഇന്ത്യയുടെ ട്രാജഡി."

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kr narayananBalachandran Chullikad
News Summary - KR Narayanan and Balachandran Chullikad
Next Story