ലാസ്റ്റ് നമ്പർ
text_fieldsഞാനൊരു ഭാഗ്യാന്വേഷി.
ഒഴിവുവേളകളിൽ ലോട്ടറിക്കാർക്കിടയിൽ കഴിയുന്നു.
അവർക്ക് ഞാൻ അണ്ണൻ, ആങ്ങള, മാമൻ മച്ചാൻ.
നമ്പറുകളിൽ ഞാൻ
ജീവിക്കുന്നു, നമ്പറടിച്ച് അവരും.
ലോട്ടറിക്കാർ പറയുന്ന കഥകൾ
ആരെങ്കിലും എഴുതിയിരുന്നെങ്കിൽ
അവർക്ക് സമ്മാനം ഉറപ്പാണ്.
പക്ഷേ കഥയെഴുതുന്ന കോന്തന്മാർക്കും
കാന്തകൾക്കും മിഡിൽ ക്ലാസ് തുമ്പങ്ങൾ മതി.
ലോട്ടറിക്കാരുടെ കോഡുകൾ പഠിച്ചാലേ കഥ പെടക്കൂ,
ലോക്ക്, ഡബിൾ, സെറ്റ്, ചെറുത് എന്നിങ്ങനെ.
എനിക്കാണെങ്കിൽ എടുക്കാനേ നേരമുള്ളൂ, എഴുതാനില്ല.
മദ്രാസിൽനിന്നു വന്ന കണ്ണാടിവെച്ച പ്രൊഫസർ
കഴക്കൂട്ടത്തെ എന്റെ പരിചയംകണ്ട് വിസ്മയിച്ചു പറഞ്ഞു
നിങ്ങളെന്തൊരു ജനകീയനാണ്.
ഞാൻ തിരുത്തി, സ്നേഹിതാ എല്ലാ ഭാഗ്യാന്വേഷികളും
ജനകീയരാണ് മറിച്ചല്ലെന്നേയുള്ളൂ.
ഭാഗ്യം തേടി ഞാനലയാത്ത നാടുകളില്ല.
നെയ്യാറ്റിൻകര, കൊല്ലം, ആലപ്പുഴ, എറണാകുളം,
പാലക്കാട്, വയനാട്, കാസറഗോഡ്, ഇടുക്കി, തിരുവല്ല...
ഒരുനാൾ എന്റെ നമ്പർ വരുമെന്ന ഉറപ്പിലൊന്നുമല്ല,
മറ്റൊന്നും തേടാനില്ലാത്തതുകൊണ്ടുമല്ല.
ഭൂതദയയാലുമല്ല, സാധ്യതകളിൽ വിശ്വസിക്കുന്നതുകൊണ്ട്.
ജീവിതമൊരു ഞാണിന്മേൽ കളിയാണെന്നറിയുന്നതുകൊണ്ട്.
വീണു ചത്താലും എഴുന്നേറ്റുനിന്ന് സ്വന്തം
ഡയലോഗ് പറയാൻ അറിയുന്നതുകൊണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.