വസ്തുതകൾ ലോകമറിയാൻ...
text_fieldsന്യൂയോർക്ക്: സെപ്റ്റംബർ 28 ലോക വാർത്തദിനമായി ആചരിക്കുന്നു. വിശ്വസനീയ വാർത്തകളും വിവരങ്ങളും ജനങ്ങൾക്കും ജനാധിപത്യത്തിനും ഉപകരിക്കുംവിധം എത്തിക്കുന്ന മാധ്യമപ്രവർത്തനത്തിന്റെയും മാധ്യമപ്രവർത്തകരുടെയും പങ്കിനേക്കുറിച്ചുള്ള ശ്രദ്ധ ക്ഷണിക്കൽ കൂടിയാണിത്.
'കനേഡിയൻ ജേണലിസം ഫൗണ്ടേഷനും' 'വേൾഡ് എഡിറ്റേഴ്സ് ഫോറവും' 'ഗൂഗ്ൾ ന്യൂസ് ഇനീഷ്യേറ്റീവി'ന്റെ സഹകരണത്തോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് പരിപാടികൾ നടത്തുന്നുണ്ട്.
വസ്തുതാധിഷ്ഠിത മാധ്യമപ്രവർത്തനത്തിന്റെ ശക്തിയും സ്വാധീനവും ഊർജസ്വലമാക്കാൻ ഈ ദിനം ലക്ഷ്യമിടുന്നു. സർവാധികരികളായ ഭരണകൂടത്തിന്റെയും നിയമവ്യവസ്ഥക്കുപുറത്തു പ്രവർത്തിക്കുന്ന ഗ്രൂപ്പുകളുടെയും ഭീഷണികൾക്കുമുന്നിൽ മുട്ടുമടക്കാതെ വാർത്ത തിരഞ്ഞിറങ്ങിയ മാധ്യമപ്രവർത്തകർക്ക് ജീവൻ നഷ്ടമായ നിരവധി സംഭവങ്ങളാണ് ഈയിടെയുണ്ടായത്.
'യുനെസ്കോ' കണക്കനുസരിച്ച് 1993നുശേഷം ഇതുവരെ 1500ലധികം മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശം ആരംഭിച്ചതുമുതൽ 32 മാധ്യമപ്രവർത്തകർക്ക് ജീവൻ നഷ്ടമായതായി യുക്രെയ്ൻ സാംസ്കാരിക, വിവരനയ മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഇസ്രായേൽ നരവേട്ട തുടർക്കഥയായ ഫലസ്തീൻ ഉൾപ്പെടെയുള്ള സംഘർഷ ഭൂമികളിലും ഏകാധിപത്യ ഭരണകൂടങ്ങളുള്ള രാജ്യങ്ങളിലും മാധ്യമപ്രവർത്തകരുടെ ജീവൻ അപകടത്തിലാണ്. ഇതിനിടയിലാണ് വിശ്വസനീയ വിവരങ്ങളുടെ സത്തചോരാതെ പൊതുജനസമക്ഷം അവതരിപ്പിക്കാനുള്ള ദൗത്യവുമായി അവർ മുന്നേറുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.