ജീവിതം
text_fieldsഒരു കടലിന്റെ കാഴ്ചക്കപ്പുറത്തുള്ള
ഇരുണ്ട അഴിമുഖങ്ങളാവാം.
കുരിശുകൾ മുഖത്തോട് മുഖം നോക്കിനിൽക്കുന്ന
നിറംമങ്ങി നരച്ച സെമിത്തേരികളാവാം.
മഴവെള്ളം നിറഞ്ഞൊരു ചളിക്കുഴിയിലെ
ഒലിവ് വിത്തിന്റെ ചിറകിലകളാവാം.
ചിതൽ തിന്നു തീർത്ത പുസ്തകങ്ങളിലെ
അറിയാത്ത അക്ഷരങ്ങളുടെ അതൃപ്തിയാവാം.
വീണ്ടും തെളിയാൻ കാത്തിരിക്കുന്ന
കെട്ടുപോയ വിളക്കിലെ ഈയാമ്പാറ്റയാവാം
മൂടിയ കണ്ണുകൾക്കുള്ളിൽ തളിർക്കുന്ന
വെളിച്ചത്തിന്റെ ദുഃഖങ്ങളാവാം.
തുറക്കാതെ മറവിയിലാണ്ട
പഴയ വീഞ്ഞ് കുപ്പികളാവാം.
അരികിൽപോലും മരണമൊഴിയാവുന്ന
അകതയുടെ നിശ്ശബ്ദ ചിരികളാവാം.
നിത്യതയെ ചുറ്റിക്കറങ്ങുന്ന
ഘടികാരത്തിലെ മണൽമണികളാവാം.
ഒരാൾപോലും വായിക്കാതെ മൂടിയ
ഇരുട്ട് നിറഞ്ഞ മുറിയിലെ കവിത പുസ്തകമാവാം.
പുതിയൊരു ചുംബനമാകാതെ പൊഴിയുന്ന
കണ്ണീരിന്റെ പഴയ വഴികളാവാം.
മൗനം കൊണ്ട് എഴുതപ്പെട്ട
ഒറ്റവാക്കുള്ള ആത്മാവാവാം.
ഇരുണ്ടയൊരു അടുക്കളയിൽ
ഒരറ്റം മാത്രം തെളിയുന്നൊരു വാതിലാവാം.
പാടാനാവുന്നില്ലെങ്കിലും പ്രതീക്ഷയുടെ
ഈണങ്ങൾ നിറഞ്ഞയൊരു സംഗീതമാവാം.
ഉറവകളില്ലാതെ വഴുതുന്ന
പുഴയുടെ അവസാന കൈവഴിയാകാം.
ഇരുണ്ട രാത്രി പേറ്റിയെടുത്ത
നക്ഷത്രങ്ങളുടെ ശീതള ഓർമകളാവാം.
ജീവിതം ഇതുവരെയാരും എഴുതാൻ
മുതിരാത്തയൊരു കവിതയാവാം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.