സാഹിത്യകാരൻ എം.ആർ. ചന്ദ്രശേഖരന്‍ അന്തരിച്ചു
text_fieldsതിരുവനന്തപുരം: സാഹിത്യ നിരൂപകനും ചരിത്രകാരനും അധ്യാപകനുമായിരുന്ന എം.ആർ. ചന്ദ്രശേഖരന്‍(96) അന്തരിച്ചു. നിരൂപണത്തില്‍ കേരള സാഹിത്യ ആക്കാദമി അവാര്‍ഡും വിവര്‍ത്തനത്തിന് എം.എൻ. സത്യാര്‍ഥി പുരസ്‌കാരവും നേടിയിട്ടുണ്ട്.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിവിധ ആശുപത്രികളിലെ ചികിത്സയ്ക്ക് ശേഷം രണ്ടുദിവസം മുന്‍പ് എറണാകുളത്തെ സാന്ത്വന പരിചരണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരിക്കയായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണം.
സാഹിത്യഅക്കാദമിയുടെ ജനറല്‍ കൗണ്‍സിലിലും നിര്‍വാഹകസമിതിയിലും അംഗമായിരുന്നു,ശ്രദ്ധേയനായ നിരൂപകനായിരുന്നു എം.ആർ.സി എന്നപേരിലാണ് അറിയപ്പെട്ടിരുന്നത്.പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താക്കളിലൊരാളായ എം.ആര്‍. ചന്ദ്രശേഖരന്‍ കോളജ് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എ.യുടെ സ്ഥാപക നേതാക്കളിലൊരാളാണ്.
തൃശൂര്‍ വിവേകോദയം ബോയ്സ് സ്‌കൂള്‍, കേരളവര്‍മ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. കാലിക്കറ്റ് സര്‍വകലാശാല സെനറ്റ്, സിന്‍ഡിക്കേറ്റ്, തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല അക്കാദമിക് കൗണ്‍സില്‍ എന്നിവയിലും അംഗമായിരുന്നു. മുണ്ടശേരിയുടെ നവജീവന്‍, മാതൃഭൂമി തുടങ്ങിയ സ്ഥാപനങ്ങളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
'മലയാളനോവല്‍ ഇന്നും ഇന്നലെയും' എന്ന പുസ്തകത്തിന് 2010-ല്‍ കേരള സാഹിത്യ അക്കാദമിയുടെ നിരൂപണ ഗ്രന്ഥത്തിനുള്ള പുരസ്‌കാരം ലഭിച്ചു. വിവര്‍ത്തനത്തിന് എം.എന്‍. സത്യാര്‍ഥി പുരസ്‌കാരവും നേടി.
കേരളത്തിലെ പുരോഗമന സാഹിത്യപ്രസ്ഥാനത്തിന്റെ ചരിത്രം, എന്റെ ജീവിതകഥയിലെ എന്‍.വി. പര്‍വ്വം, കമ്യൂണിസം ചില തിരുത്തലുകള്‍, ഉഴുതുമറിച്ച പുതുമണ്ണ്, ജോസഫ് മുണ്ടശ്ശേരി: വിമര്‍ശനത്തിന്റെ പ്രതാപകാലം, ഗ്രന്ഥപൂജ, ലഘുനിരൂപണങ്ങള്‍, ഗോപുരം, സത്യവും കവിതയും, നിരൂപകന്റെ രാജ്യഭാരം തുടങ്ങി നിരവധി പുസ്തകങ്ങളെഴുതി. നിരൂപണത്തില്‍ അന്‍പതിലേറെ കൃതികൾ രചിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.