ജീവിക്കാൻ കൊള്ളാത്ത സമയമാണിതെന്ന് എലിഫ് ഷഫാക്ക്; ‘ചരിത്രത്തിൽ നിന്ന് ഒന്നും പഠിക്കാൻ നാം കഴിവുനേടിയിട്ടില്ല’
text_fieldsജീവിക്കാൻ കൊള്ളാത്ത സമയത്താണ് നമ്മളിപ്പോൾ ജീവിക്കുന്നതെന്ന് സാഹിത്യകാരി എലിഫ് ഷഫാക്ക്. എഴുത്തുകാരായിരിക്കാനും ഒട്ടും യോജിച്ചതല്ല ഈ സമയം. ആഴത്തിൽ ധ്രുവീകരിക്കപ്പെട്ടതും കയ്പ്പേറിയ മട്ടിൽ രാഷ്ട്രീയവൽക്കരിക്കപ്പെട്ടതുമായ ലോകമാണിത്. ഫ്രാങ്ക് ഫർട്ട് പുസ്തകമേളയിൽ സംസാരിക്കുകയായിരുന്നു അവർ.
അസമത്വങ്ങളും യുദ്ധങ്ങളും കൊണ്ട് ശിഥിലമായിത്തീരുന്ന ഒരു ലോകത്ത്, നമ്മുടെ ഏകഭവനമായ ഭൂമിക്കെതിരെയും അതിൽതന്നെയിരുന്ന് നമ്മൾ പരസ്പരം ചെയ്തുകൂട്ടുന്ന ക്രൂരതകൾക്ക് ഒരു കയ്യും കണക്കുമില്ല. പ്രക്ഷുബ്ന്ധമായ ഈ ലോകത്ത് എഴുത്തുകാരും കവികളുമൊക്കെ ഇനി എന്തുനേടാനാണ് ആഗ്രഹിക്കുന്നത്? േഗാത്രമനോഭാവവും സംഹാരബുദ്ധിയും അപരവൽക്കണവുമൊക്കെ ശബ്ദഘോഷത്തോടെ, നിർലജ്ജമായി സംസാരിച്ചുകൊണ്ടിരിക്കുന്ന ഇടങ്ങളിൽ കഥക്കും ഭാവനക്കുമൊക്കെ എന്തു സ്ഥാനമാണുള്ളത്. നാമിന്ന് പുതിയ ലോകത്തിലേക്ക് കടന്നിരിക്കുകയാണ്.
പാരിസ്ഥിതിക ദുരന്തങ്ങളും യുദ്ധങ്ങളും വർധിച്ചുവരുന്ന ധ്രുവീകരണവും അസമത്വങ്ങളും പുസ്തകനിരോധനങ്ങളുമൊക്കെ എമ്പാടും അരങ്ങേറുന്നുണ്ട്. ചരിത്രത്തിൽ നിന്ന് ഒന്നും പഠിക്കാൻ നാം കഴിവുനേടിയിട്ടില്ലെന്ന് നമ്മെ ഓർമ്മപ്പെടുത്തുകയാണത്. ഇത്തരമൊരു ദശാസന്ധിയിൽ സാഹിത്യമെന്നത് സംഭവത്തിന് ശേഷമുള്ള വിശകലം മാത്രമായിരിക്കരുത്. സംഭവം നടക്കുന്ന സമയത്തുതന്നെ വിശകലനം നടക്കേണ്ടതുണ്ട്. നിസ്സംഗതയ്ക്കുള്ള മറുമരുന്നാണ് സാഹിത്യം.
ഒരു യുദ്ധത്തെയും തടഞ്ഞുനിർത്താൻ എഴുത്തുകാർക്കാവില്ലായിരിക്കാം. വെറുപ്പ് പൂർണമായി ഇല്ലാതാക്കാൻ നമുക്ക് കഴിയില്ലായിരിക്കും. എന്നാൽ, നമുക്ക് സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും സഹാനുഭൂതിയുടെയും ജ്വാല നിലനിർത്താൻ കഴിയും. വിനാശത്തെയും വിഭാഗീയ ചിന്തകളെയും കുറിച്ച് ജാഗ്രതപ്പെടുത്താൻ മാത്രമല്ല, സൗന്ദര്യത്തെയും ഐക്യദാർഢ്യത്തെയും സാഹോദര്യത്തെയും സ്നേഹത്തെയും കുറിച്ച് ഓർമ്മപ്പെടുത്താൻ കൂടി കഴിയുന്നതാണ് സാഹിത്യത്തിന്റെ ശക്തിയെന്നും എലിഫ് ഷഫാക്ക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.