കവിത; ഇര
text_fields’വല്ല കാര്യവുമുണ്ടായിരുന്നോ
വല്ലാത്തൊരു കാലമല്ലെയിത്’
വാചകമടിക്കാൻ എല്ലാരുമുണ്ട്
വിരൽ ചൂണ്ടാൻ ബന്ധുക്കൾ പോലും
പന്താടാൻ സോഷ്യൽ മീഡിയയും
തെളിവുകളുമായി ചാനലുകളും
ആർക്കുമറിയേണ്ട നിൻ
ഭൂതകാല ജീവിതം
കുഞ്ഞിളം മനസ്സിനെ
വ്രണപ്പെടുത്തിയ നൊമ്പരങ്ങളെ
ഒരിറ്റു സ്നേഹത്തിനായി
ദാഹിച്ച നിമിഷങ്ങളെ
കാരുണ്യത്തിനായി പരതിയ
നിൻ നോട്ടത്തെ
ആർക്കുമറിയേണ്ട നിന്നെ
തെറ്റിലേക്കു നയിച്ച സാഹചര്യത്തെ
കലുഷിതമായ ചിന്തകൾ
തളച്ചിടാൻ അറിയാതെ
പകച്ചു നിൽക്കുന്ന നിന്നെ
സൃഷ്ടിച്ച സമൂഹമേ
അറിയുക നീ ഒരു വിരൽ
ചൂണ്ടുമ്പോൾ
മറ്റു മൂന്നു വിരൽ
നിന്റെ നേർക്കാണെന്നു
നിന്റെ സഹതാപവും ഉപദേശവു-
മൊരാൾക്കും സ്വീകാര്യവുമല്ല
സഹാനുഭൂതിയോടെ
ചേർത്തുപിടിക്കലാണ്
ഏതൊരു സഹജീവിക്കും
ആശ്വാസമേകുന്നത്
ക്ഷണികമായ ഇഹലോകത്തിൽ
ചേതനയറ്റ് പോകുന്നതിനു മുമ്പായി
ഒരു സാന്ത്വനനോട്ടം കൊണ്ടെങ്കിലും
സൽക്കർമമേറ്റിടാം!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.