വിടവാങ്ങലിന്റെ ഹജ്ജ്
text_fieldsഊണിന് വട്ടം കൂടിയിരുന്ന ഒരു ഉച്ചനേരത്താണ് അപ്രതീക്ഷിതമായി മദീനയിൽനിന്ന് ഉപ്പയുടെ ഫോൺ കാൾ വന്നത്. ഹജ്ജിനുള്ള ഓൺലൈൻ ബുക്കിങ് മരുമകനെ കൊണ്ട് ചെക്ക് ചെയ്യിപ്പിക്കാനായിരുന്നു ആ കാൾ. എന്നാൽ കഴിക്കാനായി ഉരുളയുരുട്ടുന്ന നേരത്ത് അതിന്റെ രുചിയിൽ കൂടാൻ ഉപ്പയെ അരികിൽ കിട്ടാത്ത സങ്കടം ഉള്ളിൽ പെയ്തിറങ്ങിയ അതേ നിമിഷമാണ് ആ സ്വരം തേടിയെത്തിയതെന്ന അതിശയത്തോടെയും കൊതിയോടെയും ഉപ്പയെ കേട്ടിരുന്നു.
ഉള്ളിൽ നിന്നലച്ചുവന്ന ആഗ്രഹത്തിന് പിന്നെ കടിഞ്ഞാണിട്ടില്ല. ഞാനും കൂടെ ഉപ്പയോടൊപ്പം ഹജ്ജിന് പൊയ്ക്കോട്ടേ എന്ന ചോദ്യത്തിന് ‘ഉമ്മി പൊയ്ക്കോളൂ, സിമയേം വാപ്പിയേം ഞങ്ങൾ നോക്കിക്കോളാം’ എന്നായിരുന്നു മക്കളുടെ ഉത്തരം. പതിനാലാം വയസ്സിൽ ഉപ്പയുമൊത്തുള്ള ഹജ്ജിനുശേഷം അങ്ങനെയൊരു അവസരം സ്വപ്നമായിരുന്നു. അതിനാൽ ഉപ്പയും ഞാനും മാത്രമായുള്ളൊരു ഹജ്ജ് എന്നത് കാത്തുകാത്ത് കിട്ടിയ സുവർണാവസരമായിരുന്നു.
പിന്നെയെല്ലാം പെട്ടെന്നായിരുന്നു. ഉപ്പയുടെ അടുത്ത് മദീനയിൽ എത്തിയ ദിവസം മറക്കാൻ കഴിയാത്തത്ര സുന്ദരമാണ്. അത്രമേൽ ഉത്സാഹഭരിതനും സന്തോഷവാനുമായി ഉപ്പയെ അടുത്തെങ്ങും അങ്ങനെ കണ്ടിരുന്നില്ല. സാധാരണ, ഉപ്പയുടെ കാര്യങ്ങൾ അറിഞ്ഞു ചെയ്തു കൊടുക്കുകയാണ് പതിവ്. എന്നാൽ അന്ന് പതിവിന് വിപരീതമായി പലകാര്യങ്ങളും ഉപ്പ സന്തോഷത്തോടെ പറഞ്ഞേൽപിച്ചു ചെയ്യിപ്പിച്ചു. ആനന്ദം കൊണ്ട് ഉള്ള് തുടിക്കുമ്പോഴാണ് അടുത്ത ആവശ്യം വന്നത്. ‘നീയെന്റെ പുറമൊക്കെ നന്നായി തേച്ചൊന്നു കുളിപ്പിച്ചേ’ എന്ന്.
ഒരു കുഞ്ഞിനെ എന്ന പോലെ ഉപ്പയുടെ പുറവും കാലുകളുമൊക്കെ തേച്ചു കുളിപ്പിച്ച് നഖമൊക്കെ മുറിച്ചുകൊടുത്തു. തുടർന്നുള്ള യാത്രകൾ ഹജ്ജിന്റെ ഓരോ കർമങ്ങളും ഉപ്പയുടെ അറിവിനും നിഷ്ഠക്കും അനുസരിച്ചുള്ളതായിരുന്നു. മറ്റുള്ളവരുടെ കീഴില് നിൽക്കാനോ ആ നിഷ്ഠകൾക്കൊത്ത് ആരാധനാകർമങ്ങളിൽ ഏർപ്പെടാനോ തീരെ താൽപര്യമില്ലാത്ത ഉപ്പയുടെ കൂടെ ‘നടന്ന്’ തന്നെയുള്ള പോക്കും വരവും. കർമങ്ങൾക്കൊക്കെയായി കുറെ നടന്നപ്പോഴാണ് ഉപ്പയുടെ കാൽ വിരലുകൾക്ക് വേദനയായിട്ടു ചെരുപ്പുകൾ പരസ്പരം മാറി ഇട്ടു നടന്ന് തുടങ്ങിയത്. ആ നടത്തം ബാഹ്യാർഥത്തിലും ആന്തരീകാർഥത്തിലും ഒരുപാട് ഉണർച്ചക്ക് കാരണവുമായി. രാത്രി ഏറെ വൈകുവോളം ജംറയിലുള്ള പ്രാർഥന കഴിഞ്ഞു തിരിഞ്ഞുനോക്കുമ്പോഴാകും എത്രയോ മനുഷ്യർ ഉപ്പയുടെ പ്രാർഥനയിൽ കൂട്ടായി കൂടിയ കാര്യമറിയുക. പ്രാർഥനയെന്നാൽ ബഹുവചനത്തിലുള്ള പ്രവർത്തനമൂല്യങ്ങൾ ആണെന്ന് അറിഞ്ഞത് ഉപ്പയിൽനിന്നാണ്. അങ്ങനെങ്കിൽ അറിഞ്ഞതിൽ വെച്ച് ഏറ്റവും സുധാമയമായ പ്രാർഥന ഉപ്പ തന്നെയാണ്.
ഉപ്പയുടെ മരണം ഞങ്ങളുടെ ഒരുമിച്ചുള്ള ഹജ്ജ് കഴിഞ്ഞു രണ്ടാം കൊല്ലമായിരുന്നു. എല്ലാ അർഥത്തിലും വിടവാങ്ങലിന്റെ ഹജ്ജ്. ഒരു ബുധനാഴ്ച പുലർച്ചെ രണ്ടു മണിക്കാണ് മദീനവാസിയായ ഉപ്പയുടെ സുഹൃത്ത് സുലൈമാൻ മാമയുടെ ഫോൺ കാൾ വന്നത്. ഏറെ പരിഭ്രാന്തനായി കാൾ അറ്റൻഡ് ചെയ്യുന്ന നല്ല പാതിയുടെ മുഖം വല്ലാത്തൊരു ആന്തലോടെയാണ് കണ്ടത്. കാര്യമെന്തെന്ന് എത്ര ചോദിച്ചിട്ടും പറയാൻ കൂട്ടാക്കാത്തതു കണ്ടപ്പോൾ വേഗം അംഗശുദ്ധി വരുത്തി പ്രാർഥനയിൽ മുഴുകി.
ഖുർആൻ തുറന്നപ്പോൾ ആദ്യം കണ്ട സൂക്തം മരണത്തെ കുറിച്ചുള്ളതു തന്നെയായിരുന്നു. എന്നാലും പ്രാണനിലേക്ക് അരിച്ചുകയറുന്ന തണുപ്പിനിടയിലും ആ സത്യത്തെ ഉൾക്കൊള്ളാൻ മനസ്സു തയാറാകുന്നില്ലായിരുന്നു. പുണ്യ പ്രവാചകന്റെ ചാരത്തുള്ള ജന്നത്തുൽ ബഖിഇഅയിൽ അവസാന നിദ്ര കൊള്ളണമെന്ന ആഗ്രഹം സഫലമാക്കിയാണ് ഉപ്പ മരണ ശേഷവും അതിശയിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.