ഉറക്കപ്പിച്ച്
text_fieldsഉറക്കത്തിൽനിന്ന് ഞെട്ടിയെണീറ്റ സലീം മൊബൈൽ ഫോണെടുത്ത് നോക്കി, സമയം 8.30.... ലാ ഹവ്ല വലാ കുവത്ത ഇല്ലാബില്ലാ... നേരം ഒരുപാട് വൈകി. ഇന്നലെ ഡ്യൂട്ടി കഴിഞ്ഞുവന്നപ്പോൾ ഭക്ഷണം കഴിച്ചശേഷം ബാക്കിവന്നത് ഫ്രീസറിൽ എടുത്തുവെക്കാൻ മറന്നു. ഇന്ന് മെസ്സ് ഉണ്ടാക്കേണ്ട ദിവസമാണ്. ഇനിയെന്താണ് ചെയ്യുക? ഓഫിസ് ഡ്യൂട്ടി ഇപ്പോഴേ അരമണിക്കൂർ വൈകി, ഭക്ഷണം ഉണ്ടാക്കി കുളി കഴിഞ്ഞ് ഓഫിസിലെത്തുമ്പോഴേക്കും ചുരുങ്ങിയത് രണ്ട് മണിക്കൂർ കൂടി വൈകും. ഇനിയിപ്പോ എന്ത് ചെയ്യും?
ഒപ്പം താമസിക്കുന്ന ചെറിയാപ്പു, കോയക്ക, ഫൈസൽ ഇവരൊക്കെ ഡ്യൂട്ടിക്ക് പോയിക്കാണും. ആലോചിച്ച് നിൽക്കാൻ സമയമില്ല. പെട്ടെന്നുതന്നെ മൊബൈൽ ഫോണെടുത്ത് അറ്റകൈ പ്രയോഗം എന്നോണം മനേജർക്ക് മെസേജയച്ചു.
‘അസ്സലാമുഅലൈക്കും, മാലിഷ് യാ മുദീർ. അൽയോം അന താഹിർ അസൻ റോ മുസ്തോസഫ്. അന മ്മറ തഹ്ബാൻ, കിദ കല്ലാസ് ആലത്തൂർ ഇജി മസ്ന (ക്ഷമിക്കണം, ഞാനിന്ന് വൈകും. എനിക്ക് സുഖമില്ലാത്തതുകൊണ്ട് ക്ലിനിക്കിൽ പോവണം, കഴിഞ്ഞാൽ പെട്ടെന്നുതന്നെ ഫാക്ടറിയിലേക്കെത്താം).’
രാവിലെ തന്നെ കള്ളം പറയേണ്ടിവന്നതിൽ അൽപം കുറ്റബോധം ഉണ്ടായെങ്കിലും അതല്ലാതെ പിടിച്ചുനിൽക്കാൻ വേറെ നിവൃത്തിയുണ്ടായിരുന്നില്ല. ചാടിയെണീറ്റ് അടുക്കളയിലോട്ട് പോവുേമ്പാൾ തൊട്ടപ്പുറത്തെ റൂമിൽനിന്നും കോയാക്കയുടെയും ഫൈസലിന്റെയും സംസാരം കേട്ടു. ദേഷ്യത്തോടെ അവരുടെ അടുത്തേക്ക് ഓടിച്ചെന്ന് ‘എന്താ നിങ്ങൾ വിളിക്കാതെയിരുന്നത്? സമയം ഒരുപാട് വൈകി, ഒന്ന് വിളിച്ചിരുന്നെങ്കി രാവിലെ തന്നെ ഓഫിസിലേക്ക് വിളിച്ച് കള്ളം പറയേണ്ട ആവശ്യം വരില്ലായിരുന്നു’ എന്ന് പറഞ്ഞു.
‘ഇവൻ എന്തെക്കെയാ ഈ വിളിച്ചുപറയുന്നത്’ എന്നുപറഞ്ഞ കോയക്കയോട് ‘അല്ല നിങ്ങൾ ഡ്യൂട്ടിക്ക് പോകുന്നില്ലേ എനിക്കേതായാലും വൈകി’ എന്നും പറഞ്ഞ് കിച്ചണിലോട്ട് പോവാം തുനിയുേമ്പാഴാണ് വൈഫുമായി സംസാരിച്ചിരുന്ന ഫൈസൽ ഫോൺ ഹോൾഡ് ചെയ്തു പറഞ്ഞത്: ‘നിന്നെ രണ്ട് പ്രാവശ്യം വന്ന് വിളിച്ച്, മീൻ മസാല കൂട്ടി വെക്ക്ണില്ലേ എന്ന് ചോദിക്കാൻ, നീ നല്ല ഉറക്കമായിരുന്നു.
ഇപ്പോ ഈ ഇശാഅ് (രാത്രി നമസ്കാരം) സമയത്ത് വന്ന് എന്ത്യേ വിളിക്കാതെയിരുന്നത് ഡ്യൂട്ടിക്ക് പോവ്ണില്ലേ എന്നൊക്കെ ദേഷ്യപ്പെട്ടു ചോദിച്ചാ ഞങ്ങളെന്താണ് പറയാ?’
ഇത് കേട്ടതും ബെഡിൽ കിടക്കുകയായിരുന്ന കോയാക്ക ഉറക്കെ പൊട്ടിച്ചിരിച്ചതും ഒപ്പമായിരുന്നു.
തനിക്ക് പറ്റിയ അമളിയും മാനേജർക്ക് മെസേജയച്ച കാര്യവും അവരോട് പറഞ്ഞ് ജാള്യത പുറത്ത് കാണിക്കാതെ സലീം, മാനേജർക്കയച്ച വാട്സാപ്പ് മെസേജ് ഡിലീറ്റ് ചെയ്യാൻ ഓടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.