കഥ- വേലി
text_fieldsവിളവ് നഷ്ടപ്പെട്ട് കൊണ്ടേയിരുന്നു.
വേലി പറഞ്ഞു: ‘ഇതിലേ പോയ കാളകൾ വിളവ് തിന്നും നശിപ്പിച്ചും ആനന്ദിച്ചാണ് പോയത്.’
അന്വേഷണത്തിന് വന്ന മുതിർന്നവരെ വേലി തടഞ്ഞും പേടിപ്പിച്ചും നിലക്കു നിർത്തി.
കാളകൾ അതി ഭീമന്മാർ ആണെന്നും വിഷ ജീവികളാണെന്നും വേലി പറഞ്ഞു. കൊമ്പുകൾ വാളുകൾ പോലെയാണ്. കണ്ണുകളിൽ തീയുണ്ട്.
അന്വേഷകർ വേലിയെ വിശ്വസിച്ചു, തങ്ങളുടെ വിളവുകളെ രക്ഷിക്കുന്ന വേലിയെ വണങ്ങി.
കാലം കടന്നു പോയി. മഴയും വെയിലും വന്നും പോയുമിരുന്നു. പണ്ട് ശോഷിച്ച വേലി ഇപ്പോൾ തടിച്ചു കൊഴുത്തൊരു മതിൽ കെട്ടായി മാറിയിരിക്കുന്നു. അന്വേഷകരോ, വേലിയുടെ മഹത്വം പറഞ്ഞു കൊണ്ടേയിരുന്നു. തങ്ങളെ രക്ഷിക്കാൻ വേലി ദിനംപ്രതി വളരുകയാണെന്നു അവർ നിരീക്ഷിച്ചു.
ഒരു ദിവസം വിളവ് ആകെ നശിച്ചുകണ്ടു. മുമ്പെങ്ങും കാണാത്ത വിളവ് നാശം. നിരാശയും സങ്കടവും സഹിക്കാനാവാതെ അന്വേഷകർ വേലിയോട് പരാതി പറഞ്ഞു. ഭീമനായ ഒരു കാളയാണ് ഇതെല്ലം ചെയ്തതെന്ന് വേലി കരഞ്ഞു പറഞ്ഞു.
വിളവു പാടത്തു കുളമ്പടിപ്പാടുകൾ ഒന്നും കാണാൻ കഴിയാതിരുന്നത് കണ്ട് ഒരന്വേഷി കാള പോയെന്നു പറഞ്ഞ വഴിയേ ആരുമറിയാതെ പോയി നോക്കി. അങ്ങ് ദൂരെ ക്ഷീണിച്ചവശനായ ഒരു കാളയെ കണ്ടു. അന്വേഷിയെ കണ്ടപ്പോൾ കാള വാവിട്ട് നിലവിളിയും അലറലും തുടങ്ങി. സഹതാപവും ഭയവും ഒരു പോലെ വന്നെങ്കിലും കാളയെ അടുത്തിരുത്തി കഥകൾ ആരാഞ്ഞു.
അവസാനം അന്വേഷിയും കാളയും മടങ്ങി വന്നു എല്ലാരും കേൾക്കുമാറുച്ചത്തിൽ വിളിച്ചു പറഞ്ഞു. ‘വേലി എല്ലാവരെയും ചതിച്ചു. അതാണ് വിളവ് തിന്നു കൊണ്ടേയിരിക്കുന്നത്.’
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.