കവിത- മിന്നാമിനുങ്ങും നേർക്കാഴ്ചയും
text_fieldsഒന്നോർക്കുകിലെത്ര ക്ഷണികം കാറ്റിൽ,
അലയിൽ കരയണയുന്നൊരു നൗകപോലീ ജീവിതം...
വേലിയേറ്റങ്ങളിൽ കടലെടുത്തീടുന്ന കര കണക്കേ
ജീവിതത്തിൻ തിട്ടകളോരോന്നായ് വിധി കവരവേ..!
എത്രയെന്ന് ചൊന്നാൽ ഞാനും നീയും
ഈ പാരിലാകെ പാറിപ്പറക്കുന്ന രാവിൻ
കുഞ്ഞു മിന്നാമിനുങ്ങുകൾ
ഒരു രാത്രി വെളുപ്പിനെ വാരിപ്പുതയ്ക്കുമ്പോൾ
ഇലച്ചാർത്തുകൾ പോലും നമ്മെ തമ്മിൽ
പാടേ വിസ്മരിക്കുന്ന
രാവിൻ കുഞ്ഞുവെളിച്ചത്തിൻ പൊട്ടുകൾ...
തിരിച്ചറിവെന്ന ഇത്തിരി വെട്ടത്തെ
പകലെടുത്തുപോയ്-
ലോകം ചിരിച്ചപ്പോൾ, നാമെന്ന
മിന്നാമിനുങ്ങുകൾ
രാത്രിയിൽ തീർക്കുന്ന
കുഞ്ഞുവെളിച്ചമെന്നോർത്തുവോ
ഈ പ്രപഞ്ചത്തിൽ നിൻ നെഞ്ചിലെ തിരിച്ചറിവിൻ
കുഞ്ഞു തിരിവെട്ടം
ഇഹലോകജീവിതത്തിൽ ഇരുട്ടിലെ വഴികാട്ടി?
ശുഷ്ക്കമാവുന്നു ജീവിതനദിയുടെ കുതിപ്പിന്നാഴങ്ങൾ
വിജ്ഞാനനിർഭരം മാത്രമൊഴുകുന്ന
അർത്ഥസാരമീ മർത്യജീവിതം
കൂട്ടിപ്പിടിക്കുന്ന മൂല്യങ്ങൾ സംസ്കാരങ്ങളെ നെഞ്ചിലേറ്റി,
മനുഷ്യനെന്ന പുഴ ഉദാത്തം കടലണയുന്നു
മറ്റെല്ലാ നദികളേപ്പോലെയും മലകളിൽനിന്നു പിറവികൊണ്ട്..
പുഴ വറ്റിവരളുന്നതുപോലും മനുഷ്യന്റെ മനസ്സുപോലെ
പിടഞ്ഞുകൊണ്ടല്ലേ?!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.