ആരോ ഒരുവൾ
text_fieldsവാതിൽ തുറക്കുമ്പോൾ പോലും പുകമണം കുമിഞ്ഞ് നാറുകയാണ്. കുറേ ദിവസമായി മിന്നാമിനുങ്ങുകൾ പുറ്റ് ഇളകി വീടിനു ചുറ്റും മുറിക്കുള്ളിലും പാറി നടക്കുന്നു. ഒരു നേർത്ത മഴ കഴിഞ്ഞതേയുള്ളൂ. രാവേറെ വൈകിയെന്ന് തോന്നുന്നു. വായിച്ചുതീർത്ത പുസ്തകം മേശ മേലേക്കിട്ടത് നിലത്തേക്ക് വീണു. അത് എടുത്തുവെക്കാൻ തോന്നിയില്ല. വീണ്ടും ഒരു സിഗരറ്റ് അടുത്ത് ചുണ്ടിൽ െവച്ച് കത്തിച്ചു. വളരെ പെട്ടെന്നാണ് ഒരു പെൺകരച്ചിൽ കേട്ടത്. ഇതുവരെ കേട്ട പെൺശബ്ദങ്ങളിൽനിന്നും ഈ കരച്ചിലിനെ വേർതിരിച്ചെടുക്കാൻ കഴിഞ്ഞില്ല. അൽപം ഹൃദയമിടിപ്പോടെയാണ് വാതിൽ തുറന്നു നോക്കിയത്. സിറ്റൗട്ടിൽ ഒരു പെണ്ണ് ചുരുണ്ടുകൂടി കിടക്കുന്നു.
ഇത്തിരി ഉച്ചത്തിൽ ആരാ നിങ്ങൾ എന്ന് ചോദ്യം പുകയോടൊപ്പം ആണ് വായിൽനിന്ന് പുറത്തേക്ക് ചാടിയത്. പെട്ടെന്ന് അവൾ ചുരുണ്ട് കൂടി. മൊബൈലിലെ പ്രകാശം അവളുടെ മുഖത്തേക്ക് അടിച്ചു നോക്കി, ഒരു പരിചയവുമില്ല. ഞാൻ വീണ്ടും അവരോട് ചോദിച്ചു.
‘ആരാ നിങ്ങൾ?’
അവൾ ചെറിയ ശബ്ദത്തിൽ പറഞ്ഞു.
‘ഞാൻ... ഞാൻ... എത്ര ദൂരം! ഈ രാത്രി ഇവിടെ എങ്ങനെ എത്തി!’
അവൾ പറഞ്ഞുകൊണ്ടിരുന്നു.
‘എന്റെ ഭർത്താവ് എന്നെ ഒരുപാട് ഉപദ്രവിച്ചു. ഞാൻ വീട്ടിൽനിന്ന് ഇറങ്ങി ഓടിയതാണ്.’
ഞാൻ ചോദിച്ചു,
‘ഇത്ര ദൂരം?’
അത് അവൾ പറയുന്നതിനിടയ്ക്ക് എനിക്ക് തോന്നി കുറച്ച് വെള്ളം കൊടുത്താലോ എന്ന്. അവളുടെ വാക്കുകൾ മുറിഞ്ഞുകൊണ്ടേയിരിക്കുന്നു. ദാഹം ഉണ്ടാവാം... ഞാൻ പറഞ്ഞു,
‘ഒരു കാപ്പി ഇട്ടു തരട്ടെ?’
വീണ്ടും മഴ തുടങ്ങി. അവൾ പറഞ്ഞു...
‘എനിക്ക് ഇത്തിരി വെള്ളം മതി, തണുത്തതുണ്ടാവുമോ?’
പെട്ടെന്ന് അവൾ എന്തോ കഥ പറയാനായി ഒരുങ്ങുന്നതുപോലെ എനിക്ക് തോന്നി. തണുത്ത വെള്ളം ഓരോ ഇറക്കിറക്കിക്കൊണ്ട് അവൾ പറഞ്ഞു തുടങ്ങി.
‘എന്റെ ഭർത്താവിന് ഒരുപാട് രൂപ കൊടുത്തു കൊണ്ടാണ് എന്നെ എന്റെ അച്ഛൻ വിവാഹം കഴിപ്പിച്ച് അയച്ചത്. പക്ഷേ അയാൾ എന്നെ എന്നും ഓരോരോ കാരണങ്ങൾ പറഞ്ഞ് തല്ലും.’
ഞാൻ സിറ്റൗട്ടിലെ ബൾബ് തെളിയിച്ചു. പെട്ടെന്നാണ് അവളുടെ ചുണ്ടിലേക്ക് നോക്കിയത്. അത് പൊട്ടിയൊഴുകി രക്തം പൊടിയുന്നു. എന്ത് ചെയ്യണം എന്നറിയാതെ ഞാൻ നിന്നു. ഞാൻ അവരോട് ചോദിച്ചു.
‘നിങ്ങൾ എന്തിനാണ് ഈ തൊഴിയും അടിയും ഒക്കെ ഏറ്റു ഇയാളോട് ഒപ്പം കഴിയുന്നത്? കേസുകൊടുത്ത് ബന്ധം ഒഴിവാക്കിക്കൂടെ?’
അവൾ ഞാൻ പറയുന്നത് ഒന്നും കേൾക്കാതെ വീണ്ടും ചുരുണ്ടു കൂടി കിടന്ന് കരയാൻ തുടങ്ങി. അവളോട് ചോദിച്ചു.
‘ഞാൻ പോലീസിനെ വിളിക്കട്ടെ?. അല്ലെങ്കിൽ നിങ്ങളുടെ അച്ഛനെ.’
‘വേണ്ട’.
അതിനോടൊപ്പം ഇത്ര കൂടി പറഞ്ഞു,
‘ഇനി കുറച്ചുനേരം ഞാൻ ഇവിടെ കിടന്നോട്ടെ... രാവിലെ എഴുന്നേറ്റ് പൊയ്ക്കോളാം.’
‘ഞാനൊരു കോടതി ജീവനക്കാരനായിരുന്നു. നിങ്ങൾ കേസുകൊടുത്ത് ബന്ധം ഒഴിവാക്കുന്നതായിരിക്കും നല്ലത്.’
ഞാൻ പറഞ്ഞു. അവൾ ഒന്നു മൂളുക മാത്രം ചെയ്തു. ഞാൻ വീണ്ടും പറഞ്ഞുകൊണ്ടേയിരുന്നു. കുറെയായപ്പോൾ അവൾ എഴുന്നേറ്റിരുന്ന് പറഞ്ഞു.
‘എന്നെ എത്ര അടിച്ചാലും ചവിട്ടിയാലും ബെൽറ്റ് കൊണ്ട് അടിച്ചാലും എനിക്ക് ചേട്ടനെ ഇഷ്ടമാണ്...’
ഞാൻ അകത്ത് കയറി കഥകടച്ച് വീണ്ടുമൊരു സിഗരറ്റ് വലിച്ച് ഉറങ്ങാനായി കിടന്നു.
എപ്പോഴോ ഉറങ്ങി എഴുന്നേറ്റ് വാതിൽ തുറന്നപ്പോൾ അവൾ അവിടെ ഉണ്ടായിരുന്നില്ല.
ഇത് കഥയല്ലെന്ന് എനിക്കറിയാം... അത്രമാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.