കവിത- തീക്ഷണം
text_fieldsരാജീവ് പെരുമൺപുറ
വേദന തിന്നു നരകിച്ച പകലുകൾ
സ്വപ്നങ്ങളലമുറ കൂട്ടുന്ന രാത്രികൾ
ഓർമതൻ ചങ്ങലകണ്ണികളുരഞ്ഞുരഞ്ഞ്
ചോരയും ചലവും വമിച്ചേറെ ഖിന്നനായ്
വ്യാകരണം പിഴപ്പിച്ച നാടിന്റെ മുറ്റത്ത്
തെക്കും വടക്കും നടന്നുതീർക്കുന്നു ഞാൻ
ജീവിതത്തിന്റെ ഉച്ചയും സന്ധ്യയും
വഴിയിലേറെ ശിലാലിഖിതങ്ങളിൽ
ചോരയിറ്റുന്നു ഞാൻ മാത്രം കാണുന്നു
ചിരിതൂകിയെത്തുന്ന വഴിയാത്രികർ
ചിരിയിലേതോ പക മണക്കുന്നു
മൂക്കുപൊത്തി നടക്കാൻ തുടങ്ങുകിൽ
പെരുവിരൽ നഖം കല്ലിലുടക്കുന്നു
ചോര വീഴുന്ന താറിട്ട റോഡിലെൻ
നിഴലുമാത്രം കൂടെക്കരയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.