അക്ഷരം കൊണ്ട് പ്രതിരോധം തീർത്ത 2024; സാഹിത്യ ലോകം ഇങ്ങനെ...
text_fieldsഅടിച്ചമർത്തലുകളുടെയും വംശഹത്യകളുടെയും കിരാത കൈപ്പടകൾ പതിഞ്ഞുകൊണ്ടിരുന്ന നിസ്സഹായരായ മനുഷ്യരുടെ ജീവിതങ്ങളിലൂടെയാണ് 2024 കഴിഞ്ഞുപോവുന്നത്. ജീവിതപരിസരത്തില്‍ അരങ്ങേറുന്ന കരാളമായ ഇത്തരം ഹിംസാത്മകതയെ മൂര്‍ച്ചയുള്ള വാക്കുകള്‍കൊണ്ട് അരിഞ്ഞുനുറുക്കാൻ സാഹിത്യ ലോകത്തിന് കഴിഞ്ഞതും കഴിയാതിരുന്നതും ഈ വർഷം ചർച്ച ചെയ്ത വിഷയങ്ങളാണ്. യുദ്ധമുഖങ്ങളും ചേതനയറ്റുവീഴുന്ന നിരപരാധ മേനികളുടെ ശേഷിപ്പും തീവ്രതയോടെ ലോകത്തിന് വരച്ചുകാണിച്ചത് ഭീകരതയിലലിഞ്ഞ അധിനിവേശത്തിനെതിരെ തെളിഞ്ഞ വാക്കുകളാണ്.
ചോദ്യം ചെയ്യലുകൾക്കും നീതിതേടലുകൾക്കും മൂർച്ചയുള്ള വാക്കുകളെ ആയുധമാക്കിയ ഒരു നിര 2024ലും കാണാനായി. അംഗീകരിക്കപ്പെടുന്ന വേദികളിൽ ഉയർത്തുന്ന വിമോചനത്തിനായുള്ള ശബ്ദങ്ങൾ ലോകത്തിന് സാഹിത്യകാരൻ നൽകുന്ന മൂർച്ചയേറിയ പ്രതിരോധമാണ്. പെൻപിന്റര്‍ പുരസ്കാരം ഏറ്റുവാങ്ങിയ അരുന്ധതി റോയ് സമ്മാനത്തുക ഫലസ്തീനിലെ കുഞ്ഞുങ്ങള്‍ക്ക് മാറ്റിവെച്ചതും, ഇന്ത്യയിൽ തടവിലാക്കപ്പെട്ട രാഷ്ട്രീയ നേതാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതും, ജസ്ലീൻ കൗർ ഫലസ്തീനായുള്ള തന്റെ ഐക്യദാർഢ്യം 2024ലെ ടർണർ പ്രൈസ് അവാർഡ് വാങ്ങിയ വേളയിൽ ഉയർത്തിയതും ലോകശ്രദ്ധയാകർഷിച്ച സംഭവങ്ങളാണ്.
ഹാൻ കാങ്ങിലൂടെ നൊബേൽ ദക്ഷിണ കൊറിയയിലേക്ക്
ചരിത്രപരമായ ആഘാതങ്ങളെ അഭിമുഖീകരിക്കുകയും മനുഷ്യജീവിതത്തിന്റെ ദുർബലത തുറന്നുകാട്ടുകയും ചെയ്യുന്ന തീക്ഷ്ണമായ കാവ്യഗദ്യമാണ് ഹാൻ കാങ്ങിനെ നൊബേൽ സമ്മാനത്തിനർഹയാക്കിയത്. ദക്ഷിണകൊറിയയിലേക്കെത്തുന്ന ആദ്യ സാഹിത്യ നൊബേൽ ആണ് ഹാനിന്റേത്. 2016ൽ ഹാൻ കാങ്ങിന്റെ ദ വെജിറ്റേറിയൻ എന്ന കൃതിക്ക് ബുക്കർ പുരസ്കാരം ലഭിച്ചിരുന്നു.
‘ബഹിരാകാശം തൊട്ട’ ബുക്കർ പ്രൈസ്
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ആറുയാത്രികർ ഭൂമിയെ വലയം വെക്കുന്ന കഥ പറയുന്ന ഫിക്ഷൻ നോവലായ ഓർബിറ്റലിനാണ് ഇത്തവണ ബുക്കർ പ്രൈസ്. ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാർവേ ബഹിരാകാശ നിലയത്തിൽനിന്ന് ഭൂമിയുടെ വിഡിയോകൾ കണ്ടതിലൂടെയാണ് ഈ നോവലെഴുതാൻ പ്രേരണയായത്. ബഹിരാകാശത്തെ സങ്കൽപ്പിച്ച് എഴുതുക എന്നതായിരുന്നു സാമന്തക്ക് കൂടുതൽ വെല്ലുവിളിയായിരുന്നത്.
പെൻപ്രിന്റർ
പാരിസ്ഥിതിക തകർച്ച മുതൽ മനുഷ്യാവകാശ ലംഘനങ്ങൾ വരെയുള്ള വിഷയങ്ങളിൽ അരുന്ധതി റോയി നടത്തിയ വ്യാഖ്യാനങ്ങളെ ഉയർത്തിക്കാട്ടിയാണ് ജൂറി ഇത്തവണ പെൻപ്രിന്റർ പുരസ്കാരം നൽകിയത്. അനീതിയുടെ അടിയന്തര കഥകളുടെ ബുദ്ധിപരവും സുന്ദരവുമായ ആവിഷ്കാരമാണ് അരുന്ധതി റോയിയെ വിശേഷമാക്കുന്നത്.
കേന്ദ്ര സാഹിത്യഅക്കാദമി
എട്ടുകഥകളടങ്ങിയ ആർ. ശ്യാംകൃഷ്ണന്റെ ‘മീശക്കള്ളൻ’ എന്ന കഥാസമാഹാരമാണ് ഇത്തവണ കേരളത്തിൽനിന്ന് കേന്ദ്ര സാഹിത്യ അക്കാദമി അവാർഡിനർഹമായ കൃതി. കഥകളുടെ ആദ്യ ഖണ്ഡികകൾ ഒന്നുകിൽ ഒറ്റവരി, കൂടിയാൽ രണ്ടു വരി, ഈ വരികളുടെ കൃത്യമായ തെരഞ്ഞെടുപ്പിലൂടെ വായനക്കാരനെ തന്റെ കഥകളിലേക്ക് ക്ഷണിക്കാൻ ശ്യാംകൃഷ്ണന് കഴിയുന്നുണ്ട്. കൂടാതെ, ഉണ്ണി അമ്മയമ്പലത്തിന്റെ ‘അൽഗോരിതങ്ങളുടെ നാട്’ എന്ന കൃതി ബാലസാഹിത്യ ഇനത്തിലും പുരസ്കാരം നേടി.
കേരള സാഹിത്യ അക്കാദമി
കുർദ് വിഭാഗത്തിലെ സങ്കീർണ യുദ്ധ പാശ്ചാത്തലങ്ങളെ മുൻനിർത്തി ഹരിത സാവിത്രി രചിച്ച സിൻ (Zin) എന്ന നോവലിനാണ് ഇത്തവണ കേരള സാഹിത്യ അക്കാദമി അവാർഡ്. യുദ്ധത്തിനെതിരെ ഇത്ര ശക്തമായ വികാരങ്ങളുണർത്തുന്ന ഒരു കൃതി മലയാളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് വായനക്കാരുടെ പക്ഷം. അനുഭവവും ആന്തരിക പ്രാഗല്ഭ്യവും സമൃദ്ധമായ ഭാഷാപ്രയോഗവുംകൊണ്ട് പ്രശസ്തമായ കൽപറ്റ നാരായണന്റെ തെരഞ്ഞെടുത്ത കവിതകൾക്കാണ് കവിതാ സമാഹാര വിഭാഗത്തിലെ അവാർഡ്. ആഴത്തിൽ പ്രതിഫലിപ്പിക്കുന്ന സാമൂഹിക പ്രശ്നങ്ങളെക്കുറിച്ചുള്ള ഉണർവുകൾ, വ്യക്തിപരമായ അനുഭവങ്ങൾ, ദുഃഖം, ആശയങ്ങൾ എന്നിവ അദ്ദേഹത്തിന്റെ കവിതകളെ സവിശേഷമാക്കുന്നു. മികച്ച ചെറുകഥക്ക് എൻ. രാജന്റെ ഉദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് എന്ന ചെറുകഥാ സമാഹാരവും അവാർഡിനർഹമായി.
എഴുത്തച്ഛൻ പുരസ്കാരം
സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവന പരിഗണിച്ച് കേരള സർക്കാറിന്റെ പരമോന്നത ബഹുമതിയായ എഴുത്തച്ഛൻ പുരസ്കാരം ഇത്തവണ എൻ.എസ്. മാധവനാണ്. വ്യക്തിയുടെയും സമൂഹത്തിന്റെയും സംഘർഷങ്ങളെ ഭാവനാത്മകമായി അവതരിപ്പിക്കുന്നതിലും ഏകാധിപത്യത്തെയും ഫാഷിസത്തെയും സർഗാത്മകമായി പ്രതിരോധിക്കുന്നതിലും അദ്ദേഹത്തിന്റെ മികവിനെയും എഴുത്തച്ഛൻ പുരസ്കാരത്തിന് പരിഗണിച്ചതിലൂടെ ഒന്നുകൂടി വാഴ്ത്തുകയാണ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.