നെയ്പ്പായസം
text_fieldsനിന്നെക്കുറിച്ച്
സംസാരിക്കുമ്പോഴാണ്
ഞാൻ ഏറ്റവും കൂടുതൽ
മൗനിയാകുന്നതെന്നും
ക്ഷോഭിക്കുന്നതെന്നുമുള്ള
അവളുടെ പരാതികൾക്ക്
സ്നേഹത്തിന്റെ ഭാരമാണ്
നിന്റെ ഓർമകൾ
പനിയുറക്കിലെന്നപോലെ
നുള്ളിനോവിക്കുമ്പോൾ
ഈ രാത്രിക്ക്
വാടിക്കൊഴിഞ്ഞ
നീർമാതളത്തിന്റെ മണമാണെന്ന്
അവൾ പരിഹസിക്കും
നൈനിറ്റാളിലെ മഞ്ഞുപെയ്യുന്ന
താഴ്വാരങ്ങളിൽവെച്ച്
വിമലയുടെ മൗനത്തോട്
വിരഹത്തിന്റെ ആഴങ്ങളെക്കുറിച്ച്
സംവദിക്കുമ്പോൾ
ഈ മുറി മുഴുവൻ
മുഷിഞ്ഞ തുണിയുടെ ദുർഗന്ധമാണെന്ന്
അവൾ കുറ്റപ്പെടുത്തും
ജിബ്രാന്റെയും
മേസിയാദേയുടെയും
ഇരുപത് വർഷങ്ങളിലെ
പ്രണയവേദനയെ
പകുത്തെടുക്കുമ്പോൾ
അടുക്കളയിലെ തീരാത്ത
പണികളെക്കുറിച്ചും
തീർന്നുപോയ
സാധനങ്ങളെക്കുറിച്ചും
അവൾ പരാതിയെ വലിച്ചിഴച്ച്
ഭീഷണി മുഴക്കും
നിന്നെക്കുറിച്ച്
വാദിക്കുമ്പോഴെല്ലാം
എനിക്ക് യുദ്ധം ജയിച്ച
പോരാളിയുടെ മുഖമാണെന്ന
അവളുടെ പഴകിയ പരിഭവപ്പെട്ടിയിലേക്ക്
ഞാൻ എന്നെത്തന്നെ ബലിയിടും
ഈ വീട് മുഴുവൻ
സ്നേഹമില്ലായ്‌മയെന്നും
തനിച്ചായിപ്പോയെന്നും
അവൾ അവസാന
ആയുധവുമെടുക്കുമ്പോൾ
ഞാൻ യുദ്ധത്തിൽ
ജീവനോടെ പിടിക്കപ്പെട്ട
തടവുകാരനാവും
അകലെ വെള്ളിയാങ്കല്ലിലപ്പോഴും
വേർപെടാത്ത
രണ്ടാത്മാക്കൾ തുമ്പികളായി
പാറിക്കളിക്കുന്നത് സ്വപ്നംകണ്ട്
ഞാൻ ഉറക്കമുണരുമ്പോൾ
അവൾ അടുക്കളയിൽ
കുട്ടികൾക്കുള്ള
'നെയ്പ്പായസ'മുണ്ടാക്കുന്ന തിരക്കിലാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.