പരാജിതർ ഒരിക്കലും നിരാശരാകരുത് -ടി. പത്മനാഭൻ
text_fieldsകണ്ണൂർ: പരീക്ഷകളിൽ പരാജയപ്പെട്ടവർ ഒരിക്കലും നിരാശരാകരുതെന്നും പരാജയം വിജയത്തിന്റെ ചവിട്ടുപടിയാക്കി മുന്നേറണമെന്നും കഥാകൃത്ത് ടി. പത്മനാഭൻ. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് കണ്ണൂർ കോർപറേഷൻ സംഘടിപ്പിച്ച ആദരവ് 'തിളക്കം 2022' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാർഥി സംഘടനകൾ ശക്തമാണെന്ന് രാഷ്ട്രീയപാർട്ടികൾ ബഡായി പറയുമ്പോഴും വിദ്യാർഥികൾക്കിടയിലും മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം വർധിക്കുകയാണ്. ഇതിനെതിരെ ഒന്നിച്ചുപോരാടാതെ വിദ്യാർഥി സംഘടനകൾ മറ്റുചില മോശം കാര്യങ്ങളിൽ ഐക്യപ്പെടുന്ന കാഴ്ചയാണ് അടുത്തകാലത്ത് കണ്ടുവരുന്നത്. പാഠപുസ്തകത്തിൽ ചടഞ്ഞുകൂടാതെ അതിനുപുറത്തെ വായനയുടെ വലിയ ലോകത്തേക്ക് കുട്ടികൾ ഇറങ്ങിച്ചെല്ലണമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂർ കോർപറേഷൻ പരിധിയിലെ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികളെ ചടങ്ങിൽ ആദരിച്ചു. മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ 500ൽ അധികം വിദ്യാർഥികളും മികച്ച വിജയം കൈവരിച്ച സ്കൂളുകളും പ്ലസ്ടു പരീക്ഷയിൽ മുഴുവൻ മാർക്ക് നേടിയ വിദ്യാർഥികളും ആദരവ് ഏറ്റുവാങ്ങി. മേയർ ടി.ഒ. മോഹനൻ അധ്യക്ഷത വഹിച്ചു. ബോക്സറും ധ്യാൻചന്ദ് പുരസ്കാര ജേതാവുമായ കെ.സി. ലേഖ, സർക്കസ് കുലപതി ജമിനി ശങ്കരൻ, ജെം ഇന്റർനാഷനൽ സ്കൂൾ ചെയർമാൻ എം.പി. ഹസ്സൻ കുഞ്ഞി തുടങ്ങിയവർ മുഖ്യാതിഥികളായി.
ഡെപ്യൂട്ടി മേയർ കെ. ഷബീന, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പി.കെ. രാഗേഷ്, പി. ഷമീമ, എം.പി. രാജേഷ്, പി. ഇന്ദിര, ഷാഹിന മൊയ്തീൻ, സുരേഷ്ബാബു എളയാവൂർ, മുസ്ലിഹ് മഠത്തിൽ, ടി. രവീന്ദ്രൻ, വി.കെ. ഷൈജു, വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്ര വ്യാസ്, കോർപറേഷൻ സെക്രട്ടറി വിനു സി. കുഞ്ഞപ്പൻ, അഡീഷനൽ സെക്രട്ടറി വി.വി. ലതേഷ് കുമാർ, ഡോ. സതീഷ് കുമാർ, ജെം ഇന്റർനാഷനൽ സ്കൂൾ സി.ഇ.ഒ എം.പി. യൂസഫ് തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.